KERALA

കളമശേരി സ്ഫോടനം: ബോംബ് വച്ചെന്ന് അവകാശപ്പെട്ട് ഒരാള്‍ കീഴടങ്ങി, നീല കാർ കേന്ദ്രീകരിച്ചും അന്വേഷണം

ഇന്ന് വൈകുന്നേരത്തോടെ എന്‍ എസ് ജിയുടെ എട്ടംഗ സംഘം കൊച്ചിയിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം

വെബ് ഡെസ്ക്

കൊച്ചി കളമശേരി കണ്‍വെന്‍ഷന്‍ സെന്ററിൽ ബോംബ് വച്ചെന്ന് അവകാശപ്പെട്ട് ഒരാള്‍ തൃശൂർ കൊടകര പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഉച്ചയ്ക്ക് ഒന്നരയോടെ സ്റ്റേഷനിലെത്തിയ കൊച്ചി സ്വദേശിയെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് ഒരു നീല കാർ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. പ്രാർഥനയ്ക്ക് മുൻപായി ഒരു നീല കാർ അതിവേഗം കൺവെൻഷൻ സെന്ററിൽ നിന്ന് പുറത്തേക്കു പോകുന്നതിന്റെ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

അതേസമയം, സ്ഫോടനത്തിന്റെ അന്വേഷണ ചുമതല നാഷണല്‍ സെക്യൂരിറ്റി ഗ്വാർഡിനും (എന്‍ എസ് ജി), നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്കും (എന്‍ ഐ എ) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൈമാറി. ഇന്ന് വൈകുന്നേരത്തോടെ എന്‍ എസ് ജിയുടെ എട്ടംഗ സംഘം കേരളത്തിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച അമിത് ഷാ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയതായും വാർത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോർട്ട് ചെയ്തു.

കണ്‍വെന്‍ഷന്‍ സെന്ററിന്‍ നടന്നത് ബോംബ് സ്‌ഫോടനം തന്നെയെന്ന് ഡിജിപി ഡോ ഷെയ്ഖ് ദര്‍വേഷ് സാഹേബ് സ്ഥിരീകരിച്ചിരുന്നു. അകലെ നിന്ന് സ്‌ഫോടനം നിയന്ത്രിക്കാവുന്ന തരത്തിലുള്ള വീര്യം കുറഞ്ഞ ഐഇഡി സ്‌ഫോടനമാണ് യഹോവ സാക്ഷികളുടെ പ്രാര്‍ഥനായോഗത്തിനിടയില്‍ ഉണ്ടായതെന്നും ചോറ്റുപാത്രത്തിലാകാം ഈ സ്‌ഫോടക വസ്തു ഘടിപ്പിച്ചതെന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് മനസിലാകുന്നതെന്നും ഡിജിപി കൂട്ടിച്ചേർത്തു.

ഇക്കാര്യത്തില്‍ വിദഗ്ധ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ഇന്നുതന്നെ രൂപീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി. സംഭവത്തിനു പിന്നില്‍ ആരാണെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നും സമൂഹമാധ്യമങ്ങളില്‍ ഇത്തരം വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഗൗരവമായി കാണുമെന്നും ഡിജിപി വ്യക്തമാക്കി.

സ്‌ഫോടനത്തിനു പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടെന്നും ഡിജിപി പറഞ്ഞു. രണ്ടായിരത്തിലേറെ ആളുകള്‍ കൂടുന്ന ഒരു പ്രാര്‍ഥനാ യോഗത്തിലേക്ക് കടന്നുകയറി വിദൂര നിയന്ത്രിത സംവിധാനം ഉപയോഗിച്ചു സ്‌ഫോടനം നടത്താന്‍ വ്യക്തമായ ആസൂത്രണം വേണമെന്നും ഇക്കാര്യത്തില്‍ ഗൗരവതരമായ അന്വേഷണം നടത്തുമെന്നും ഡിജിപി അറിയിച്ചു.

കളമശേരി മെഡിക്കല്‍ കോളജിനു സമീപമുള്ള കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ ഇന്നു രാവിലെയാണ് സ്‌ഫോടനം നടന്നത്. ഒന്നിനു പിന്നാലെ ഒന്നായി നടന്ന നാലു പൊട്ടിത്തെറികളില്‍ ഒരാള്‍ കൊല്ലപ്പെടുകയും അമ്പതിലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പരുക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. 27നായിരുന്നു സമ്മേളനം ആരംഭിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ