KERALA

''നാടിന്റെ കുഴപ്പമാണ്, നിങ്ങളുടെതല്ല,'' തെക്കുനിന്നുള്ള രാഷ്ട്രീയക്കാരെ പരിഹസിച്ച് കെ സുധാകരന്‍

തെക്കൻ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയക്കാർ തമ്മിൽ ചരിത്രപരമായ വ്യത്യാസങ്ങളുണ്ട്

വെബ് ഡെസ്ക്

തെക്കൻ കേരളത്തിലെ രാഷ്ട്രീയക്കാരെ പരിഹസിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് തെക്ക് വടക്ക് രാഷ്ട്രീയത്തെ കുറിച്ചുള്ള ചോദ്യത്തിന് തെക്കൻ കേരളത്തിലെ രാഷ്ട്രീയക്കാരെ പരിഹസിച്ച് കൊണ്ടുള്ള മറുപടി. തെക്കൻ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയക്കാർ തമ്മിൽ ചരിത്രപരമായ വ്യത്യാസങ്ങളുണ്ടെന്ന് കെ സുധാകരൻ പറഞ്ഞു.

രാമായണ കഥയെ ദുർവ്യാഖ്യാനം ചെയ്ത് പരിഹാസരൂപേണ ഒരു കഥ പറഞ്ഞായിരുന്നു സുധാകരന്റെ പരാമർശം. ''രാവണനെ വധിച്ചതിന് ശേഷം ശ്രീരാമൻ തന്റെ സഹോദരൻ ലക്ഷ്മണനും ഭാര്യ സീതയ്ക്കുമൊപ്പം പുഷ്പക വിമാനത്തിൽ ലങ്കയിൽ നിന്ന് മടങ്ങുകയായിരുന്നു. വിമാനം കേരളത്തിന്റെ തെക്കൻ ഭാഗങ്ങളിലൂടെ കടന്നുപോകുമ്പോൾ, ലക്ഷ്മണൻ തന്റെ സഹോദരനെ കടലിലേക്ക് തള്ളിയിട്ട് സീതയോടൊപ്പം പോകണമെന്ന് ചിന്തിച്ചു. എന്നാൽ തൃശ്ശൂരിൽ എത്തിയപ്പോഴേക്കും മനസ് മാറി. അയാൾക്ക് പശ്ചാത്താപം തോന്നി. എന്നാൽ രാമൻ ലക്ഷ്മണന്റെ തോളിൽ തട്ടി പറഞ്ഞു, ഞാൻ നിന്റെ മനസ്സ് വായിച്ചു. നിന്റെ തെറ്റല്ല. നമ്മൾ കടന്നുപോയ ഭൂമിയുടെ കുഴപ്പമാണ് അത്''. സത്യസന്ധരും ധൈര്യമുള്ളവരുമായത് കൊണ്ടാണ് സിപിഎമ്മിനും കോൺഗ്രസിനും ബിജെപിക്കും മലബാറിൽ നിന്നുള്ള നേതാക്കൾ ചുക്കാൻ പിടിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

തരൂർ ഒരു ട്രെയിനി, കോൺ​ഗ്രസിനെ നയിക്കാൻ കഴിയില്ല

കോൺ​ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെതിരെയും അഭിമുഖത്തിൽ പരാമർശമുണ്ട്. തരൂർ ഒരു ട്രെയിനിയാണെന്നും അദ്ദേഹത്തിന് കോൺ​ഗ്രസിനെ നയിക്കാൻ കഴിയില്ലെന്നും കെ സുധാകരൻ വിമർശിച്ചു. തരൂർ നല്ല അറിവുള്ള വ്യക്തിയാണ്. എന്നാൽ ഒരു ജനാധിപത്യ പാർട്ടിയിൽ നയിക്കാനുള്ള കഴിവ് മാത്രമാണ് മാനദണ്ഡം. രാഷ്ട്രീയ മണ്ഡലത്തിൽ തരൂരിന്റെ അനുഭവപരിചയം വളരെ പരിമിതമാണ്. ഒരു പാർട്ടിയെ നയിക്കാൻ ബുദ്ധിയും കഴിവും മാത്രം പോരാ അനുഭവ പാരമ്പര്യത്തിനാണ് പ്രാധാന്യമെന്നും സുധാകരൻ പറഞ്ഞു.

രാഷ്ട്രീയ മണ്ഡലത്തിൽ തരൂരിന്റെ അനുഭവപരിചയം വളരെ പരിമിതമാണ്. ഒരു പാർട്ടിയെ നയിക്കാൻ ബുദ്ധിയും കഴിവും മാത്രം പോരാ അനുഭവ പാരമ്പര്യത്തിനാണ് പ്രാധാന്യം
കെ സുധാകരൻ

പാരമ്പര്യത്തിനാണ് പ്രാധാന്യമെന്നും എഐസിസി അധ്യക്ഷനാകുമ്പോൾ രാഹുൽ ഗാന്ധിക്കും വേണ്ടത്ര അനുഭവ പരിചയമില്ലായിരുന്നല്ലോ എന്ന ചോദ്യത്തിന് അനുഭവ ജ്ഞാനത്തിന്റെ പ്രാധാന്യം രാഹുൽ തിരിച്ചറിഞ്ഞതുകൊണ്ടാണ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നില്ലെന്ന് പറഞ്ഞതെന്നുമായിരുന്നു സുധാകരന്റെ മറുപടി.

''പരിചയസമ്പന്നനായ ഒരു രാഷ്ട്രീയക്കാരനാകാനുള്ള രാഹുലിന്റെ ശ്രമത്തിന്റെ തുടക്കമാണ് ഭാരത് ജോഡോ യാത്ര. യാത്ര പൂർത്തിയാകുമ്പോഴേക്കും നിങ്ങൾക്ക് ഒരു പുതിയ രാഹുൽ ഗാന്ധിയെ കാണാൻ സാധിക്കും. അതേസമയം സംഘടനാപരമായി ശശി തരൂർ ഇപ്പോഴും ട്രെയിനിയാണ്. ഒരു സംഘടനാപരമായ ഒരു റോളും അദ്ദേഹം ഇതുവരെ ഏറ്റെടുത്തിട്ടില്ല. ബൂത്ത് പ്രസിഡന്റിന്റെ പോലും ആയിട്ടില്ല. ഒരു പാർട്ടിയെ നയിക്കാനോ പാർട്ടി പ്രവർത്തകരുടെ മനഃശാസ്ത്രം മനസ്സിലാക്കാനോ അക്കാദമിക അറിവ് കൊണ്ട് മാത്രം കഴിയില്ല''- സുധാകരൻ പറഞ്ഞു. തന്റെ വോട്ട് ഖാർ​ഗെയ്ക്കാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍