KERALA

കോണ്‍ഗ്രസില്‍ ബ്രിട്ടാസിന് പ്രിയം തരൂരിനോട്

കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ യോഗ്യന്‍ തരൂര്‍ എന്ന് ബ്രിട്ടാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വെബ് ഡെസ്ക്

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം ചര്‍ച്ചയാകുന്നതിനിടെ ശശി തരൂരിനെ പിന്തുച്ച് സിപിഎം രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് രംഗത്ത്. ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷനായി കാണാനാണ് ആഗ്രഹമെന്ന് ജോണ്‍ ബ്രിട്ടാസ് പറയുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി താരതമ്യം ചെയ്യുമ്പോള്‍ തരൂരാണ് അധ്യക്ഷനാകാന്‍ നല്ലതെന്നാണ് ബ്രിട്ടാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ''ശശി തരൂരിന് അടിത്തട്ടില്‍ ബന്ധങ്ങളില്ലെന്നും പ്രവര്‍ത്തകരുമായി സൗഹൃദമില്ലെന്നും പാരമ്പര്യമില്ലെന്നും പറയുന്നതിനോട് യോജിക്കുന്നില്ല. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്തിയത് ഒരു കുടുംബത്തിന്റെ ഭാഗമായതുകൊണ്ട് മാത്രമാണ്''. - ബ്രിട്ടാസ് പറയുന്നു.

ഹൈക്കമാന്‍ഡിന് നോമിനി ഇല്ലെന്ന് അറിയിക്കുന്നുണ്ടെങ്കിലും അതിലൊരു വഞ്ചന ഒളിഞ്ഞിരിക്കുന്നുണ്ട്. എ കെ ആന്റണിയേയും അശോക് ഗെഹ്ലോട്ടിനേയും പോലുള്ള മുതിര്‍ന്ന നേതാക്കളും കേരളത്തില്‍ നിന്നുള്ള നേതാക്കളും ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച സാഹചര്യമാണ് ബ്രിട്ടാസ് ചൂണ്ടിക്കാട്ടുന്നത്. കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള അവസരമിതാണെന്നും തരൂരിനെ കാലുവാരുന്നവര്‍ കോണ്‍ഗ്രസിന്റെ തന്നെ കാലുവാരുകയാണെന്നും പറഞ്ഞാണ് ബ്രിട്ടാസ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനെ കുറിച്ചാണിത്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് ആഭ്യന്തര കാര്യമാണെന്ന് കോൺഗ്രസ് നേതാക്കൾ പോലും പറയുന്നില്ല. മറിച്ച് പൊതുജനങ്ങളെ ബാധിക്കുന്ന വിഷയമായതുകൊണ്ടാണല്ലോ കെ.സുധാകരനും വി.ഡി.സതീഷിനും കെ.മുരളീധരനുമൊക്കെ പരസ്യമായി പ്രതികരിക്കുന്നതും പത്രസമ്മേളനം നടത്തുന്നതുമൊക്കെ. സ്ഥാനാർത്ഥി ശശിതരൂർ എണ്ണമറ്റ അഭിമുഖങ്ങളും ആശയവിനിമയങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്. 9000+ അംഗങ്ങളുള്ള ഇലക്ട്രൽ കോളേജുമായി പുലബന്ധമില്ലാത്ത ഐഐടി വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിച്ചു.

ഒരു കാര്യം പറയുമ്പോൾ കോൺഫ്ലിറ്റ് ഓഫ് ഇന്ററസ്റ്റ് വ്യക്തമാക്കണം എന്നതാണല്ലോ ചട്ടം. ശശിതരൂരിനോട് എനിക്ക് ബഹുമാനവും ഇഷ്ടവുമാണ്. ഞങ്ങൾ ഒരു പാർലമെന്ററി കമ്മിറ്റിയിൽ പ്രവർത്തിക്കുന്നവരാണ്. പല കാര്യങ്ങളെ കുറിച്ചും തുറന്നു സംസാരിക്കാറുണ്ട്. ഞാൻ അംഗമായ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാണ് മല്ലികാർജ്ജുൻ ഖാർഗെ. അദ്ദേഹത്തിന്റെ പരിഗണനയ്ക്കും വാൽസല്യത്തിനും ഞാൻ പാത്രമായിട്ടുണ്ട്.

ശശിതരൂർ കോൺഗ്രസ് അദ്ധ്യക്ഷനായി കാണണമെന്നാണ് എന്റെ ആഗ്രഹം. രണ്ട് സ്ഥാനാർത്ഥികളെ താരതമ്യം ചെയ്യുമ്പോഴുള്ള നിഗമനമാണിത്. ശശിതരൂരിന് അടിത്തട്ടിൽ ബന്ധങ്ങളില്ല, പ്രവർത്തകരുമായി സൗഹൃദമില്ല, പാരമ്പര്യമില്ല എന്നൊക്കെ പറയുന്ന വാദത്തോട് എനിക്ക് യോജിപ്പില്ല. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷന്മാരായത് കേവലം ഒരു കുടുംബത്തിന്റെ ഭാഗമായതുകൊണ്ടാണ്. തരൂർ പറയുന്ന പലതിനോടും എനിക്ക് യോജിപ്പുണ്ട്. കോൺഗ്രസിന് ആശയപരമായും സംഘടനപരമായും ദൃഢതയുണ്ടാകണം, ഹൈക്കമാന്റ് സംസ്കാരം അവസാനിപ്പിക്കണം, സംസ്ഥാന ഘടകങ്ങൾക്ക് തീരുമാനമെടുക്കാനുള്ള അധികാരവും ആ തീരുമാനത്തിന്റെ ഉത്തരവാദിത്വവും നൽകണം എന്നിങ്ങനെ കുറേ കാര്യങ്ങൾ അദ്ദേഹം പറയുന്നുണ്ട്. മല്ലികാർജ്ജുൻ ഖാർഗെ തൽസ്ഥിതി തുടരുന്നതിന്റെയും താൻ മാറ്റത്തിന്റെയും പ്രതീകങ്ങളാണെന്നുള്ള തരൂരിന്റെ വാദത്തോടാണ് എനിക്ക് യോജിപ്പ്.

ഹൈക്കമാന്റ് ത്രയത്തിന് – സോണിയ, രാഹുൽ, പ്രിയങ്ക - നോമിനി ഇല്ലെന്ന വാദം ശരിയല്ല. മൂവരും തന്നോട് ഇങ്ങനെയാണ് പറഞ്ഞത് എന്ന് തരൂർ പറയുന്നുണ്ടെങ്കിലും അതിലൊരു വഞ്ചന ഒളിഞ്ഞിരിക്കുന്നുണ്ടെന്നതിൽ തർക്കമില്ല. എ.കെ.ആന്റണി മുതൽ അശോക് ഗഹല്ലോട്ട് വരെയുള്ളവർ ഖാർഗെയ്ക്ക് വേണ്ടിയാണ് ഒപ്പു ചാർത്തിയത്. കേരളത്തിൽ പോലും ഉമ്മൻചാണ്ടി, ചെന്നിത്തല, സുധാകരൻ, സതീശൻ തുടങ്ങിയവർ ഖാർഗെക്കാണ് പിന്തുണ നൽകുന്നത്.

പി.ചിദംബരത്തിന്റെ വാക്കുകൾ ശ്രദ്ധിക്കേണ്ടതാണ്; ആര് അദ്ധ്യക്ഷനായാലും ലീഡർ രാഹുൽഗാന്ധി ആയിരിക്കും. കുടുംബം പറയാതെയോ ആഗ്രഹിക്കാതെയോ ഇത് നടക്കില്ലെന്നത് വ്യക്തം.

കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു അവസരമായിരുന്നു അദ്ധ്യക്ഷ തെരഞ്ഞെടുപ്പ്. തരൂരിനെ കാലുവാരുന്നതിൽ വിജയിക്കാം, എന്നാൽ അത് കോൺഗ്രസിന്റെ തന്നെ കാലു വാരുന്നതിനു തുല്യമാണെന്നാണ് എന്റെ അനുമാനം....

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ