തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ കെ ബാബു എംഎല്‍എയ്ക്ക് ആശ്വാസം. എം സ്വരാജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച യു ഡിഎഫ് സ്ഥാനാര്‍ഥി കെ ബാബു തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മതചിഹ്നം ഉപയോഗിച്ചുവെന്ന് കാണിച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. കെ ബാബുവിന്‍റെ തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഇടത് സ്ഥാനാര്‍ഥിയായിരുന്ന എം സ്വരാജ് നൽകിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി ജി അജിത് കുമാര്‍ വിധി പറഞ്ഞത്.
ഹര്‍ജിയില്‍ പറഞ്ഞ ആക്ഷേപങ്ങള്‍ തെളിയിക്കാൻ കഴിഞ്ഞില്ല, വോട്ടർമാർക്ക് സ്ലിപ്പ് നൽകി എന്നതിന് തെളിവില്ല, സാക്ഷിമൊഴി സാധൂകരിക്കുന്ന തെളിവില്ല, സാക്ഷിമൊഴികൾ മാത്രമായി പരിഗണിക്കാൻ കഴിയില്ല, എം സ്വരാജ് ഹാജരാക്കിയ സാക്ഷികൾക്ക് വിശ്വാസ്യതയില്ല എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
ശബരിമല അയ്യപ്പന്റെ പേരു പറഞ്ഞ് കെ ബാബു വോട്ടു പിടിച്ചത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും 'അയ്യപ്പനൊരു വോട്ട്' എന്ന സ്ലിപ്പുകൾ വിതരണം ചെയ്തെന്നും ചൂണ്ടിക്കാട്ടിയാണ് സ്വരാജ് തിരഞ്ഞെടുപ്പ് ഹര്‍ജി നൽകിയത്. തനിക്കു വോട്ടു നൽകിയാൽ ദേവ പ്രീതിയുണ്ടാവില്ലെന്ന് ബാബുവും യുഡിഎഫ് പ്രവർത്തകരും മണ്ഡലത്തിൽ വ്യാപകമായി പ്രചരിപ്പിച്ചെന്നും ഹര്‍ജിയിൽ ആരോപിച്ചിരുന്നു.
'തൃപ്പൂണിത്തുറ മണ്ഡലത്തിൽ ശബരിമല അയ്യപ്പനും സ്വരാജും തമ്മിലാണ് മത്സരം' എന്ന് പ്രചാരണം നടത്തിയെന്നും അയ്യപ്പന്റെ പേരു പരാമർശിച്ച് ചുവരെഴുത്തുകൾ നടത്തി എന്നീ ആരോപണങ്ങളും ഹര്‍ജിയിൽ ഉന്നയിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി വോട്ടർമാർക്ക് അയ്യപ്പന്റെ ചിത്രം അച്ചടിച്ച സ്ലിപ്പുകൾ വിതരണം ചെയ്തെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്ന് വ്യക്തമാക്കി. എന്നാൽ വോട്ടു ചെയ്താൽ ദേവ പ്രീതിയുണ്ടാവില്ലെന്ന് പ്രചരിപ്പിച്ചെന്നും മതത്തിന്റെ പേരിൽ വോട്ടു ചെയ്യാൻ വോട്ടർമാരെ നിർബന്ധിച്ചെന്നുമുള്ള വാദങ്ങൾ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി തള്ളിയിരുന്നു.
ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് കെ ബാബു പ്രതികരിച്ചു. പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്നതാണ് തീരുമാനം. ഇനിയെങ്കിലും അനാവശ്യ വ്യവഹാരങ്ങള്‍ ഒഴിവാക്കണം എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിചിത്ര വിധി എന്നായിരുന്നു സ്വരാജിന്റെ പ്രതികരണം. വിധി പകര്‍പ്പ് കിട്ടിയ ശേഷം മറ്റ് നടപടികള്‍ ആലോചിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപുള്ള ദിവസമാണ് മണ്ഡലത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ലിപ്പ് വിതരണം ചെയ്തത്. സ്ലിപ്പില്‍ അയ്യപ്പന്റെ ഫോട്ടോയും കൈപ്പത്തി ചിഹ്നവും ഉണ്ടായിരുന്നു. ഏപ്രിൽ 5ന് സ്ലിപ് സംബന്ധിച്ച് ത്യപ്പൂണിത്തുറ എസ്‌ഐക്ക് സ്വരാജ് പരാതി നല്‍കി. പിന്നീട് അന്വോഷണം മുന്നോട്ട് പോയില്ല. അപ്പോഴേക്കും ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഈ കേസ് ഫയലിൽ സ്വീകരിക്കണമോയെന്ന കാര്യത്തിൽ വാദം നടത്തി. പിന്നീട് ഫയലിൽ സ്വീകരിക്കാന്‍ തീരുമാനിച്ചെങ്കിലും കെ ബാബു ഇതിനെതിരെ സുപ്രിം കോടതിയെ മസീപിച്ചു.
ഹര്‍ജി തള്ളിയ സുപ്രീംകോടതി, ഹൈക്കോടതിയോട് വാദം കേള്‍ക്കാന്‍ നിര്‍ദേശിച്ചു. സ്വരാജ് സാക്ഷികളായി ചൂണ്ടിക്കാട്ടിയ ആറ് വോട്ടര്‍മാരേയും തൃപ്പൂണിത്തുറ എസ്‌ഐയേയും സ്ലിപ്പ് നല്‍കിയെന്ന് ആരോപണം നേരിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും ഹൈക്കോടതി വിസ്തരിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ ആരോപണം കോടതിയില്‍ നിഷേധിച്ചു. തിരഞ്ഞെടുപ്പിന് നടക്കുന്നതിന് മുന്‍പ് പരാതി നല്‍കിയെന്നതാണ് കോടതി പ്രധാനമായും പരിശോധിച്ചത്.