സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ദേശാഭിമാനിക്കുമെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. മോൻസൺ മാവുങ്കൽ പ്രതിയായ പോക്‌സോ കേസുമായി ബന്ധപ്പെട്ട പരാമർശത്തിലാണ് എറണാകുളം സിജെഎം കോടതിയിൽ മാനനഷ്ടകേസ് നൽകിയത്. കെ സുധാകരൻ കോടതിയിൽ നേരിട്ടെത്തിയാണ് ഹർജി ഫയൽ ചെയ്തതത്.
പുരാവസ്‌തു തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കലിനെതിരായ പോക്‌സോ കേസിൽ കെ സുധാകരൻ കൂട്ടുപ്രതിയാണെന്ന് എം വി ഗോവിന്ദൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ദേശാഭിമാനി വാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു എം വി ഗോവിന്ദന്റെ ആരോപണം.
ഇതിൽ കൂടുതൽ തന്നെ അപമാനിക്കാൻ ഇല്ലെന്നും വിധി പറഞ്ഞ കേസിലാണ് തന്നെ മോശമായി ചിത്രീകരിച്ചതെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. ''മനസാ വാചാ അറിയാത്ത കാര്യങ്ങളാണ് പ്രചരിപ്പിച്ചത്. കേസുമായി മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനം'' - സുധാകരൻ പറഞ്ഞു. കേസിൽ ഓഗസ്റ്റ് 19ന് ശേഷം പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തും.
എറണാകുളത്തെ പോക്സോ കോടതി മോന്‍സണ്‍ മാവുങ്കലിനെ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ച വാര്‍ത്തയ്ക്കൊപ്പമാണ് സിപിഎം മുഖപത്രം ദേശാഭിമാനി കെ സുധാകരന് എതിരെ ആരോപണം ഉന്നയിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മോന്‍സണ്‍ പീഡിപ്പിച്ച സമയം കെ സുധാകരന്‍ ഈ വീട്ടിലുണ്ടായിരുന്നു എന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു എന്നായിരുന്നു വാര്‍ത്തയിലെ ഉള്ളടക്കം.
ദേശാഭിമാനിയില്‍ വന്ന വാർത്തകളെ അടിസ്ഥാനമാക്കിയായിരുന്നു എം വി ഗോവിന്ദന്‍ കെ സുധാകരന് എതിരെ ആരോപണം ഉന്നയിച്ചത്. '' സുധാകരനുള്ളപ്പോഴാണ് മോന്‍സന്‍ പീഡിപ്പിച്ചതെന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മൊഴി നല്‍കിയതായാണ് വാർത്തകളെന്നും അതുകൊണ്ട് തന്നെ ക്രൈംബ്രാഞ്ചിന് പോക്‌സോ കേസിലും സുധാകരനെ ചോദ്യം ചെയ്യേണ്ടിവരും. ഈ കേസിൽ ചോദ്യംചെയ്യാന്‍ സുധാകരനെ വിളിപ്പിച്ചിരുന്നു എന്നാണ് ക്രൈംബ്രാഞ്ചിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ലഭിച്ച വിവരം'' - എന്നായിരുന്നു എം വി ഗോവിന്ദന്റെ ആരോപണം.
പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിനന്ദനും ദേശാഭിമാനിക്കുമെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് സുധാകരൻ വ്യക്തമാക്കിയിരുന്നു. അതിജീവിതയുടെ രഹസ്യമൊഴി എങ്ങനെ എം വി ഗോവിന്ദന്‍ അറിഞ്ഞതെന്നും സുധാകരന്‍ ചോദിച്ചിരുന്നു.