കേരളത്തിലെ കോണ്‍ഗ്രസിന് വെള്ളവും വളവും നല്‍കി,ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഫലം കൊയ്യാന്‍, താമരശ്ശേരി ചുരം കയറി വയനാട്ടിലെ തണുപ്പ് കൊണ്ട് നേതാക്കള്‍ തലപുകഞ്ഞ് ആലോചനയിലാണ്. കെപിസിസി പ്രസിഡന്‍റിന്‍റെ കസേരയിലിരുന്ന് വര്‍ഷം രണ്ട് കഴിഞ്ഞിട്ടും പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ കെ സുധാകരനെതിരെ, ഗ്രൂപ്പുകള്‍ക്ക് അതീതമായി പൊതുവികാരമുണ്ട്. സുല്‍ത്താന്‍ ബത്തേരിയില്‍ നടന്നുകൊണ്ടിരിക്കുന്ന ലീഡേഴ്സ് മീറ്റില്‍ സുധാകരനെതിരെ രണ്ട് പറയാന്‍ തീരുമാനിച്ച് എത്തിയ നേതാക്കള്‍ കുറേയേറെയാണ്.
കെപിസിസി പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കുമെന്ന പ്രഖ്യാപനമാണ് കെ സുധാകരന്‍ നടത്തിയത്. പ്രസിഡന്‍റിനെതിരെ കൊടുങ്കാറ്റാകാന്‍ വന്നവരുടെയെല്ലാം കാറ്റ് അതോടെ അഴിഞ്ഞുപോയി
തനിക്കെതിരെ വിമര്‍ശനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് യോഗത്തിന് എത്തിയതുപോലെയായിരുന്നു സുധാകരന്‍റെ നീക്കങ്ങള്‍. ലീഡേഴ്സ് മീറ്റില്‍ സംഘടനാ രേഖ അവതരിപ്പിച്ചതിന് ശേഷം അപ്രതീക്ഷിതമായി പറഞ്ഞത് 'ഒരു മാസത്തിനകം പുനഃസംഘടന പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഞാന്‍ എന്‍റെ വഴിക്ക് പോകുമെന്നാണ്', അതായത് കെപിസിസി പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കുമെന്ന പ്രഖ്യാപനമാണ് കെ സുധാകരന്‍ നടത്തിയത്. പ്രസിഡന്‍റിനെതിരെ കൊടുങ്കാറ്റാകാന്‍ വന്നവരുടെയെല്ലാം കാറ്റ് അതോടെ അഴിഞ്ഞുപോയി. നിങ്ങളാരും സഹകരിച്ചില്ലെങ്കില്‍ പാർട്ടി ഭാരവാഹികളെ സ്വയം പ്രഖ്യാപിക്കുമെന്നും സുധാകരന്‍റെ ഭീഷണി പ്രസംഗത്തിലുണ്ട്. ഹൈക്കമാന്‍ഡ് അറിയാതെ കോണ്‍ഗ്രസില്‍ ഇല അനങ്ങില്ലെന്ന് പറയുന്ന സുധാകരനും കേട്ടിരുന്ന നേതാക്കള്‍ക്കും അറിയാം. മഹിളാ കോണ്‍ഗ്രസിലും , കെ എസ് യു വിലും ഭാരവാഹികളെ നിശ്ചയിച്ചത് തന്നെ അറിയിച്ചില്ലെന്ന പരാതിയും ഹൈക്കമാന്‍റിലെ സൂപ്പര്‍ പവറായ കെസി വേണുഗോപാലിനെ ഒപ്പമിരുത്തി രണ്ടും കല്‍പ്പിച്ച് സുധാകരന്‍ പറഞ്ഞിട്ടുണ്ട്.
കെ സുധാകരനെ മുന്നില്‍ നിര്‍ത്തി ലോക്സഭാ തിരഞ്ഞെടുപ്പ് നേരിട്ടാല്‍ തിരിച്ചടി ഉണ്ടാകുമെന്ന നിലപാട് ഭൂരിപക്ഷം കോണ്‍ഗ്രസ് എംപിമാരും ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്
പുനഃസംഘടന നടക്കാത്തതാണോ കെ സുധാകരന്‍റെ പ്രശ്നമെന്ന് ചോദിച്ചാല്‍ അത് മാത്രമല്ലെന്ന ഉത്തരമായിരിക്കും ശരി. നിരന്തരം വിവാദം ഉണ്ടാക്കുന്ന, ആരോഗ്യ പ്രശ്നങ്ങളുള്ള കെ സുധാകരനെ മുന്നില്‍ നിര്‍ത്തി ലോക്സഭാ തിരഞ്ഞെടുപ്പ് നേരിട്ടാല്‍ തിരിച്ചടി ഉണ്ടാകുമെന്ന നിലപാട് ഭൂരിപക്ഷം കോണ്‍ഗ്രസ് എംപിമാരും ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.ഒപ്പം നില്‍ക്കുന്നവരല്ലാത്ത ഒരാളും സംഘടന ചലിപ്പിക്കാന്‍ സഹകരിക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ നിലവിലുള്ള 16ല്‍ ഒന്നോ രണ്ടോ സീറ്റ് കുറഞ്ഞാല്‍ പോലും തോല്‍വിയുടെ പാപഭാരം ഒറ്റക്ക് ചുമക്കേണ്ടി വരുമെന്ന തിരിച്ചറിവ് കെ സുധാകരന് മറ്റാരേക്കാളുമുണ്ട്.
ഒപ്പം പുനഃസംഘടന കൂടി നടന്നില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന തിരിച്ചറിവുമുണ്ട്. അതുകൊണ്ടാണ് രാജിയെന്ന വജ്രായുധം കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കൂടി ഇരിക്കുന്ന വേദിയില്‍ കെ സുധാകരന്‍ പുറത്തെടുത്തത്.
കെപിസിസി ഹൈക്കമാന്‍ഡിന് കൈമാറിയ പട്ടികയിലെ പേരുകളില്‍ വെട്ടും തിരുത്തും വരുത്തിയാണ് കെഎസ് യു ഭാരവാഹികളെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്. സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും പ്രതിപക്ഷ നേതാവ് വിഡി സതീശനും ആഗ്രഹിക്കുന്ന നേതാക്കളാണ് വെട്ടലിലും തിരുത്തലിനുമിടയില്‍ പട്ടികയിലേക്ക് കയറി വന്നത്. മഹിളാ കോണ്‍ഗ്രസ് ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോഴും സുധാകരന്‍റെ താത്പര്യം പരിഗണിക്കപ്പെട്ടില്ല. യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടന നടക്കാനിരിക്കേ അവിടെയും നോക്കുകുത്തിയായി ഇരിക്കാന്‍ ഒരുക്കമല്ലെന്ന സന്ദേശം കൂടി നല്‍കുകയാണ് കെ സുധാകരന്‍. അല്ലാതെ മേയിൽ പോയിട്ട് ജൂണിലോ, ജൂലൈയിലോ, ആഗസ്റ്റിലോ പോലും കെപിസിസി പുനഃസംഘടന നടന്നില്ലെങ്കിലും കുമ്പക്കുടി സുധാകരന്‍ രാജിവെക്കാനൊന്നും പോകുന്നില്ലന്ന് വേണം കരുതാന്‍.