കേരള മനഃസാക്ഷിയുടെ നൊമ്പരമായ മധുവിന്റെ കേസില്‍ ഒടുവിൽ കോടതിയുടെ തീര്‍പ്പ്. അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഒട്ടേറെ പ്രതിസന്ധികളെ മറികടന്നായിരുന്നു മധു കേസിന്റെ വിചാരണ. ഒരു ഘട്ടത്തില്‍ കേസ് എങ്ങുമെത്താതെ കൈവിട്ട് പോകുമെന്ന സ്ഥിതിയില്‍നിന്ന് പ്രതികളെ കുറ്റക്കാരെന്ന് സ്ഥാപിക്കും വിധം തെളിവുകളും സാക്ഷിമൊഴികളും നിരത്താന്‍ പ്രോസിക്യൂഷനായി എന്നതാണ് കേസില്‍ വഴിത്തിരിവായത്.
പട്ടിണി മാറ്റാന്‍ ഒരു നേരത്തെ ഭക്ഷണം മോഷ്ടിച്ചുവെന്ന കുറ്റമാരോപിച്ച് ആള്‍ക്കൂട്ടം അതിക്രൂരമായി മര്‍ദിച്ച് മധുവിനെ കൊന്നത് 2018 ഫെബ്രുവരി 22നാണ്. അതിവേഗം പ്രതിപ്പട്ടിക തയ്യാറാക്കിയെങ്കിലും തുടർന്ന് കേസിന്റെ വഴിയില്‍ നിരവധി തടസ്സങ്ങളായിരുന്നു.
16 പേരെ പ്രതിചേര്‍ത്തായിരുന്നു പോലീസ് കേസ്. മധു കൊല്ലപ്പെട്ട് നാല് വര്‍ഷത്തിലേറെയെടുത്തു കേസില്‍ വിചാരണ തുടങ്ങാന്‍. പോലീസ് കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ വിചാരണ കോടതിയില്‍ സ്ഥിരം ജഡ്ജി ഉണ്ടായിരുന്നില്ല
16 പേരെ പ്രതിചേര്‍ത്തായിരുന്നു പോലീസ് കേസ്. മധു കൊല്ലപ്പെട്ട് നാല് വര്‍ഷത്തിലേറെയെടുത്തു കേസില്‍ വിചാരണ തുടങ്ങാന്‍. പോലീസ് കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ വിചാരണ കോടതിയില്‍ സ്ഥിരം ജഡ്ജി ഉണ്ടായിരുന്നില്ല. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ സര്‍ക്കാരില്‍ നിന്നുണ്ടായ താൽപ്പര്യക്കുറവായിരുന്നു മറ്റൊരു പ്രതിസന്ധി.
കേസില്‍ ഇതേവരെ നാല് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെയാണ് നിയമിച്ചത്. ആദ്യം നിയമിച്ച രണ്ടു പേരും അടിസ്ഥാനസൗകര്യങ്ങള്‍ ലഭിക്കാത്തതിന്റെ പേരില്‍ ഒഴിഞ്ഞുപോയി. പ്രോസിക്യൂട്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വേതനവും ഇവരുടെ ഒഴിഞ്ഞുമാറലിന് കാരണമായി. മൂന്നാമതായി നിയമിച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കേസില്‍ താൽപ്പര്യം കാണിക്കുന്നില്ലെന്ന വിമര്‍ശനമുണ്ടായി. 2022ല്‍ വിചാരണ ആരംഭിച്ചശേഷം 22 തവണ വിചാരണ നടന്നിട്ടും രണ്ട് തവണ മാത്രമാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാര്‍ ഹാജരായിരുന്നത്. തുടര്‍ന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം ശക്തമായി.
അപ്പോഴേക്കും നിരവധി സാക്ഷികള്‍ കൂറുമാറിയത് കേസിനെ പ്രതികൂലമായി ബാധിച്ചു. വിചാരണാവേളയിലെ തുടര്‍ച്ചയായ കൂറുമാറ്റമെന്ന അനീതിയും മധു കേസിലെ അപൂര്‍വതയായി. വാദിഭാഗത്തിന്റെ 127 സാക്ഷികളില്‍ 24 സാക്ഷികള്‍ കേസില്‍ കൂറുമാറി. ജാമ്യം ലഭിച്ച പ്രതികള്‍ സാക്ഷികളുമായി നിരന്തരം ഇടപെട്ടിരുന്നുവെന്നത് കൂറുമാറ്റത്തിന് ശക്തികൂട്ടി. 63 തവണയാണ് പ്രതികള്‍ സാക്ഷികളുമായി ഫോണില്‍ ബന്ധപ്പെട്ടത്. എന്നാല്‍ സാക്ഷികള്‍ക്ക് പോലീസ് സംരക്ഷണം ഉറപ്പാക്കിയതോടെ ഇതില്‍ രണ്ട് പേര്‍ കേസിന് അനുകൂലമായി മൊഴി നല്‍കി.
മുക്കാലി, ആനമൂളി, കള്ളമല പരിസരത്തുള്ള 16 പേരായിരുന്നു കേസില്‍ പ്രതികള്‍. 127 പേരില്‍ 103 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. ഭീഷണിയെത്തുടര്‍ന്ന് മധുവിന്റെ കുടുംബത്തിനും സാക്ഷികള്‍ക്കും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
മധു കൊല്ലപ്പെട്ട് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതിസന്ധികള്‍ മറികടന്ന് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതിയില്‍ വിചാരണ പൂര്‍ത്തിയായത്. 16ല്‍ 14 പേരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.
വിചാരണ തുടങ്ങിയെങ്കിലും തുടര്‍ച്ചയായ കൂറുമാറ്റമുണ്ടായതോടെ കുടുംബം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ സമീപിച്ച് രാജേഷ് എം മേനോനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയി നിയമിക്കണമെന്ന് ആവശ്യപ്പെട്ടു. അതോടെ ഒരിക്കല്‍ കൈവിട്ടുപോകുമെന്ന് തോന്നിയ കേസ് വാദിഭാഗത്തിന് തിരിച്ചുപിടിക്കാനായി.
മധു കൊല്ലപ്പെട്ട് അഞ്ച് വര്‍ഷത്തിനുശേഷമാണ് പ്രതിസന്ധികള്‍ മറികടന്ന് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതിയില്‍ വിചാരണ പൂര്‍ത്തിയായത്. 16ല്‍ 14 പേരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഒന്ന്, രണ്ട്, മൂന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒൻപത്, പത്ത്, പന്ത്രണ്ട്, പതിമൂന്ന്, പതിനാല്, പതിനഞ്ച്, പതിനാറ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതി ഹുസൈന്‍, രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒൻപതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീര്‍ എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുള്‍ കരീം എന്നിവരെ വെറുതെവിട്ടു.
304(2) സെക്ഷന്‍ പ്രകാരം പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍. കുറ്റക്കാര്‍ക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും.