KERALA

കാനത്തിന് വിടനല്‍കി കേരളം; സംസ്കാര ചടങ്ങുകള്‍ പൂർത്തിയായി

കാനം രാജേന്ദ്രന് അന്ത്യമോപചാരം അർപ്പിക്കാൻ മണിക്കൂറുകളോളമാണ് പ്രവർത്തകർ വഴിയരികിൽ കാത്തുനിന്നത്

വെബ് ഡെസ്ക്

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് യാത്രയയപ്പ് നല്‍കി ജന്മനാട്. കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പില്‍ പതിനൊന്നു മണിയോടെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. സംസ്കാര ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രിമരായ പി പ്രസാദ്, കെ രാജന്‍, ജി ആർ അനില്‍, ജെ ചിഞ്ചുറാണി, കെ കൃഷ്ണന്‍കുട്ടി തുടങ്ങിയവർ പങ്കെടുത്തു.

ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടരയ്ക്ക് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് വിലാപയാത്ര 12 മണിക്കൂറുകൊണ്ടാണ് കൊട്ടയത്ത് എത്തിയത്. രാത്രി ഒരു മണിക്ക് കോട്ടയത്തെ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദർശനത്തിന് വച്ച ശേഷം രണ്ട് മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.

കാനം രാജേന്ദ്രന് അന്ത്യമോപചാരം അർപ്പിക്കാൻ മണിക്കൂറുകളോളമാണ് പ്രവർത്തകർ വഴിയരികിൽ കാത്തുനിന്നത്. മുദ്രാവാക്യം വിളികളോടെ അവർ തങ്ങളുടെ നേതാവിന് അവസാനമായൊരു ലാൽ സലാം പറഞ്ഞു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ വച്ച് വെള്ളിയാഴ്ചയായിരുന്നു കാനം രാജേന്ദ്രൻ വിടപറഞ്ഞത്. അവിടെനിന്ന് ശനിയാഴ്ച രാവിലെ പത്തേകാലോടെ പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരത്തേക്ക് പൊതുദർശനത്തിനായി എത്തിച്ചത്.

മൂന്ന് മണിക്കൂർ പൊതുദർശനത്തിന് ശേഷം ഏകദേശം രണ്ടേകാലോടെയാണ് കോട്ടയത്തേക്കുള്ള വിലാപയാത്ര അആരംഭിച്ചത്. പ്രത്യേകമൊരുക്കിയ കെഎസ്ആർടിസി ബസിൽ എംസി റോഡിലൂടെയായിരുന്നു യാത്ര. തുടർന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധയിടങ്ങളിലും പൊതുദർശനം നടത്തിയിരുന്നു.

നവീകരണ പ്രവർത്തനങ്ങൾക്കായി എം എൻ സ്മാരകം പൊളിച്ചിട്ടിരിക്കുന്നതിനാൽ എഐടിയുസി സംസ്ഥാന കമ്മിറ്റി ഓഫീസിലായിരുന്നു പൊതുദർശനം. ഇടതുപക്ഷത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നെന്ന് പിണറായി വിജയൻ വിശേഷപ്പിച്ച നേതാവിന് അന്ത്യാഭിവാദ്യമർപ്പിക്കാൻ വിവിധ പാർട്ടികളുടെയും പക്ഷങ്ങളുടെയും നേതാക്കൾ തലസ്ഥാനത്തേക്ക് എത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽ ഡി എഫ് കൺവീനർ ഇപി ജയരാജൻ എന്നിവരും സംസ്ഥാന കമ്മിറ്റി ഓഫിസിലുണ്ടായിരുന്നു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി, ചീഫ് സെക്രട്ടറി ഡോ. വി വേണു തുടങ്ങിയവർ പട്ടത്തെ എഐടിയുസി ഓഫിസിലെത്തി അന്തിമോപചാരമർപ്പിച്ചിരുന്നു. രാത്രി ഒരുമണിയോടെ കോട്ടയം പാർട്ടി ഓഫിസിലെത്തിച്ച മൃതശരീരം, രണ്ടുമണിയോടെയാണ് വീട്ടിലേക്ക് കൊണ്ടുപോയത്.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍