കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകറിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൊതുമേഖലാ സ്വകാര്യവല്‍ക്കരണത്തെ പിന്തുണച്ച് പൊതുവേദിയില്‍ സംസാരിച്ചത് അച്ചടക്കലംഘനമാണ്. പൊതുമേഖലാ സ്വകാര്യവല്‍ക്കരണം എല്‍ഡിഎഫ് നയമല്ല. ബിജു പ്രഭാകറിനെ സ്ഥാനത്ത് നിന്ന് നീക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. ബിഎംഎസിന്റെ കെഎസ്ആർടിസി തൊഴിലാളി യൂണിയനായ കെഎസ്ടി എംപ്ലോയീസ് സംഘിന്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത് ബിജു പ്രഭാകർ സർക്കാരിനെതിരെ വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് പ്രതികരണം.
ഇന്നലെ തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തിലാണ് ബിജു പ്രഭാകർ സർക്കാരിന്റെ പൊതുഗതാഗത നയങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ചത്. പൊതുഗതാഗതം ശക്തിപ്പെടുത്തുന്ന നിലപാട് അല്ല സംസ്ഥാനത്തിനും കേന്ദ്രത്തിനുമുള്ളത്. മെട്രോ വിപുലീകരിക്കാനും വാട്ടർ മെട്രോ പോലെയുള്ള പുതിയ പദ്ധതികൾ ആവിഷ്‌ക്കരിക്കാനും കാണിക്കുന്ന ഊർജം, 20 ലക്ഷത്തിലധികം ആളുകൾ ഉപയോഗിക്കുന്ന പൊതുഗതാഗതം ശക്തിപ്പെടുത്തുന്ന കാര്യത്തിലില്ല. ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും മാറ്റുണ്ടായില്ലെന്നും ബിജു പ്രഭാകർ കുറ്റപ്പെടുത്തിയിരുന്നു.
കോവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം നടത്തിയത്. കോവിഡ് കാലത്ത് കെഎസ്ആര്‍ടിസി ബസുകളില്‍ നിന്ന് യാത്ര ചെയ്യരുതെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ ബിജു പ്രഭാകർ പരിഹസിച്ചു. 'കെഎസ്ആര്‍ടിസിയെ ആശ്രയിച്ച് യാത്ര ചെയ്തിരുന്നവരെ പോലും വാഹനങ്ങളില്‍ കയറ്റാന്‍ കഴിയാതിരുന്ന സാഹചര്യമാണുണ്ടായത്. ബസില്‍ നിന്ന് യാത്ര ചെയ്താല്‍ കൊറോണ വരും, ഇരുന്നാല്‍ വരില്ല. മദ്യം വാങ്ങി വീട്ടിലെത്തിച്ച് കുടിച്ചാല്‍ കൊറോണ വരും, അതിനാല്‍ ബിവറേജ് തുറക്കാന്‍ അനുമതി നല്‍കിയില്ല. മദ്യശാലകള്‍ അടച്ചതിലൂടെ എന്ത് മാറ്റമാണ് വന്നത്, യുവാക്കള്‍ മയക്കു മരുന്നിനെ ആശ്രയിക്കുന്ന സാഹചര്യം ഉണ്ടായി' എന്നിങ്ങനെയായിരുന്നു ഗതാഗത സെക്രട്ടറി കൂടിയായ ബിജു പ്രഭാകറിന്റെ പ്രസംഗം.