കൊട്ടാരക്കര ആശുപത്രിയില്‍ ആക്രമണം നടത്തിയ സന്ദീപ് ഡോക്ടര്‍ വന്ദനയെ കൊലപ്പെടുത്തിയത് ബോധപൂര്‍വമെന്ന് സഹപ്രവര്‍ത്തകര്‍. പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നും വന്ദനയുടെ സഹപ്രവര്‍ത്തകര്‍ ആരോപിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ അസൗകര്യങ്ങളും വന്ദനയുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയെന്നും സഹപ്രവര്‍ത്തകര്‍ ആരോപിച്ചു. കാലാകാലം നീണ്ട വിചാരണയല്ല, ദ്രുതഗതിയിലുള്ള നടപടികളാണ് വേണ്ടതെന്ന് സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
താലൂക്ക് ആശുപത്രിയില്‍ അടിയന്തര ജീവന്‍രക്ഷാ സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. കുത്തേറ്റ് ശ്വാസകോശത്തിന് പരുക്കേറ്റ നിലയിലായിരുന്നു വന്ദന. ഇത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഒരു പക്ഷേ വന്ദനയുടെ ജീവന്‍ രക്ഷിക്കാനാകുമായിരുന്നു എന്നും സഹപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. പരുക്കേറ്റ വന്ദനയെ വിദഗ്ദ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നു. എമര്‍ജന്‍സി ഇന്‍ക്യൂബേഷന്‍ നല്‍കാനുള്ള സൗകര്യം താലൂക്ക് ആശുപത്രിയില്‍ തന്നെ ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ വന്ദന രക്ഷപ്പെട്ടേനെയെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
വന്ദനയെ ആക്രമിച്ച സന്ദീപ് അതിവിദഗ്ദമായാണ് ആയുധം കയ്യില്‍ ഒളിപ്പിച്ചത് എന്നും ഡോക്ടര്‍മാര്‍ ആരോപിച്ചു. നിന്നെയൊക്കെ കൊല്ലുമെടീ എന്ന് വിളിച്ചുപറഞ്ഞു കൊണ്ടാണ് പ്രതി ഓടിയടുത്തത്. പ്രതി ആദ്യം മുഷ്ഠി ചുരുട്ടി ഇടിക്കുന്നതായാണ് തോന്നിയത്. എന്നാല്‍ പിന്നീടാണ് കൈയ്യിലൊളിപ്പിച്ച ആയുധം ശ്രദ്ധയില്‍പ്പെട്ടതെന്നും സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കി. അക്രമ സംഭവങ്ങള്‍ പതിവായിട്ടും ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്ക് സുരക്ഷയൊരുക്കാന്‍ അധികാരികള്‍ ശ്രമിക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. 2022ല്‍ മാത്രം 137 ആക്രമണങ്ങളാണ് ഡോക്ടര്‍മാര്‍ക്ക് നേരെ ഉണ്ടായത്. പല ആശുപത്രികളിലും പ്രായമായി ക്ഷീണിച്ച് അവശരായവരെയാണ് സെക്യൂരിറ്റി ഗാര്‍ഡുകളായി നിമിച്ചിരിക്കുന്നത്. ആ രീതി മാറണമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
വന്ദനയെ ആക്രമിക്കുന്നതു കണ്ട പോലീസുകാര്‍ ആത്മരക്ഷാര്‍ഥം ഓടിയൊളിക്കുകയായിരുന്നു
സന്ദീപിനെ ആശുപത്രിയിലെത്തിച്ചതിലും ആക്രമണം തടയുന്നതിലും പോലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായതായും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. വന്ദനയെ ആക്രമിക്കുന്നതു കണ്ട പോലീസുകാര്‍ ആത്മരക്ഷാര്‍ഥം ഓടിയൊളിക്കുകയായിരുന്നു. വന്ദനയെ പ്രതിയില്‍ നിന്നും രക്ഷപെടുത്തിയത് മറ്റൊരു ഡോക്ടറാണ്. വന്ദനയെ തോളിലിട്ട് തിരിഞ്ഞു നടക്കുമ്പോഴും പ്രതി പിന്നില്‍ നിന്ന് ആക്രമിച്ചിരുന്നു. ഇത്രയും ചെയ്ത ശേഷം ശാന്തനായി മാറി ഇരിക്കുകയായിരുന്നു പ്രതി. നൂറു പേരെ ഇടിച്ചിടുന്ന സൂപ്പര്‍ ഹീറോയാകണം പോലീസെന്ന് പ്രതീക്ഷിക്കുന്നില്ല. പക്ഷേ ഒരു അക്രമം മുന്നില്‍ കണ്ടാല്‍ തടയാന്‍ അവര്‍ക്ക് സാധിക്കണമെന്നും ഡോക്ടര്‍മാര്‍ പ്രതികരിച്ചു.
ആശുപത്രിയിലെ ഒരു ബ്ലോക്കിന് വന്ദനയുടെ പേര് കൊടുക്കുന്നതോടുകൂടി ആ അച്ഛന്റെയും അമ്മയുടെയും കണ്ണീരുതോരില്ലെന്നും പ്രശ്‌നത്തിന് പരിഹാരമാകില്ല
കെജിഎംഒ സമരം പിന്‍വലിക്കുന്ന സമയത്ത് പല ആവശ്യങ്ങളും മുഖ്യമന്ത്രി അംഗീകരിച്ചിരുന്നു. എന്നാല്‍ എന്ന് പ്രാബല്യത്തില്‍ വരുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. കാലാകാലം നീണ്ട വിചാരണയല്ല, ദ്രുതഗതിയിലുള്ള നടപടികളാണ് വേണ്ടതെന്നും വന്ദനയുടെ സുഹൃത്തുക്കള്‍ പറഞ്ഞു. ആശുപത്രിയിലെ ഒരു ബ്ലോക്കിന് വന്ദനയുടെ പേര് കൊടുക്കുന്നതോടുകൂടി ആ അച്ഛന്റെയും അമ്മയുടെയും കണ്ണീരുതോരില്ലെന്നും പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നും ഡോക്ടര്‍മാര്‍ പ്രതികരിച്ചു.