KERALA

വ്യാജരേഖ കേസ്: കെ വിദ്യ കസ്റ്റഡിയില്‍, പിടിയിലാകുന്നത് 15-ാം ദിനം

അഗളി പോലീസാണ് കസ്റ്റഡിയിലെടുത്തത്

വെബ് ഡെസ്ക്

എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് ജോലി നേടാൻ ശ്രമിച്ചെന്ന കേസില്‍ ഒളിവിൽ കഴിയുകയായിരുന്ന എസ്എഫ്ഐ മുൻ നേതാവ് വിദ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു.കോഴിക്കോട് മേപ്പയൂരിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് അഗളി പോലീസ് വിദ്യയെ പിടികൂടിയതെന്നാണ് വിവരം. രാത്രി ഏഴ് മണിയോടെയാണ് പിടികൂടിയത്. വിദ്യയെ പാലക്കാട്ടേയ്ക്ക് കൊണ്ടുപോയി.

എന്നാൽ, മേപ്പയ്യൂർ പോലീസോ സ്പെഷ്യൽ ബ്രാഞ്ച് പോലീസോ വിദ്യയെ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞില്ലെന്നാണ് പ്രതികരിച്ചത്. വിദ്യ പിടിയിലാകുന്നത് കേസെടുത്ത് 15-ാം ദിവസമാണ്. കോഴിക്കോട് ജില്ലയിലെ പയ്യോളി, വടകര, തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ പോലീസ് തെരച്ചിൽ നടത്തിയതിനിടയിലാണ് മേപ്പയ്യൂരിൽ വച്ച് കസ്റ്റഡിയിലെടുത്തത്. നാളെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും.

വ്യാജരേഖ ചമച്ചതിന് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അഗളി പോലീസിന് പുറമെ വ്യാജരേഖ ചമച്ചതിന് നീലേശ്വരം പോലീസും കേസെടുത്തിരുന്നു. മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യയെ പിടികൂടാത്തതിന് ആഭ്യന്തര വകുപ്പിനെതിരെ വ്യാപക വിമർശനമുയരുന്നതിനിടെയാണ് പ്രതിയെ പിടികൂടിയിരിക്കുന്നത്.

ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി തട്ടിപ്പിന് ശ്രമിച്ചെന്ന കേസിലെ പ്രതിയായ കെ വിദ്യയുടെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്നലെയാണ് അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റിയത്. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ആർട്സ് കോളജിലെ മലയാളം ഗസ്റ്റ് ലക്ചറര്‍ തസ്തികയിലേക്ക് നിയമനം ലഭിക്കാന്‍ എറണാകുളം മഹാരാജാസ് കോളജില്‍ നിന്നുള്ള വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസിലായിരുന്നു നടപടി.

വ്യാജ രേഖ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയിട്ടില്ലെന്നും ജാമ്യമില്ലാക്കുറ്റം തനിക്കെതിരെ നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യാപേക്ഷ . വിദ്യയുടെ അഭിഭാഷകൻ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് ഹർജി അടുത്തയാഴ്ചത്തേക്ക് മാറ്റിയത്. ഇതിനിടെയാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ കുറ്റമായ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 468 വകുപ്പ് അനാവശ്യമായി ചേർത്തിരിക്കുന്നതാണ്. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു വിദ്യയുടെ ആവശ്യം.

അതേസമയം, സിപിഎമ്മും പോലീസും ഒരുമിച്ചാണ് വിദ്യയെ ഒളിപ്പിച്ചതെന്ന് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. രണ്ടാഴ്ചക്കാലം വിദ്യ പോലീസിന്റെ കൺമുന്നിൽ ഉണ്ടായിരുന്നെങ്കിലും അറസ്റ്റിലേക്ക് കടക്കാതെ പാർട്ടിയും പോലീസും വിദ്യയെ സംരക്ഷിച്ചു. പ്രതിപക്ഷത്തിന്റെ പോരാട്ടവും സമ്മർദവും പൊതുസമൂഹത്തിന്റെ പ്രതികരണവുമാണ് വിദ്യയെ പുറത്ത് കൊണ്ടുവരാൻ കാരണമായതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ