KERALA

വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത് അനില്‍ കുമാര്‍ തന്നെ; പണം കൈപ്പറ്റിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജമെന്ന് അനില്‍കുമാറിന്റെ മൊഴി

ദ ഫോർത്ത് - കൊച്ചി

കളമശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ മുഖ്യപ്രതി അനില്‍ കുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിനെ കൈമാറിയതില്‍ മുഖ്യ സൂത്രധാരന്‍ അനില്‍ കുമാറാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വ്യാജ ജനന സർട്ടിഫിക്കറ്റ് അനില്‍ കുമാര്‍ തന്നെയാണ് തയ്യാറാക്കിയത്. ഒരു ലക്ഷത്തിനു താഴെയുള്ള തുക കുഞ്ഞിനെ ഏറ്റെടുത്ത ദമ്പതിമാരില്‍ നിന്നും അനിൽ കുമാര്‍ വാങ്ങിയെന്നും പോലീസ് കോടതിയില്‍ ഹാജരാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജമാണെന്ന് പ്രതി മൊഴി നല്‍കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തത്കാലം രക്ഷപ്പെടാനായാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഗണേഷ്കുമാറിനെതിരെ ആരോപണം ഉന്നയിച്ചത്.

report.pdf
Preview

അനില്‍ കുമാറിനെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ പോലീസ് അടുത്ത ദിവസം തന്നെ കോടതിയില്‍ അപേക്ഷ സമർപ്പിക്കും. അനില്‍കുമാറിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ സംഭവത്തില്‍ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് പോലീസ്. കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളുമായി പ്രതിക്ക് ബന്ധമുണ്ടോ, തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കുട്ടിയെ കൈമാറിയതിൽ ഇയാള്‍ ഇടനിലക്കാരനായിരുന്നോ എന്നതെല്ലാം പോലീസിന്റെ അന്വേഷണ പരിധിയിലുണ്ട്.

സംഭവം പുറത്തായതോടെ ഒളിവിലായിരുന്ന അനിൽകുമാറിനെ പോലീസ് മധുരയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കളമശേരി മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റാണ് അനിൽകുമാർ. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടപടികൾ പൂർത്തീകരിച്ചത്.

കളമശേരി മുനിസിപ്പാലിറ്റിയിലെ കിയോസ്‌ക് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രഹ്ന എന്‍ നല്‍കിയ പരാതിയിലൂടെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം പുറത്ത് വന്നത്. ആശുപത്രി അധികൃതർ നൽകിയ പരാതിയിൽ നഗരസഭാ ജീവനക്കാരി രഹ്നയ്ക്കെതിരെയും കേസുണ്ട്. അവിവാഹിതയുടെ പ്രസവം സംബന്ധിച്ച രേഖകള്‍ പൂഴ്ത്തിയതും നിയമവിരുദ്ധമായ ദത്തും വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതും അടക്കം സങ്കീര്‍ണമായ നിരവധി തട്ടിപ്പുകള്‍ കളമശേരി സംഭവത്തിലുണ്ട്. കേസുമായി ബന്ധപ്പെട്ട് നിർണായകമായ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

മഹായുതിക്ക് കരിമ്പ് കയ്ക്കുമോ? പശ്ചിമ മഹാരാഷ്ട്രയിൽ പവർ ആർക്ക്?

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്