സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ കെ ജെ ബേബി (70) അന്തരിച്ചു. വയനാട് നടവയൽ ചീങ്ങോട്ടെ വീടിനോട് ചേർന്നുള്ള കളരിയിൽ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവാണ്.
ആദിവാസി പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനായി കനവ് എന്ന സംഘടന രൂപീകരിച്ചത് കെ ജെ ബേബിയുടെ നേതൃത്വത്തിലായിരുന്നു. പിന്നാക്ക വിഭാഗങ്ങളുടെ മനുഷ്യാവകാശ പോരാട്ടങ്ങൾക്കായി മാറ്റിവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. നാടു ഗദ്ദിക എന്ന അദ്ദേഹത്തിന്റെ നാടകം പ്രശസ്തമാണ്. മാവേലി മൻറം, ഗുഡ് ബൈ മലബാർ തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികൾ.
അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതം വരും കാലത്തേക്ക് അടയാളപ്പെടുത്തു കൂടിയായിരുന്നു കെ ജെ ബേബിയുടെ പുസ്തകങ്ങള്‍
അരികുവല്‍ക്കരിക്കപ്പെട്ട ജനത ഇന്നോളം നേരിട്ട ക്രൂരതകളും അതിലൂടെ അവര്‍ നേരിട്ട ദുരവസ്ഥകളുടെയും നേര്‍ക്കാഴ്ചയായിരുന്നു കെ ജെ ബേബിയുടെ രചനകള്‍. അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതം വരും കാലത്തേക്ക് അടയാളപ്പെടുത്തു കൂടിയായിരുന്നു കെ ജെ ബേബിയുടെ പുസ്തകങ്ങള്‍. 1994-ലെ കേരളസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ 'മാവേലിമന്റം' എന്ന പുസ്തകം സ്വന്തം ദേശത്ത് നിന്ന് ഒളിച്ചോടി സമത്വവും തുല്യബഹുമാനവും സമാധാനവുമുള്ള ഒരു പുതിയ ഇടം സൃഷ്ടിക്കാൻ ശ്രമിക്കുന്ന യുവ ഗോത്രദമ്പതികളുടെ ജീവിതമാണ് വരച്ചുകാട്ടിയത്. മലയാളത്തിലെ ദളിത് സാഹിത്യത്തിലെ സുപ്രധാനമായ താളുകളില്‍ ഒന്നായി വിലയിരുത്താവുന്ന ഈ കൃതിയില്‍ ആദിവാസിവിഭാഗങ്ങള്‍ നേരിട്ടുവരുന്ന ക്രൂരതയെയും അപമാനവീകരണത്തേയും ചരിത്രങ്ങളില്‍ നിന്നുള്ള പുറത്താക്കലുളെയും അര്‍ഹിക്കുന്ന ഗൗരവത്തോടെ അടയാളപ്പെടുത്തുന്നു.
മലബാര്‍ മാന്വല്‍ രചിച്ച വില്യം ലോഗന്റെ ഭാര്യ അന്നയുടെ കാഴ്ചയിലൂടെയാണ് 'ഗുഡ്‌ബൈ മലബാര്‍' എന്ന നോവല്‍ പുരോഗമിക്കുന്നത്. ബ്രിട്ടീഷ് നയങ്ങള്‍ രാജ്യത്ത് ഉണ്ടാക്കിയ സാമൂഹികവും മതപരവുമായ വിള്ളലുകള്‍ ഈ രചനയിലൂടെ കെ ജെ ബേബി പറഞ്ഞുവയ്ക്കുന്നു. നാല് പതിറ്റാണ്ടോളം ആദിവാസിസമൂഹത്തിന്റെ നീതിക്കായുള്ള പോരാട്ടങ്ങൡലെ നിറ സാന്നിധ്യമായിരുന്നു കെ ജെ ബേബി. ഗോത്രസമൂഹങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് ബേബി ഒരുക്കിയ കനവ് എന്ന ബദല്‍ വിദ്യാഭ്യാസസ്ഥാപനം അതിന്റെ പ്രധാന ചുവടുകളില്‍ ഒന്നാണ്. പ്രാചീനമായ ഗുരുകുലസമ്പ്രദായം തുടരുന്ന കനവില്‍ ഗോത്ര സംസ്‌കാരങ്ങളുടെ തനത് വൈവിധ്യങ്ങള്‍ നിലനിര്‍ത്തി പാട്ടുകള്‍, നാടോടിക്കലകള്‍, നൃത്തരൂപങ്ങള്‍, ചിത്രകല, കൃഷി, ആയുധനകലകള്‍ എന്നിവ പരിശീലിപ്പിക്കുന്നു.
1954-ൽ കണ്ണൂരിലെ മാവടിയിലാണ് കെ ജെ ബേബിയുടെ ജനനം. അച്ഛൻ കൊച്ചുപൂവത്തുംമൂട്ടിൽ ജോസഫ്. അമ്മ വട്ടംതൊടിയിൽ ത്രേസ്യാമ്മ. 1974 മുതൽ വയനാട് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനങ്ങൾ. നാട്ടുഗദ്ദിക എന്ന നാടകം കേരളത്തിൽ അറുനൂറോളം വേദികളിലാണ് അവതരിപ്പിക്കപ്പെട്ടത്. മാവേലിമൻറം നോവലിന് 1994-ലെ കേരള സാഹിത്യ അക്കാദമി അവാർഡും 2001-ൽ മുട്ടത്തുവർക്കി അവാർഡും ലഭിച്ചു.