കല്‍പിത സര്‍വകലാശാലയായ കേരള കലാമണ്ഡലം ചാന്‍സലര്‍ മല്ലികാ സാരഭായിക്ക് സര്‍ക്കാര്‍ നിയമനകരാര്‍ നല്‍കിയില്ലെന്ന് റിപ്പോര്‍ട്ട്. നിയമന വ്യവസ്ഥകളോ നഷ്ടപരിഹാര പാക്കേജോ വിവരിക്കുന്ന കരാര്‍ നല്‍കിയില്ലെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ജോലിയില്‍ പ്രവേശിച്ച് 11 മാസമായിട്ടും മല്ലികാ സാരഭായ്ക്ക് കരാര്‍ ലഭ്യമാക്കിയിട്ടില്ല. ഇക്കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മല്ലിക സര്‍ക്കാരിനെ സമീപിച്ചിട്ടില്ല. എന്നാല്‍ എട്ട് മാസങ്ങള്‍ക്കുമുമ്പ് കലാമണ്ഡലം വൈസ് ചാന്‍സലറും രജിസ്റ്റാറും ഈ വിഷയം സര്‍ക്കാര്‍ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു.
''ഞാന്‍ എന്റെ കരാറിന്റെ കരട് ഇതുവരെ കണ്ടിട്ടില്ല. എന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പെങ്കിലും അത് തയ്യാറാകുമോ എന്ന് തമാശ പറയാറുണ്ട്''- ഹിന്ദുവിന് നല്‍കിയ ഒരഭിമുഖത്തില്‍ മല്ലിക സാരഭായ് പറയുന്നു. എന്താണ് തന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് അവര്‍ പറഞ്ഞിരുന്നില്ല, പക്ഷേ തന്നെ അലമാരയിൽ വയ്ക്കാനുള്ള അലങ്കാരവസ്തുവായിട്ടല്ല എന്നെ നിയമിച്ചതെന്ന് വ്യക്തമായിരുന്നുവെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കരാറില്ലെങ്കില്‍ കലാമണ്ഡലത്തിലെ അടുത്ത വൈസ് ചാന്‍സലറെ നിയമിക്കുന്ന സെലക്ഷന്‍ കമ്മിറ്റിയുണ്ടാക്കാന്‍ മല്ലിക സാരഭായ്ക്ക് സാധിക്കില്ല. ഒരു ഘട്ടത്തില്‍ കലാമണ്ഡലം സംസ്ഥാന സര്‍വകലാശാലയാകുമെന്നതിനാല്‍ നടപടി ക്രമങ്ങള്‍ സജ്ജമായിരിക്കണമെന്നും മല്ലികാ സാരാഭായ് ചൂണ്ടിക്കാട്ടുന്നു.
'' പ്രധാന ക്യാമ്പസില്‍ ആദ്യമായി വന്ന സമയത്ത് ആസൂത്രണമില്ലായ്മയും ആര്‍ക്കിടെക്ചറിലെ ക്രമക്കേടുകളും കണ്ട് അത്ഭുതം തോന്നിയിട്ടുണ്ട്. അധ്യാപന രീതിയിലും പരമ്പരാഗത പ്രകടനങ്ങളിലും അനുവദനീയമായ മാറ്റം കൊണ്ടുവരുന്നതിന് പുറമേ, ക്യാമ്പസിലെ ശൗചാലയങ്ങള്‍ നവീകരിക്കുന്നതു മുതല്‍ ഫണ്ട് ശേഖരിക്കുന്നതുവരെ എന്റെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. ഫണ്ടുകളുടെ ലഭ്യത കുറവ് വെല്ലുവിളിയും നിരാശാജനകവുമാണ്. ഫണ്ട് ശേഖരണത്തിന് ഒരു കമ്മിറ്റി രൂപീകരിച്ചാലോ എന്ന ശ്രമത്തിലാണ് ഞാന്‍ ''- അവര്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെ സമീപിച്ചിട്ടില്ലെങ്കിലും വിദ്യാര്‍ഥികളുടെ ഫണ്ട് ലഭ്യതാക്കുറവ് ചൂണ്ടിക്കാട്ടി മല്ലികാ സാരഭായ് സര്‍ക്കാരിന് കത്തയച്ചിരുന്നു. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം നല്‍കാന്‍ ഫണ്ടില്ലാതെ വന്നപ്പോള്‍ മാത്രമാണ് മല്ലികാ സാരഭായ് സര്‍ക്കാരിന് കത്തയക്കുന്നത്. പതിറ്റാണ്ടുകള്‍ നീണ്ട അനുഭവങ്ങളും കലാ പ്രകടനങ്ങളും ദര്‍പ്പണ അക്കാദമി ഓഫ് പെര്‍ഫോമിംഗ് ആര്‍ട്ട്സിലെ ആര്‍ട്ട് അഡ്മിനിസ്‌ട്രേഷനിലെ കഴിവുകളും മുന്‍നിര്‍ത്തിയാണ് മല്ലിക സാരഭായിയെ കലാമണ്ഡലം ചാന്‍സലറായി നിയമിക്കുന്നത്.
അതേസമയം പ്രൊഫഷണല്‍ ചാന്‍സലര്‍ക്കുള്ള കരാര്‍ തയ്യാറാക്കുന്നതില്‍ ഒരു മാതൃക ഇല്ലാത്തതാണ് കരാര്‍ അന്തിമമാക്കുന്നതിന് തടസം നില്‍ക്കുന്നതെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. എന്നാല്‍ ഇതിനൊരു മാതൃക മറ്റെവിടെയെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും ഉടനെ കരാര്‍ നല്‍കുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.