KERALA

കല്യാശേരി കള്ളവോട്ട്: ആറു പേര്‍ക്കെതിരെ കേസ്, സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഒന്നാംപ്രതി, വോട്ട് അസാധുവാക്കും

'വീട്ടിലെ വോട്ട്' സംവിധാനത്തില്‍ വോട്ട് ചെയ്യുന്നതിനിടെയാണ് സംഭവം

വെബ് ഡെസ്ക്

കാസര്‍ക്കോട് ലോക്‌സഭാ മണ്ഡലത്തിലെ കല്യാശേരിയില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ ആറു പേര്‍ക്കെതിരേ കേസെടുത്ത് പോലീസ്. 92 വയസുള്ള വയോധികയുടെ വോട്ട് രേഖപ്പെടുത്തിയ സിപിഎം കല്യാശേരി മുന്‍ ബ്രാഞ്ച് സെക്രട്ടറി കപ്പോത്ത് കാവില്‍ ഗണേഷനാണ് ഒന്നാം പ്രതി. കണ്ണവം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സ്പെഷല്‍ പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍, സ്പെഷല്‍ പോലീസ് ഓഫീസര്‍ എന്നിവരാണ് മറ്റു പ്രതികള്‍.

സംഭവത്തില്‍ പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. അതേസമയം, കള്ളവോട്ട് നടന്നെന്ന് തെളിഞ്ഞ സംഭവത്തിൽ റീ പോളിങ് നടത്തില്ലെന്നും വോട്ട് അസാധുവാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

'വീട്ടിലെ വോട്ട്' സംവിധാനത്തില്‍ വോട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. കല്യാശേരി പഞ്ചായത്തില്‍ 164-ാം ബൂത്തില്‍ ഏപ്രില്‍ 18 നാണ് സംഭവം നടന്നത്. 92 വയസുള്ള വയോധികയുടെ വോട്ട് ഗണേഷന്‍ രേഖപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

92 വയസുള്ള ദേവി വീട്ടില്‍ വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഗണേശന്‍ അടുത്തെത്തി വോട്ട് രേഖപ്പെടുത്തുകയായിരുന്നു. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സിപിഎം നേതാവ് വോട്ടു ചെയ്തതെന്ന് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്.

സംഭവത്തില്‍ യുഡിഎഫ് പരാതി നല്‍കിയതിനു പിന്നാലെ നാലു പോളിങ് ഉദ്യോഗസ്ഥര്‍ക്കെതിരെ കണ്ണൂര്‍ കലക്ടര്‍ നടപടിയെടുത്തിരുന്നു. പോളിങ്ങിലെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്കും പോലീസ് അന്വേഷണത്തിനും കലക്ടര്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം