മോൻസൺ മാവുങ്കല്‍ കേസില്‍ ആരോപണങ്ങള്‍ നിഷേധിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മോന്‍സന്റെ ഇടപാടില്‍ തനിക്ക് നേരിട്ടോ അല്ലാതെയോ ബന്ധമില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും സുധാകരന്‍ വ്യക്തമാക്കി. പുരാവസ്തു തട്ടിപ്പ് കേസിൽ വഞ്ചനാക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കിയതിന് പിന്നാലെയാണ് സുധാകരന്റെ പ്രതികരണം.
കേസിൽപെട്ടത് എങ്ങനെയാണെന്ന് പഠിക്കുകയാണ്. ക്രൈംബ്രാഞ്ചിന്റെ നോട്ടീസ് കിട്ടിയത് മൂന്ന് ദിവസം മുൻപാണ്. നാളെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല. കോഴിക്കോട് വച്ച് നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കേണ്ടത് കൊണ്ടാണ് ഹാജരാകാത്തത്. ഈ വിവരം ക്രൈംബ്രാഞ്ചിനെ അറിയിക്കും. അത് അംഗീകരിച്ചില്ലെങ്കിൽ നിയമ സാധ്യത തേടുമെന്നും സുധാകരൻ വ്യക്തമാക്കി. മോൻസനുമായി ഒരു ബന്ധവും ഇല്ലെന്നും കണ്ണിന്റെ താഴെയുള്ള കറുപ്പ് മാറ്റാനാണ് മോന്‍സന്റെ വീട്ടില്‍ പോയതെന്നും സുധാകരൻ വ്യക്തമാക്കി. പിന്നീടാണ് വ്യാജ ഡോക്ടര്‍ ആണെന്ന് അറിഞ്ഞത്. മോൻസണ് ഒപ്പം ഫോട്ടോ എടുത്തതിൽ എന്താണ് പ്രശ്നമെന്ന് അദ്ദേഹം ചോദിച്ചു. പല വിഐപികളും മോൻസണ് ഒപ്പം ഫോട്ടോ എടുത്തിട്ടുണ്ട്. മോന്‍സണ്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞ് മാപ്പ് പറയുകയും ഉപദ്രവിക്കരുതെന്ന് അപേക്ഷിക്കുകയും ചെയ്തതിനാലാണ് അന്ന് കേസ് കൊടുക്കാതിരുന്നതെന്നും സുധാകരന്‍ പറഞ്ഞു. ഈ കാര്യങ്ങളൊക്കെ നേരത്തേ തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. കേസിൽപെടുത്തി ഭയപ്പെടുത്താനാണ് ശ്രമമെങ്കിൽ പിണറായി മുഢസ്വർഗത്തിലാണ്. അധികാരത്തിന്റെ മറവിൽ മുഖ്യമന്ത്രി നടത്തുന്ന കര്യങ്ങൾ അധികം താമസമില്ലാതെ പുറത്ത് കൊണ്ട് വരുമെന്നും, ജനമധ്യത്തിൽ മുഖ്യമന്ത്രിയെ വലിച്ച് കീറുമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴത്തെ ആരോപണങ്ങൾ തെളിയിച്ചാൽ രാഷ്ട്രീയ കുപ്പായം അഴിച്ച് വയ്ക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
പരാതിക്കാരുമായി ബന്ധമില്ല. നേരത്തെ തനിക്കെതിരെ പരാതിയില്ലായിരുന്നു. അതുകൊണ്ടാണ് എതിർ പരാതി നൽകാതിരുന്നത്. മാത്രമല്ല പരാതിയില്‍ പറയുന്ന സമയത്ത് താന്‍ പാർലമെന്റ് അംഗമല്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കള്ളക്കേസ് എടുക്കുകയാണ്. ഇങ്ങനെ രണ്ട് കേസ് കാട്ടി കോണ്‍ഗ്രസ് നേതാക്കളെ ഭയപ്പെടുത്താന്‍ നോക്കണ്ട. സത്യവും നീതിയും ഒപ്പമുള്ളതിനാല്‍ താന്‍ കേസിനെ ഭയക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
അതേസമയം, സുധാകരന് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രതി മോൻസൺ മാവുങ്കൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് വരെ നേരിട്ട് ബന്ധമുള്ള കേസാണിത്. എല്ലാ വിവരങ്ങളും ഇഡിക്ക് നൽകിയിട്ടുണ്ടെന്നും മോൻസൺ പറഞ്ഞു. കോടതിയിൽ ഹാജരാക്കാൻ വരുന്നതിനിടെയായിരുന്നു മോൻസന്റെ പ്രതികരണം. സുധാകരനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അൻവർ പ്രതികരിച്ചു.