കാത്തിരിപ്പിനൊടുവില്‍ കേരളത്തിന്റെ അതിവേഗ ഇന്റര്‍നെറ്റ് സംവിധാനമായ കെ ഫോൺ യാഥാർഥ്യമാകുന്നു. കെഫോണ്‍ പദ്ധതി ജൂണ്‍ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആദ്യ ഘട്ടത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 14,000 വീടുകളിലും 30,000ത്തില്‍പരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമാകും കെ ഫോണിന്റെ ഇന്റര്‍നെറ്റ് സേവനം ലഭ്യമാവുക.
ജൂണ്‍ അഞ്ചിന് വൈകുന്നേരം നാല് മണിക്ക് നിയമസഭാ കോംപ്ലക്‌സിലെ ആര്‍ ശങ്കര നാരായണന്‍ തമ്പി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി കെ ഫോണ്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെ എന്‍ ബാലഗോല്‍ കെഫോണ്‍ കൊമേഷ്യല്‍ വെബ് പേജും, മന്ത്രി എം ബി രാജേഷ് മൊബൈല്‍ ആപ്ലിക്കേഷനും ലോഞ്ച് ചെയ്യും. വൈദ്യുതമന്ത്രി കെ കൃഷ്ണന്‍കുട്ടി കെഫോണ്‍ മോഡം പ്രകാശനവും നിര്‍വഹിക്കും.
നിലവില്‍ ഇന്‍സ്റ്റാളേഷന്‍ പൂര്‍ത്തീകരിച്ച് 26,492 സര്‍ക്കാര്‍ ഓഫീസുകളില്‍ 17,354 ഇടത്ത് ഇന്റര്‍നെറ്റ് സേവനം ലൈവാണ്. ജൂണ്‍ അവസാനത്തോടെ നിലവില്‍ ലഭിച്ചിരിക്കുന്ന പട്ടികയനുസരിച്ച് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കണക്ഷന്‍ എത്തിക്കുമെന്നും കെ ഫോണ്‍ അധികൃതര്‍ വ്യക്തമാക്കുന്നു. ഏഴായിരത്തിലധികം വീടുകളിലേക്ക് കണക്ഷന്‍ നല്‍കാനാവശ്യമായ കേബിള്‍ വലിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ആയിരത്തിലധികം ഉപഭോക്താക്കള്‍ നിലവില്‍ കെഫോണിനുണ്ട്. 2023 ഓഗസ്റ്റോടുകൂടി ആദ്യഘട്ടം പൂര്‍ത്തീകരിച്ച് വാണിജ്യ കണക്ഷന്‍ നല്‍കുന്നതിനുള്ള നടപടികളിലേക്ക് കടക്കും. ആദ്യ വര്‍ഷം രണ്ടരലക്ഷം വാണിജ്യ കണക്ഷനുകള്‍ നല്‍കാമെന്നാണ് കണക്കുകൂട്ടല്‍. ഇതുവഴി പദ്ധതി ലാഭത്തിലാക്കാന്‍ സാധിക്കുമെന്ന് കെഫോണ്‍ അധികൃതര്‍ വ്യക്തമാക്കുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പട്ടികയനുസരിച്ച് ആദ്യ ഘട്ടത്തില്‍ ഒരു നിയമസഭാ മണ്ഡലത്തിലെ നൂറു വീടുകള്‍ എന്ന നിലയിലാണ് കെഫോണ്‍ കണക്ഷന്‍ നല്‍കുന്നത്. കേരളത്തിലുടനീളം 40 ലക്ഷത്തോളം ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കാന്‍ പര്യാപ്തമായ ഐടി ഇന്‍ഫ്രസ്ട്രക്ചര്‍ ഇതിനോടകം കെഫോണ്‍ സജ്ജീകരിച്ചിട്ടുണ്ട്. 20 എംബിപിഎസ് വേഗതയില്‍ മുതല്‍ ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാം. ആവശ്യാനുസരണം വേഗത വര്‍ധിപ്പിക്കാനും സാധിക്കും.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒരു കുടുംബം, വയനാട് പന്തലാടിക്കുന്ന് ആദിവാസി കോളനിയിലെ ആളുകള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, തിരഞ്ഞെടുത്ത ഒരു സര്‍ക്കാര്‍ സ്ഥാപനം എന്നിവരുമായി ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് മുഖ്യമന്ത്രി ഓണ്‍ലൈനായി കൂടിക്കാഴ്ച നടത്തും.