KERALA

കാനത്തിന് വിട: ഇന്ന് പൊതുദർശനം, വിലാപയാത്ര; നവകേരള സദസ് മാറ്റിവെച്ചു

നാളെ രാവിലെ 11 മണിക്ക് കോട്ടയത്തെ വാഴൂരിലെ വീട്ടിൽ മൃതദേഹം സംസ്കരിക്കും

വെബ് ഡെസ്ക്

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം രാവിലെ എട്ടരയോടെ തിരുവനന്തപുരത്തെത്തിക്കും. ഉച്ചയ്ക്ക് രണ്ടുമണിവരെ പട്ടത്തെ സിപിഐ ഓഫീസിൽ പൊതുദർശനത്തിനു വെച്ചതിനു ശേഷം വിലാപയാത്രയായി കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 11 മണിക്ക് വാഴൂരിലെ വീട്ടിൽ മൃതദേഹം സംസ്കരിക്കും. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം.

കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടർന്ന് സംസ്ഥാന മന്ത്രിമാരും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന നവകേരള സദസ്സ് ഒരു ദിവസത്തേക്ക് നിർത്തി വെക്കാനും സർക്കാർ തീരുമാനിച്ചു. ഡിസംബർ ഒന്‍പത് ശനിയാഴ്ചത്തെ കാര്യപരിപാടികളാണ് മാറ്റിവച്ചത്. ഞായറാഴ്ച കാനത്തിന്റെ സംസ്കാരത്തിന് ശേഷം പരിപാടി പുനരാരംഭിക്കും.

കൊച്ചിയിലെ അമൃത ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന കാനം രാജേന്ദ്രൻ മരിച്ചതായുള്ള വിവരങ്ങൾ ഇന്നലെ വൈകുന്നേരത്തോടെ പുറത്തു വന്നതോടെയാണ് ഒരു ദിവസത്തേക്ക് നവകേരള സദസ്സ് നിർത്തിവെക്കുമെന്ന് സർക്കാർ അറിയിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇന്നലെ രാത്രി തന്നെ കൊച്ചിയിലെ ആശുപത്രിയിലെത്തി അന്തിമോപചാരമർപ്പിച്ചു.

2015 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം ആരോഗ്യകാരണങ്ങളാല്‍ മൂന്നു മാസത്തെ അവധിയിലായിരുന്നു. അടുത്തിടെയുണ്ടായ അപകടത്തില്‍ കാനത്തിന്റെ ഇടതുകാലിന് പരുക്കേറ്റിരുന്നു. പ്രമേഹബാധിതനാണെന്നതിനാല്‍ മുറിവ് ഉണങ്ങിയില്ല. അണുബാധയുണ്ടായതോടെ അടുത്തിടെ പാദം മുറിച്ചുമാറ്റേണ്ടി വന്നു. തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടിപ്രവര്‍ത്തനത്തില്‍നിന്ന് മൂന്ന് മാസത്തെ അവധിയില്‍ പ്രവേശിച്ചത്.

28-ാം വയസ്സില്‍ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ കാനം 52 വര്‍ഷം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു. 2015ല്‍ കോട്ടയത്ത് നടന്ന സമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. പി കെ വാസുദേവന്‍ നായര്‍ക്കുശേഷം സി പി ഐയുടെ സംസ്ഥാന തലപ്പത്തെത്തിയ കോട്ടയം സ്വദേശിയായ കാനം നിലവില്‍ ദേശീയ എക്സിക്യൂട്ടീവ് അംഗം കൂടിയാണ്.

2006-ല്‍ എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ സംഘടനയുടെ ദേശീയ ഉപാധ്യക്ഷന്‍ കൂടിയാണ്. മികച്ച നിയമസഭാ സാമാജികനായും പേരെടുത്ത കാനം രണ്ടുതവണയും വാഴൂര്‍ മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചത്. 1982-ലായിരുന്നു ആദ്യ വിജയം. 87ലും ഇതേ മണ്ഡലത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ