ഇടതു മുന്നണിയിൽ രണ്ടാമത്തെ വലിയ കക്ഷിയായിരിക്കുമ്പോഴും സിപിഎമ്മിന്റെ വല്യേട്ടൻ സമീപനത്തിനെതിരെ തുറന്ന വിമർശമുന്നയിക്കുന്ന പതിവുണ്ടായിരുന്നു സിപിഐക്ക്. വെളിയം ഭാർഗവനും സികെ ചന്ദ്രപ്പനും പന്ന്യൻ രവീന്ദ്രനുമൊക്കെ സംസ്ഥാന സെക്രട്ടറിമാരായിരുന്നപ്പോൾ സിപിഐ ഈ പതിവ് തുടർന്നു. എന്നാൽ അതിൽനിന്നൊരു വലിയ മാറ്റമായിരുന്നു കാനം രാജേന്ദ്രൻ നയിച്ച സിപിഐ കാലം.
മാവോയിസ്റ്റുകളെ പോലീസ് വെടിവച്ചു കൊലപ്പെടുത്തിയതുപോലുള്ള അപൂർവം ചില സന്ദർഭങ്ങളിൽ സർക്കാരിന്റെയും സിപിമ്മിന്റെയും വിമർശകനായി കാനത്തെ കേരളം കണ്ടു. എന്നാൽ സിപിഎയും സിപിഎമ്മും തമ്മിൽ സമീപകാലത്ത് ഏറ്റവും നല്ല ബന്ധം സൃഷ്ടിക്കപ്പെട്ടത് കാനത്തിന്റെ സെക്രട്ടറി കാലയളവിലായിരുന്നുവെന്നത് തർക്കമറ്റ വസ്തുതയാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റും നഷ്ടപ്പെട്ടശേഷം 2021ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്വല വിജയത്തോടെ ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വന്നതിനുപിന്നിൽ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും തമ്മിലുള്ള മികച്ച ബന്ധം വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്.
സമീപകാലത്ത് സിപിഐയെ ഏറ്റവും മികച്ച രീതിയിൽ ചലിപ്പിച്ച അസമാന്യമായ സംഘടനാ ശേഷിയുടെ ഉടമയായിരുന്ന കാനം രാജേന്ദ്രൻ സംഘടനാപ്രവർത്തനത്തിൽ അയവില്ലാത്ത സമീപനം പുലർത്തിയ സെക്രട്ടറി കൂടിയാണ്. ഒടുവിൽ പാർട്ടിയിൽ ഒരു വിഭാഗത്തിന്റെ എതിർപ്പിൽ നേതൃസ്ഥാനത്തുനിന്ന് പുറത്തുപോകേണ്ടിവരുമെന്ന് വിലയിരുത്തപ്പെട്ടപ്പോഴും കൂടുതൽ കരുത്തോടെ സംസ്ഥാന സെക്രട്ടറി സ്ഥാനം ഉറപ്പിച്ച മാജിക്കും കേരളം കണ്ടു.
2015ല്‍ കാനം സിപിഐയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തുമ്പോള്‍ പാര്‍ട്ടിയുടെ സംഘടന സംവിധാനങ്ങള്‍ അത്ര മെച്ചപ്പെട്ട അവസ്ഥയിലായിരന്നില്ല. പാര്‍ട്ടി മെമ്പര്‍ഷിപ്പ് 1.20 ലക്ഷം മാത്രം. 2022ലെ സംസ്ഥാന സമ്മേളനത്തിലേക്കെത്തിയപ്പോള്‍ മെമ്പര്‍ഷിപ്പ് എണ്ണം 1.75 ലക്ഷമായി ഉയർത്താൻ അദ്ദേഹത്തിന്റെ നേതൃത്വത്തിനായി. പാർട്ടിയിൽ മുറുമുറുപ്പും എതിര്‍ ശബ്ദങ്ങളുമുയർന്നപ്പോൾ ഈ കണക്കിന്റെ ബലം മാത്രം മതിയായിരുന്നു അദ്ദേഹത്തിന് പിടിച്ചുനിൽക്കാൻ. മൂന്നാമതും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടശേഷം മാധ്യമങ്ങളെ കണ്ടപ്പോഴും അംഗത്വവർധന അദ്ദേഹം എടുത്തുപറഞ്ഞു.
2015ല്‍ കോട്ടയത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. നിലപാടുകളിലെ കണിശത, ഇടതുപക്ഷത്തിലെ തിരുത്തല്‍ ശക്തിയായി കാനത്തെ മാറ്റി. സര്‍ക്കാരിനെ വിമര്‍ശിക്കേണ്ടിടത്ത് വിമര്‍ശിച്ചും കൂടെനില്‍ക്കേണ്ടിടത്ത് ചേര്‍ന്നു നിന്നും ഇടതുമുന്നണിയെ നയിച്ചു.
2015 കോട്ടയം സമ്മേളനത്തില്‍ കാനം രാജേന്ദ്രന്‍ സംസ്ഥാന സെക്രട്ടറിയാകുമ്പോള്‍ സിപിഐയില്‍ ഉള്‍പ്പാര്‍ട്ടി പോരുകള്‍ ശക്തമായിരുന്നു. ശേഷം, മൂന്നാം ടേമില്‍ സംസ്ഥാന സെക്രട്ടറിയാകുമ്പോള്‍ പാര്‍ട്ടിയെ പൂർണമായും തനിക്കൊപ്പം നിർത്താൻ അദ്ദേഹത്തിനായി.
വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ക്കും കാനം കാലം കരുത്തിന്റെ കാലമായിരുന്നു. 80കള്‍ക്കുശേഷം എഐവൈഎഫും എഐഎസ്എഫും കൂടുതല്‍ സജീവമായത് കാനം സിപിഐ സംസ്ഥാന സെക്രട്ടറിയായശേഷമാണ്.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയായിരുന്ന കാനത്തിന്റെ സിപിഐ പ്രവേശം. കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ ജനിച്ച അദ്ദേഹം പികെ വാസുദേവന്‍ നായര്‍ക്കുശേഷം സിപിഐയുടെ തലപ്പത്തേക്ക് എത്തിയ കോട്ടയം സ്വദേശിയാണ്.
1982ല്‍ വാഴൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭയിലെത്തി. 87ലും വാഴൂരില്‍ നിന്ന് ജനപ്രതിനിധിയായി. 1991ല്‍ രാജീവ്ഗാന്ധി വധത്തിനു ശേഷമുള്ള തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. പിന്നീടു രണ്ടു തവണ കൂടി മത്സരിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് സംഘടന രംഗത്തേക്ക് ശ്രദ്ധ തിരിച്ചു. തൊഴിലാളി സംഘടന രംഗത്ത് സജീവമായി. 2006ല്‍ എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 2012ല്‍ സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായി.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കാനം രാജേന്ദ്രന് സര്‍ക്കാരിന് എതിരെ ഏറെത്തവണ വടിയെടുക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്തെല്ലാം മുന്നണിയുടെ കെട്ടുറപ്പിന് വേണ്ടി കാനം നിലകൊണ്ടു. മുഖ്യമന്ത്രി പിണറായി വിജയനുമായി കരുത്തുറ്റ ബന്ധമാണ് കാനം നിലനിര്‍ത്തിപ്പോന്നത്.
അപ്രതീക്ഷതമാണ് കാനം രാജേന്ദ്രന്റെ വിയോഗം. കാനത്തിന്റെ ഇടതുകാലില്‍ നേരത്തെ വാഹനപാകടത്തില്‍ പരുക്കേറ്റിരുന്നു. പ്രമേഹം അത് കൂടുതല്‍ മോശമാക്കി. കാലിലുണ്ടായ മുറിവുകള്‍ കരിയാതെ വന്നതോടെ, അണുബാധയായി. ഒടുലില്‍ കാല്‍പ്പാതം മുറിച്ചുമാറ്റേണ്ടിവന്നു.
സിപിഐ സംസ്ഥാന കൗണ്‍സില്‍ ഓഫീസ് പുതുക്കി പണിയുന്നതിന് വേണ്ടിയുള്ള തിരക്കിലായിരുന്നു കാനം. തിരുവനന്തപുരത്തെ തമ്പാനാരുള്ള എംഎന്‍ സ്മാരകത്തിന്റെ പുതിയ കെട്ടിട നിര്‍മ്മാണങ്ങള്‍ നടക്കുന്നതിനിടെയാണ് കാനത്തിന്റെ അപ്രതീക്ഷിത വിയോഗം.