സംസ്ഥാനത്ത് 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് അതിവേഗ സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ- ഫോൺ പദ്ധതി ഉദ്‌ഘാടനം ജൂൺ അഞ്ചിന്. "എല്ലാവർക്കും ഇൻറർനെറ്റ് ' എന്ന സ്വപ്നം യാഥാർഥ്യമാക്കുന്ന കെ-ഫോൺ പദ്ധതി എൽഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതിയാണ്.
നിലവിൽ 18,000 ത്തോളം സർക്കാർ സ്ഥാപനങ്ങളിൽ കെ- ഫോൺ മുഖേന ഇൻറർനെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. കണക്ഷൻ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ 7,000 വീടുകളിൽ പൂർത്തീകരിച്ചിട്ടുണ്ട്. അതിൽ 748 വീടുകളിൽ കണക്ഷൻ നൽകി. ടെലികോം മേഖലയിലെ കോർപ്പറേറ്റ് ശക്തികൾക്കെതിരെയുള്ള ഇടതു സർക്കാന്റെ ജനകീയ ബദലാണ് കെ ഫോണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
വൈദ്യുതി, ഐടി വകുപ്പുകൾ വഴിയാണ് എൽഡിഎഫ് സർക്കാർ കെ- ഫോൺ പദ്ധതി വിഭാവനം ചെയ്യുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇൻറനെറ്റ് സൗകര്യം കെ- ഫോൺ മുഖേന ലഭ്യമാകും. കെ - ഫോൺ കേരളത്തിന്റെ സ്വന്തം ഇൻറർനെറ്റാണ്. സംസ്ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ശക്തവും കാര്യക്ഷമവുമാക്കാനും ഇ-ഗവേർണൻസ് സാർവത്രികമാക്കാനും പദ്ധതി സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തുടനീളം നഗര- ഗ്രാമ വ്യത്യാസമില്ലാതെ അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, കേരള സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് കെ- ഫോൺ. ഇന്റർനെറ്റ് ഒരു ജനതയുടെ അവകാശമാണ് എന്ന പ്രഖ്യാപനത്തോടെയാണ് ഒന്നാം പിണറായി സർക്കാർ കെ- ഫോൺ പദ്ധതിക്ക് രൂപം നൽകിയത്. കേരളത്തിൽ അത്രകണ്ട് വികസിക്കാത്ത ഫൈബർ ഒപ്റ്റിക് ശൃംഖല സുശക്തമായി സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പദ്ധതി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തന്നെ അതിവേഗം നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും പലവിധ തടസ്സങ്ങളിൽ പെട്ട് പദ്ധതി ഇഴയുകയായിരുന്നു. പിണറായി സർക്കാരിന്റെ രണ്ടാം വരവിലാണ് പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചത്.
1532 കോടി രൂപയാണ് പദ്ധതിയുടെ ചെലവായി സർക്കാർ കണക്കാക്കിയിട്ടുള്ളത്. കിഫ്ബിക്ക് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നിന്ന് 1061 കോടിയുടെ വായ്പ ലഭിച്ചിരുന്നു. ഇതിൽ 1061.73 കോടി രൂപ NIDA ലോണായി നബാർഡ് അംഗീകരിച്ചിട്ടുണ്ട്.
എ ഐ ക്യാമറാ പദ്ധതിക്ക് പിന്നാലെ കെ ഫോണിലും അഴിമതിയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. യഥാര്‍ഥ എസ്റ്റിമേറ്റ് തുകയേക്കാള്‍ 520 കോടിയോളം രൂപയാണ് ടെന്‍ഡര്‍ എക്സസായി നല്‍കിയതെന്നാണ് പ്രതിപക്ഷ നേതാവിന്‌റെ ആരോപണം. ഈ വിവാദങ്ങള്‍ക്കിടെയാണ് പദ്ധതി യാഥാര്‍ഥ്യമാകുന്നത്.