കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്ന് കെ സുധാകരന്‍. സ്ഥാനം മാറേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കെ സുധാകരന്‍ വ്യക്തമാക്കി. സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റാൻ ഹൈക്കമാൻഡില്‍ സമ്മർദമുണ്ടെന്ന റിപ്പോർട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് അധ്യക്ഷ സ്ഥാനത്ത് നിന്ന് സുധാകരനെ മാറ്റി നിർത്തണമെന്ന ആവശ്യം പാർട്ടിയിൽ ഒരു വിഭാഗം നേതാക്കൾ ഉയർത്തിയിരുന്നു. സുധാകരന്റെ ബിജെപി അനുകൂല വിവാദ പ്രസ്താവനയും അനാരോഗ്യവും ചൂണ്ടിക്കാട്ടിയാണ് നേതാക്കൾ ഹൈക്കമാന്‍ഡിന് മേൽ സമ്മർദം ശക്തമാക്കിയത്. എന്നാൽ ദേശീയ നേതൃത്വം ഇക്കാര്യത്തിൽ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സ്ഥാനത്ത് തുടരുമെന്ന് വ്യക്തമാക്കി സുധാകരന്‍ തന്നെ രംഗത്തെത്തിയത്.
സുധാകരന്റെ ബിജെപി, ആർഎസ്എസ് അനുകൂല പരാമർശങ്ങൾ പാർട്ടിയിലും യു ഡിഎഫിനുള്ളിലും വലിയ പ്രതിഷേധങ്ങൾക്കായിരുന്നു കാരണമായത്
കെ സുധാകരന്റെ ബിജെപി, ആർഎസ്എസ് അനുകൂല പരാമർശങ്ങൾ പാർട്ടിയിലും യു ഡിഎഫിനുള്ളിലും വലിയ പ്രതിഷേധങ്ങൾക്കായിരുന്നു കാരണമായത്. മുസ്ലീം ലീഗ് നേതൃത്വം പരസ്യമായി തന്നെ സുധാകരനെതിരെ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഭരണത്തിലേറാനുള്ള യുഡിഎഫ് സാധ്യതകളെ പോലും ഇല്ലാതാക്കുന്ന തരത്തിലാണ് കോൺഗ്രസ് അധ്യക്ഷന്റെ പ്രസ്താവനകൾ എന്നും ന്യൂനപക്ഷങ്ങൾക്കിടയിൽ ഇത്തരം കാര്യങ്ങൾ വലിയ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ടെന്നും ലീഗ് നേതൃത്വം തുറന്നടിച്ചിരുന്നു. യുഡിഎഫിലെ മറ്റ് ചെറു ഘടകക്ഷികളും സുധാകരന്റെ പ്രതികരണങ്ങളോടുള്ള അനിഷ്ടം പ്രകടിപ്പിച്ചിരുന്നു.
കെ സുധാകരന്റെ അനാരോഗ്യമായിരുന്നു എംപിമാർ അടക്കമുള്ള ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടിയത്. സുധാകരൻ പാർട്ടി പരിപാടികളിൽ സജീവമാകുന്നില്ലെന്നും അദ്ദേഹത്തിന്റെ ഇടപെടൽ വെറും പ്രസ്താവനകളിൽ ചുരുങ്ങുകയാണെന്നുമാണ് നേതാക്കളുടെ ആരോപണം. തകർച്ചയിൽ നിന്ന് പാർട്ടിയെ കരകയറ്റുമെന്ന വാഗ്ദാനവുമായി സെമി കേഡർ പ്രഖ്യാപിച്ച് അധ്യക്ഷ പദത്തിലേറിയ സുധാകരൻ പിന്നീട് ആ നിലയ്ക്കുള്ള ചർച്ചകളിൽ നിന്നെല്ലാം പുറകോട്ട് പോയെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനാൽ തിരഞ്ഞെടുപ്പിന് മുൻപ് ഊർജസ്വലനായ മറ്റൊരു നേതാവ് അമരത്ത് വരണമെന്നതാണ് നേതാക്കളുടെ ആവശ്യം. എംപിമാരിൽ ചിലർ ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് പരാതി നല്‍കുമെന്നും റിപ്പോർട്ടുകളുണ്ട്.