മലയാള സിനിമയിലെ ഉള്ളറകളിലെ മൂല്യച്യുതികളിലേക്ക് വെളിച്ചം വീശി പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂടുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തില്‍ വെളിപ്പെടുത്തലുകളുമായി കൂടുതല്‍ പേര്‍ രംഗത്തെത്തുമ്പോഴും നടപടിയെടുക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്‌തു കഴിഞ്ഞു എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രതികരണം പോലും പുറത്തുവന്ന വിഷയങ്ങള്‍ കഴിഞ്ഞ കാര്യങ്ങളാണെന്നും നടപടി എടുത്തുകഴിഞ്ഞതുമാണെന്ന തരത്തിലായിരുന്നു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയ ഏതെങ്കിലും വനിത പരാതി നല്‍കാന്‍ തയാറായി മുന്നോട്ടു വന്നാല്‍ സര്‍ക്കാരില്‍ നിന്ന് ഉചിതമായ ഇടപെടലുണ്ടാകുമെന്നാണ് വിഷത്തില്‍ മുഖ്യമന്ത്രി നടത്തിയ ആദ്യ പ്രതികരണം. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ എത്ര ഉന്നതനായാലും നിയമത്തിനു മുന്നിലെത്തിക്കും. അതില്‍ ഒരു തരത്തിലുള്ള സംശയവും ആര്‍ക്കും വേണ്ടതില്ല. സര്‍ക്കാരിന് ഇതുവരെ ലഭിച്ച പരാതികളിന്മേല്‍ കൃത്യമായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും, ഇനിയും അത് തുടരുമെന്നും പറഞ്ഞ മുഖ്യമന്ത്രി തുല്യവേതനമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും വ്യക്തമാക്കുന്നു. ഗുരുതരമായ ആരോപണങ്ങളും കണ്ടെത്തലുകളും നിറഞ്ഞ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പലവിഷയങ്ങളിലും വിശദമായ ഇടപെടല്‍ ആവശ്യമാണെന്നിരിക്കെ കോണ്‍ക്ലേവ് സംഘടിപ്പിച്ച് നയരൂപീകരണം നടത്തുമെന്ന പ്രഖ്യാപനത്തോടെ എല്ലാം അവസാനിക്കുമോ എന്ന ചോദ്യം ബാക്കിയാണ്.
റിപ്പോര്‍ട്ട് സര്‍ക്കാര്‍ നാലരവര്‍ഷം പൂഴ്ത്തിവച്ചു എന്ന ആരോപണങ്ങളെ തള്ളിയ മുഖ്യമന്ത്രി സാങ്കേതികമായ കാരണങ്ങള്‍ മാത്രമാണ് ഇതിന് ന്യായീകരിക്കാന്‍ നിരത്തിയത്. സിനിമ മേഖല മൊത്തം കുത്തഴിഞ്ഞതാണെന്ന അഭിപ്രായം സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുകയും ചെയ്യുന്നു. അഭിനേതാക്കള്‍ എല്ലാം അസാന്‍മാര്‍ഗികള്‍ ആണെന്ന അഭിപ്രായം സര്‍ക്കാരിനില്ല. ജസ്റ്റിസ് ഹേമ 2020ൽ സർക്കാരിന് നൽകിയ കത്തിൽ ആളുകളുടെ സ്വകാര്യത പരിഗണിച്ച് റിപ്പോർട്ട് പുറത്ത് വിടരുതെന്ന് പറഞ്ഞിരുന്നു എന്നും 2024 ല്‍ ഈ ഉത്തരവ് തിരുത്തിയെങ്കിലും പിന്നാലെ നിയമ തടസങ്ങള്‍ ഉണ്ടായെന്നുമാണ് കാലതാമസത്തോടുള്ള ചോദ്യങ്ങളെ സര്‍ക്കാര്‍ പ്രതിരോധിച്ചത്.
നടി ആക്രമിക്കപ്പെട്ട സംഭവം ഉള്‍പ്പെടെ ചലച്ചിത്ര രംഗത്തു ഉയര്‍ന്ന ഒരു വിഷയവും നിയമ നടപടി ഇല്ലാതെ പോയിട്ടില്ലെന്നും മുഖ്യമന്ത്രി പറയുന്നു. അടുത്തിടെ നടന്ന സംഭവങ്ങളെ എടുത്തുപറഞ്ഞും മുഖ്യമന്ത്രി സര്‍ക്കാര്‍ നടപടികള്‍ വിശദീകരിച്ചു.
പീഡന പരാതികളില്‍ നടിമാര്‍ നല്‍കുന്ന പരാതികളില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ പോലീസ് ഒരു ഘട്ടത്തിലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. സിനിമയില്‍ അവസരം നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് ഒരു സംവിധായകന്‍ പീഡിപ്പിച്ചു എന്ന് ഒരു സ്ത്രീ കഴിഞ്ഞ വര്‍ഷം പരാതി നല്‍കി. ഉടനടി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിനിമയില്‍ അഭിനയിപ്പിക്കാം എന്ന് വാഗ്ദാനംചെയ്ത് പീഡനം നടത്തിയ പ്രമുഖ നടനെതിരെ കേസെടുത്തു. നടിയോട് ലൈംഗിക താല്‍പ്പര്യത്തോടെ സമ്മര്‍ദ്ദം ചെലുത്തിയ മറ്റൊരു നടനെതിരെയും കേസെടുത്തു. പോക്സോ കേസില്‍ മറ്റൊരു നടനെതിരെയും,പീഡന പരാതിയില്‍ മറ്റൊരു സംവിധായകനെതിരെയും കേസെടുത്തത് സമീപ കാലത്താണ്.
ഇത് മാത്രമല്ല സിനിമക്കുള്ളിലെ സാമ്പത്തിക വഞ്ചന, പകര്‍പ്പവകാശ ലംഘനം സൈബര്‍ അധിക്ഷേപം തുടങ്ങിയ പല വിധ പരാതികളില്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് നല്‍കിയ പരാതിയില്‍ പഴയൊരു സംവിധാകനെതിരെ ഐടി ആക്റ്റ് പ്രകാരവും, ജീവന് ഭീഷണി ഉണ്ടെന്ന് കാട്ടി പ്രമുഖയായ നടി നല്‍കിയ പരാതിയില്‍ പ്രസിദ്ധനായ മറ്റൊരു പരസ്യ സംവിധായനെതിരെയും കേസെടുത്തു. നടിയെ ഫോണിലൂടെ തുടര്‍ച്ചയായി ശല്യം ചെയ്ത സംഭവത്തില്‍ വേറൊരു സംവിധായനെതിരെ കേസെടുത്തു. ഇങ്ങനെ പരാതി ലഭിച്ച എല്ലാകേസിലും മുഖം നോക്കാതെയുള്ള നടപടിയാണ് പോലീസ് സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറയുന്നു. ഇതിലെ ഏതെങ്കിലും വിഷയം കേസെടുത്ത് അന്വേഷിക്കണമെന്ന ശുപാര്‍ശ ഹേമ കമ്മിറ്റി വെച്ചിട്ടില്ല എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഓര്‍മിപ്പിക്കുന്നു.
മലയാള സിനിമയുടെ ആകാശങ്ങള്‍ മുഴുവന്‍ ദുരൂഹത നിറഞ്ഞതാണ് എന്ന ആമുഖത്തോടെയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ആരംഭിക്കുന്നത്. റിപ്പോര്‍ട്ടില്‍ നടിമാര്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങള്‍ക്ക് അപ്പുറത്ത് പറയുന്നതെല്ലാം തൊഴില്‍ ചൂഷണങ്ങളെ കുറിച്ചാണെന്നത് മറ്റൊരു വസ്തുത. കലാകാരന്‍മാര്‍ എന്നതിനപ്പുറം ഒരു തൊഴില്‍ മേഖലായായ സിനിമ വ്യവസായത്തില്‍ നല്‍കുന്ന ഭക്ഷണത്തില്‍ പോലും വിവേചനം നിലനില്‍ക്കുന്നു എന്നതില്‍ അന്വേഷണം ആവശ്യമില്ലെന്ന നിലപാട് തീര്‍ത്തും തൊഴിലാളി വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടാതിരിക്കാനാകില്ല.
മലയാള സിനിമയിലെ പവര്‍ ഗ്രൂപ്പ് എന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്ന വിഷയമാണ് മറ്റൊന്ന്. സംസ്ഥാനത്തെ മന്ത്രിയെ പോലും സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്ന തരത്തിലാണ് നിലവിലെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഇതു സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കും വരും ദിവസങ്ങളില്‍ സര്‍ക്കാരും ബന്ധപ്പെട്ടവരും ഉത്തരം നല്‍കേണ്ടിവരും. നടന്ന കുറ്റങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കും എന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍ ഇത്തരം സംഭവങ്ങളിലെ വേട്ടക്കാര്‍ സര്‍വശക്തരായി തുടരുകയും ഇരകള്‍ ഏറ്റുവാങ്ങിയ വേദനങ്ങള്‍ സഹിച്ച് കഴിയേണ്ടിവരുമെന്ന സന്ദേശം കൂടിയാണ് നല്‍കുന്നത്.
ഹേമ കമ്മിറ്റി ജുഡീഷ്യല്‍ കമ്മിഷന്‍ അല്ലാത്തതിനാല്‍ വ്യക്തിപരമായ പരാതി ഇല്ലാതെ നിയമനടപടി സാധ്യമല്ലെന്നാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന വാദം. സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള പ്രതികരണങ്ങളും സമാനമാണ്. എന്നാല്‍, ഗുരുതരമായ കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും ഇതിനെ സാധൂകരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ചിട്ടുണ്ട് എന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. കുറ്റകൃത്യം നടന്നു എന്ന് ബോധ്യമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഏതു പോലീസ് സ്റ്റേഷനിലും സീറോ എഫ്ഐആര്‍ ഇടാന്‍ പുതിയ ഭാരതീയ ന്യായ സംഹിതയില്‍ വകുപ്പുണ്ടെന്ന് ഒരുവിഭാഗം വിദഗ്ധര്‍ വ്യക്തമാക്കുന്നു.
മൊഴി നല്‍കിയവരുടെ സ്വകാര്യത ഇതിനു തടസമാകില്ലെന്നും സ്വകാര്യത ഉറപ്പുവരുത്തിക്കൊണ്ട് കുറ്റക്കാര്‍ക്കെതിരെ നിയമനടപടിക്ക് സര്‍ക്കാരിനു സാധിക്കുമെന്നുമാണ് ഇവര്‍ വ്യക്തമാക്കുന്നത്. ഇതുകൂടാതെ, തങ്ങള്‍ നേരിട്ട പീഡനത്തില്‍ മൊഴിനല്‍കാന്‍ തയാറായവരുണ്ടോയെന്നു പോലും സര്‍ക്കാര്‍ ഇത്രയും കാലം പരിശോധിച്ചിരുന്നില്ല എന്നതും ഗുരുതരമായ വീഴ്ചയായി വിദഗ്ധര്‍ വിലയിരുത്തുന്നു. കുറ്റകൃത്യം നടന്നെന്ന വിവരം ലഭിച്ചാല്‍ നിയമനടപടി ആരംഭിക്കണെന്നാണ് സുപ്രീം കോടതി നിര്‍ദേശമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.