അയിത്ത പരാമര്‍ശത്തില്‍ തനിക്ക് വിശദീകരണവുമായി രംഗത്തു വന്ന യോഗക്ഷമസഭയ്ക്കും തന്ത്രി സമാജത്തിനും മറുപടിയുമായി മന്ത്രി കെ. രാധാകൃഷ്ണന്‍. താന്‍ ആദ്യമായല്ല അമ്പലത്തില്‍ പോകുന്നത് പരിപാടി നടന്നത് ക്ഷേത്രത്തിനുള്ളില്‍ അല്ല, പുറത്താണ്.
ദേവപൂജ കഴിയുന്നതുവരെ ആരെയും തൊടില്ല എങ്കില്‍ പൂജാരി പിന്നെ എന്തിന് പുറത്തിറങ്ങി. അങ്ങനെയെങ്കില്‍ മുഴുവന്‍ ശുദ്ധികലശം നടത്തണ്ടേ. മാസങ്ങള്‍ക്ക് ശേഷം അഭിപ്രായം പറഞ്ഞതില്‍ ഒരു ദുഷ്ടലാക്കും ഇല്ല. താന്‍ പ്രസംഗം നടത്തിയ ദിവസം രാവിലെ രണ്ടു വാര്‍ത്ത വായിച്ചു. ദളിത് വേട്ടയുടെ വാര്‍ത്തകളായിരുന്നു അത്. തുടര്‍ന്ന് നടന്ന പരിപാടിയില്‍ അനുഭവം പറഞ്ഞു എന്നേയുള്ളൂ. കണ്ണൂരിലെ വേദിയില്‍ തന്നെ താന്‍ പ്രതികരിച്ചിരുന്നു. അന്ന് അത് ചര്‍ച്ച ആയില്ല ചില സമയങ്ങളാണ് ചര്‍ച്ച ഉയര്‍ത്തി കൊണ്ടുവരുന്നത് എന്നും മന്ത്രി കെ. രാധാകൃഷ്ണന്‍.
നേരത്തേ, വിഷയത്തില്‍ പത്രക്കുറിപ്പുമായി അഖില കേരള തന്ത്രി സമാജം രംഗത്തുവന്നിരുന്നു. പൂജയ്ക്കായി ക്ഷേത്രത്തിലെത്തുന്ന പൂജാരി, ദേവപൂജ കഴിയുന്നത് വരെ ആരെയും സ്പര്‍ശിക്കാറില്ലെന്നും. അത് ബ്രാഹ്‌മണനെന്നോ അബ്രാഹ്‌മണനെന്നോ ഭേദമില്ലെന്നും ഇപ്പോള്‍ വിവാദമായ ഈ ക്ഷേത്രത്തിലും സംഭവിച്ചിട്ടുള്ളത് ഇത് തന്നെയാണെന്നും തന്ത്രി സജാവം വിശദീകരിച്ചിരുന്നു.
പ്രസ്തുത ദിവസം ക്ഷേത്രം തന്ത്രിയുടെ അഭാവത്തില്‍ അപ്പോള്‍ മാത്രം വിളക്കു കൊളുത്താന്‍ നിയുക്തനായ മേല്‍ശാന്തി പൂജയ്ക്കിടയിലാണ് വിളക്കു കൊളുത്താനായി ക്ഷേത്രമുറ്റത്തേക്ക് വരേണ്ടിവന്നത്. വിളക്ക് കൊളുത്തിയ ഉടന്‍ അദ്ദേഹം പൂജയ്ക്കായി മടങ്ങിപ്പോവുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രവൃത്തി ഒരിക്കലും അയിത്തം ആചരണത്തിന്റെ ഭാഗമായിട്ടല്ല. പൂജ മുഴുവനാക്കുക എന്ന അദ്ദേഹത്തിന്റെ കര്‍മം പൂര്‍ത്തീകരിക്കാനാണെന്നും തന്ത്രിസമാജം പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.