KERALA

കന്നഡിഗരുടെ മനസ്സ് തൊട്ട ഇന്നസെന്റിന്റെ 'സാവിന മനേയ കദവ തട്ടി'

ബെംഗളൂരു മലയാളിയും എഴുത്തുകാരിയുമായ മായാ ബി നായരാണ് കന്നഡയിലേക്ക് പുസ്തകം വിവർത്തനം ചെയ്തത്

എ പി നദീറ

ഇന്നസെന്റ് അർബുദ രോഗ അനുഭവങ്ങളെ കുറിച്ചെഴുതിയ ക്യാൻസർ വാർഡിലെ ചിരി എന്ന പുസ്തകം മലയാളികൾ മാത്രമല്ല കന്നഡിഗരും വായിച്ചിട്ടുണ്ട്. 'സാവിന മനേയ കദവ തട്ടി' (മരണത്തിന്റെ പടിവാതിൽക്കലിൽ നിന്ന് തിരികെ) എന്ന പേരിൽ ബെംഗളൂരു മലയാളിയും എഴുത്തുകാരിയുമായ മായാ ബി നായരാണ് കന്നഡിഗർക്കായി പുസ്തകം വിവർത്തനം ചെയ്തത്.

2018ല്‍ ആയിരുന്നു വിവർത്തനത്തിനായി മായ ഇന്നസെന്റിനെ സമീപിച്ചത്. അന്ന് ലോക്സഭാംഗമായിരുന്ന ഇന്നസെന്റിന്റെ നമ്പർ പാർലമെന്റ് വെബ്‌സൈറ്റിൽ നിന്ന് തരപ്പെടുത്തിയായിരുന്നു ഇന്നസെന്റിനെ വിളിച്ചത്. കന്നഡ ഭാഷയിൽ ചെറുകഥകളൊക്കെ എഴുതുന്ന കാഞ്ഞിരപ്പള്ളിക്കാരി എന്ന് പറഞ്ഞു ഇന്നസെന്റിനെ പരിചപ്പെടുകയായിരുന്നു.

''ക്യാൻസർ വാർഡിലെ ചിരി വായിച്ചപ്പോൾ പുസ്തകം മലയാളം അറിയാത്ത അർബുദ രോഗികൾക്കും പ്രചോദനമാവണമെന്ന് കരുതി. അർബുദ രോഗികൾക്ക് ആത്മധൈര്യം പകരുന്ന മാന്ത്രികത ആ പുസ്തകത്തിനുണ്ടെന്നു തോന്നി. അതുവരെ സിനിമകളിൽ മാത്രമേ ഞാൻ ഇന്നസെന്റിനെ കണ്ടിട്ടുള്ളൂ. മറ്റു രീതിയിൽ മുൻപരിചയമില്ല.  പുസ്തകം കന്നഡയിലേക്കു വിവർത്തനം ചെയ്യാൻ അനുമതി നൽകണമെന്ന് അഭ്യർത്ഥിച്ചു. അദ്ദേഹത്തിന് നിറഞ്ഞ സന്തോഷം"

മായാ ബി നായർ ഇന്നസെന്റുമായുള്ള ആദ്യ ഫോൺ സംഭാഷണം ഓർത്തെടുക്കുന്നു.

2018 മെയ് മാസത്തിലായിരുന്നു വിവർത്തനത്തിന് അനുമതി ലഭിച്ചത്, നവംബർ ആയപ്പോഴേക്കും വിവർത്തനം പൂർത്തിയായി, പുസ്തകം പ്രകാശനത്തിന് തയ്യാറായി. അങ്ങനെ 'ക്യാൻസർഗേ ഹസി ഔഷധ' (ക്യാന്‍സറിന് ചിരി ഔഷധം) എന്ന ടാഗ് ലൈനോടെ 'സാവിന മനേയ കദവ തട്ടി' എന്ന പുസ്തകം ബെംഗളൂരുവിൽ വച്ച് ഇന്നസെന്റിന്റെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു. ക്യാൻസർ വാർഡിലെ അനുഭവം ഹാസ്യത്തിന്റെ മേമ്പൊടിയോടെ കന്നഡ ഭാഷയിൽ സദസിൽ പങ്കുവയ്ക്കപ്പെട്ടതോടെ ഇന്നസെന്റിനും പുസ്തകത്തിനും കന്നഡ നാട്ടിലും ആരാധകരായി.

"ഇപ്പോൾ മരിച്ചു പോകും എന്ന മനോഭാവത്തിലാണ് പലരും അർബുദ രോഗികളെ കാണാൻ വരുന്നത്. സന്ദർശകരുടെ മനോഭാവം മാറിയാൽ തന്നെ ഞങ്ങളുടെ പാതി രോഗം മാറും. മാനസികമായി കരുത്തരായവർ പോലും ഇവരുടെ മനോഭാവത്തിന് മുന്നിലാണ് തോറ്റു പോകുന്നത്" അന്നത്തെ ഇന്നസെന്റിന്റെ പ്രസംഗം സദസ് ഏറ്റെടുത്തത് കരഘോഷത്തോടെ.

പുസ്തകം കർണാടകയിൽ നിരവധി വായനക്കാരുടെ കയ്യിലെത്തി. മിക്കവരും അർബുദ രോഗികൾ അല്ലെങ്കിൽ അവരുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ. ഇന്നസെന്റ് ചിരിച്ചു കൊണ്ട് അർബുദ രോഗത്തെ തോൽപ്പിച്ച കഥ നിരവധി രോഗികളെ പ്രചോദിപ്പിച്ചു. മായാ ബി നായരുമായുള്ള സൗഹൃദം തുടർന്ന ഇന്നസെന്റ് സിനിമകളിലെ കന്നഡ കഥാപാത്രങ്ങൾക്ക് പേരിടാനും ഗ്രാമങ്ങളുടെ പേരുകൾ ചോദിച്ചുമൊക്കെ ഇടയ്ക്കിടെ വിളിക്കും. അസുഖം ഭേദമായി ബെംഗളൂരുവിലേക്ക് ഉടൻ എത്തും അപ്പോൾ കാണാമെന്നായിരുന്നു അടുത്തിടെ പോലും ഇന്നസെന്റ് പറഞ്ഞത്'' അവർ പറഞ്ഞു.

കർണാടക ജല വിഭവ വകുപ്പിന് കീഴിലുള്ള കാവേരി നീരാവാരി നിഗം ലിമിറ്റഡിൽ ജീവനക്കാരിയാണ് മായാ ബി നായർ. കന്നഡ ഭാഷയിൽ നിരവധി കഥകളും ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി