KERALA

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

കൈരളി ടിവി ഓഫിസില്‍ ഇരിക്കുമ്പോള്‍ അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ വിളിക്കുകയും തന്നോട് സംസാരിക്കുകയുമായിരുന്നു

വെബ് ഡെസ്ക്

സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ താന്‍ ഇടനില നിന്നെന്ന മനോരമ തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി കൈരളി ടിവി എംഡിയും എംപിയുമായ ജോണ്‍ ബ്രിട്ടാസ്. താന്‍ സോളാര്‍ സമരവുമായി ബന്ധപ്പെട്ട് ജോണ്‍ മുണ്ടക്കയത്തെ വിളിച്ചിട്ടില്ല. അദ്ദേഹം ഭാവനയില്‍നിന്ന് ഉണ്ടാക്കിയ കഥയാകാം ഇത്. സോളാര്‍ സമരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എത്തിയത് ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പായിരുന്നു.

കൈരളി ടിവി ഓഫിസില്‍ ഇരിക്കുമ്പോള്‍ അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ വിളിക്കുകയും തന്നോട് സംസാരിക്കുകയുമായിരുന്നു. എന്തു ഒത്തുതീര്‍പ്പിനും തയാറാണെന്നും സോളാര്‍ സമരം അവസാനിപ്പിക്കണമെന്നുമാണ് പറഞ്ഞത്.

സമരം അവസാനിപ്പിക്കാന്‍ സിപിഎം മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍ അറിയിച്ചാല്‍ മതിയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. തുടര്‍ന്നാണ് താന്‍ സിപിഎം നിര്‍ദേശപ്രകാരം പാര്‍ട്ടിയുടെ ആവശ്യങ്ങളുമായി തിരുവഞ്ചൂരിനെ കണ്ടത്. അപ്പോള്‍ ചെറിയാന്‍ ഫിലിപ്പും ഒപ്പമുണ്ടായിരുന്നു. സോളാര്‍ കേസ് സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫിസും ഉള്‍പ്പെടണമെന്നതായിരുന്നു പ്രധാന ആവശ്യം. ഒപ്പം, ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ പരസ്യമായി അറിയിക്കണമെന്നും. ഇതു സര്‍ക്കാര്‍ അംഗീകരിച്ചതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്.

ഈ സംഭവങ്ങളിലൊന്നും ജോണ്‍ മുണ്ടക്കയം ചിത്രത്തിലേ ഇല്ല. പിന്നെ എവിടുന്നാണ് ഈ കഥകള്‍ ലഭിച്ചതെന്ന് അറിയില്ല. അന്ന് മനോരമ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന ജോണ്‍ മുണ്ടക്കയം എന്തുകൊണ്ടാണ് അന്ന് ഇത്രയും വലിയ എക്‌സിക്ലൂസിവ് വാര്‍ത്ത സ്വന്തം പത്രത്തിൽ പ്രസിദ്ധീകരിക്കാതെ വിമരിച്ചശേഷം വാരികയില്‍ എഴുതിയതെന്നും ബ്രിട്ടാസ് ചോദിച്ചു. താന്‍ ഈ വിഷയങ്ങളില്‍ ഇടപപെട്ടത് മാധ്യമപ്രവര്‍ത്തകനായല്ല, മറിച്ച് സിപിഎം പ്രതിനിധിയെന്ന നിലയിലായിരുന്നെന്നും ബ്രിട്ടാസ്.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള എല്‍ഡിഎഫ് സമരം പെട്ടെന്ന് അവസാനിക്കാനുള്ള കാരണം സമകാലിക മലയാളം വാരിയിലെ ലേഖനപരമ്പരയിലൂടെയാണ് ജോണ്‍ മുണ്ടക്കയം വെളിപ്പെടുത്തിയത്.

കൈരളി ചാനല്‍ എംഡി ജോണ്‍ ബ്രിട്ടാസ് സമരം അവസാനിപ്പിക്കേണ്ടേയെന്ന് ചോദിച്ച് വിളിക്കുകയും പിന്നാലെയുള്ള സംഭവവികാസങ്ങളിലൂടെയാണ് സമരം അവസാനിപ്പിച്ചതെന്നുമാണ് ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍.

'സമകാലിക മലയാളം' വാരികയില്‍ പ്രസിദ്ധീകരിക്കുന്ന 'സോളാര്‍ ഇരുണ്ടപ്പോള്‍' എന്ന ജോണ്‍ മുണ്ടക്കയത്തിന്റെ ലേഖനപരമ്പരയുടെ മൂന്നാം ഭാഗത്തിലാണ് വെളിപ്പെടുത്തല്‍. 'രണ്ട് പത്രക്കാര്‍ അവസാനിപ്പിച്ച സോളാര്‍ സമരം' എന്ന മൂന്നാം ഭാഗത്തില്‍ കൊടുമ്പിരികൊണ്ട സമരം എങ്ങനെയാണ് അവസാനിക്കുന്നതെന്ന് തുറന്നുകാട്ടുകയാണ് ലേഖകന്‍.

''കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും പ്രവര്‍ത്തകരെ അണിനിരത്തി സിപിഎം സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിയ സമരം എങ്ങനെ പെട്ടെന്ന് അവസാനിപ്പിച്ചുവെന്നതിനെക്കുറിച്ച് പല സംശയങ്ങളും പല കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്നിരുന്നു. സത്യത്തില്‍ രണ്ട് പത്രലേഖകര്‍ തമ്മില്‍ നടത്തിയ ഒരു ഫോണ്‍ സംഭാഷണത്തില്‍ നിന്നുമായിരുന്നു അതിന്റ തുടക്കം,'' അദ്ദേഹം പറയുന്നു.

സമരത്തിന്റെ പുരോഗതി നിരീക്ഷിച്ച് ഓഫീസിലിരിക്കുകയായിരുന്ന തനിക്ക് പിണറായി വിജയന്റെ വിശ്വസ്തന്‍ കൂടിയായ ജോണ്‍ ബ്രിട്ടാസിന്റെ ഫോണ്‍ കോള്‍ വരികയായിരുന്നുവെന്ന് ജോണ്‍ മുണ്ടക്കയം പറയുന്നു. ''സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കേണ്ടേ?'' എന്നതായിരുന്നു ഫോണ്‍ കോളിലെ ചോദ്യമെന്നും അവസാനിപ്പിക്കണമെന്ന് തോന്നിത്തുടങ്ങിയോയെന്ന് താന്‍ തിരിച്ചു ചോദിച്ചുവെന്ന് പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുകളില്‍നിന്നുമുള്ള നിര്‍ദേശ പ്രകാരമാണു ബ്രിട്ടാസിന്റെ ഫോണ്‍ കോളെന്നു തനിക്കു മനസിലായെന്നും ജോണ്‍ പറയുന്നു.

''ഉടനെ പത്രസമ്മേളനം നടത്തി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ സമരം പിന്‍വലിക്കാന്‍ തയ്യാറാണെന്ന് ഉമ്മന്‍ ചാണ്ടിയെ അറിയിക്കാമോ എന്നായിരുന്നു ബ്രിട്ടാസിന്റെ അടുത്ത ചോദ്യം. ''ജുഡീഷ്യല്‍ അന്വേഷണം നേരത്തെ തന്നെ മുഖ്യമന്ത്രി പറഞ്ഞതാണല്ലോ,'' എന്നു ഞാന്‍ ചൂണ്ടിക്കാട്ടി. ''അതെ, അതു പത്രസമ്മേളനം വിളിച്ചുപറഞ്ഞാല്‍ മതി,'' എന്നു ബ്രിട്ടാസ്. നിര്‍ദേശം ആരുടേതാണെന്നു ഞാന്‍ ചോദിച്ചു. നേതൃതലത്തിലുള്ള തീരുമാനമാണെന്ന് ഉറപ്പുവരുത്തി. ശരി സംസാരിച്ചുനോക്കാമെന്നു പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു,'' ജോണ്‍ ലേഖനത്തില്‍ വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടിയെ വിളിച്ച് ബ്രിട്ടാസ് പറഞ്ഞ കാര്യം അറിയിച്ചുവെന്നും അദ്ദേഹം പറയുന്നു. പാര്‍ട്ടി തീരുമാനം ആണോയെന്ന് ചോദിച്ച ഉമ്മന്‍ ചാണ്ടി പി കെ കുഞ്ഞാലിക്കുട്ടിയെ വിളിച്ച് വിവരം പറയാമോയെന്നും ജോണിനോട് ചോദിച്ചതായി അദ്ദേഹം വ്യക്തമാക്കി.

''ഞാന്‍ കുഞ്ഞാലിക്കുട്ടിയെ വിളിച്ച് വിവരം പറഞ്ഞു. കുഞ്ഞാലിക്കുട്ടി തിരുവഞ്ചൂരിനെ ബന്ധപ്പെട്ടു. തിരുവഞ്ചൂര്‍ ബ്രിട്ടാസിനെയും തുടര്‍ന്നു കോടിയേരി ബാലകൃഷണനെയും വിളിച്ച് സംസാരിച്ചു. തുടര്‍ന്ന്, ഇടതു പ്രതിനിധിയായി എന്‍ കെ പ്രേമചന്ദ്രന്‍ യുഡിഎഫ് നേതാക്കളെ കണ്ടു. അതോടെ സമരം തീരാന്‍ അരങ്ങൊരുങ്ങി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. വൈകാതെ പത്രസമ്മേളനം നടത്തി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മിനുറ്റുകള്‍ക്കുള്ളില്‍ സമരവും പിന്‍വലിച്ചു,'' തലസ്ഥാനത്തെ പിടിച്ചുകുലുക്കിയ സമരം അവസാനിപ്പിച്ച കഥ ജോണ്‍ മുണ്ടക്കയം ഇങ്ങനെ പറഞ്ഞു നിര്‍ത്തി. ഇതിനു മറുപടിയുമായാണ് ഇപ്പോള്‍ ബ്രിട്ടാസ് രംഗത്തെത്തിയത്.

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും