KERALA

ബാങ്ക് ചതിച്ചു, പോലീസ് കൂട്ടുനിന്നു; ദമ്പതികള്‍ 35 ലക്ഷത്തിന്റെ കടക്കെണിയില്‍

2021 നവംബർ 26ന് നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് വ്യാജ പ്രമാണങ്ങൾ ചമച്ച് ലോൺ എടുത്തതായും തവണകൾ തിരിച്ചടയ്ക്കാതെ കുടിശ്ശിക വരുത്തിയതായും വ്യക്തമായത്

എ വി ജയശങ്കർ

കൊള്ള പലിശക്കാരിൽ നിന്ന് സാധാരണക്കാരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് സഹകരണ പ്രസ്ഥാനങ്ങൾ ഉയർന്നുവരുന്നത്. എന്നാൽ, സിപിഎം നേതൃത്വത്തിലുളള സര്‍വീസ് സഹകരണ ബാങ്ക് കാരണം ജീവിതം തന്നെ വഴിമുട്ടി നിൽക്കുന്ന അവസ്ഥയിലാണ് കോട്ടയം ചെറുവളളി സ്വദേശികളായ ഹരിചന്ദ്രലാലും ഭാര്യ സുമിതയും. കോട്ടയം കണ്ണിമലയിലെ സര്‍വീസ് സഹകരണ ബാങ്കിന്റെ കണക്കനുസരിച്ച് ഹരിചന്ദ്രലാൽ പതിനാറരലക്ഷം രൂപയും ഭാര്യ സുമിത പതിനെട്ട് ലക്ഷം രൂപയും ബാങ്കിൽ നിന്നും ലോൺ എടുത്ത ഇനത്തിൽ കുടിശ്ശിക വരുത്തിയെന്നാണ് നോട്ടീസ്.

കുടിശ്ശിക സംബന്ധിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ കൺകറന്റ് ഓഡിറ്ററെ സമീപിക്കാനാണ് ബാങ്ക് ജീവനക്കാർ ഇവരോട് പറഞ്ഞത്. ഇവരുടെ പരാതിക്ക് പുറത്ത് കൺകറന്റ് ഓഡിറ്റർ നടത്തിയ പരിശോധനയിൽ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി

2021 നവംബർ 26നാണ് ഹരിചന്ദ്രലാലിനും ഭാര്യ സുമിതക്കും കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ് രജിസ്ട്രാർ ജനറലിന്റെ ഒരു നോട്ടീസ് ലഭിക്കുന്നത്. തുടർന്ന്, ബാങ്കിലെത്തി അന്വേഷിച്ചപ്പോൾ തന്റെയും ഭാര്യയുടെയും പേരിൽ ആരോ വ്യാജ പ്രമാണങ്ങൾ ചമച്ച് ലോൺ എടുത്തതായും തവണകൾ തിരിച്ചടയ്ക്കാതെ കുടിശ്ശിക വരുത്തിയതായും വ്യക്തമായി. കുടിശ്ശിക സംബന്ധിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ കൺകറന്റ് ഓഡിറ്ററെ സമീപിക്കാനാണ് ബാങ്ക് ജീവനക്കാർ ഇവരോട് പറഞ്ഞത്. ഇവരുടെ പരാതിക്ക് പുറത്ത് കൺകറന്റ് ഓഡിറ്റർ നടത്തിയ പരിശോധനയിൽ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. ഇത് സംബന്ധിച്ച റിപ്പോർട്ട് സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് സമർപ്പിക്കുകയും ചെയ്തു. ബാങ്കിൽ നാല് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായും ബാങ്കിലെ തന്നെ വനിതാ ജീവനക്കാർക്കുൾപ്പെടെ ഇതിൽ പങ്കുണ്ടെന്നുമാണ് ഈ റിപ്പോർട്ട്.

ഹരിചന്ദ്രലാലും സുമിതയും പോലീസിലും പരാതി നൽകി. എന്നാൽ, ഇവരുടെ പരാതിയിൽ പോലീസ് കേസെടുക്കാൻ തയ്യാറായില്ല. ശേഷം, ഇവർ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി സമർപ്പിച്ചു. വിവരാവകാശ നിയമ പ്രകാരം ശേഖരിച്ച ഓഡിറ്റ് റിപ്പോർട്ടും കോടതിക്ക് മുന്നിലെത്തിച്ചു. തുടർന്ന്, കോടതി നിര്‍ദേശ പ്രകാരം മുണ്ടക്കയം പോലീസ് ബാങ്ക് ഭരണസമിതിക്കും ജീവനക്കാര്‍ക്കുമെതിരെ കേസെടുത്തു. എന്നാല്‍, വിചിത്രം എന്ന്‌ പറയട്ടെ തട്ടിപ്പുകാര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം ഹരിചന്ദ്രലാലിനെയും കുടുംബത്തിനെയും വേട്ടയാടാനാണ് പോലീസ് ശ്രമിച്ചത്.

വീട് റെയ്ഡ് ചെയ്ത പോലീസ് ബാങ്കിൽ സ്ഥിര നിക്ഷേപം ഇട്ടതിന്റെ രസീത് പിടിച്ചെടുത്ത് ബാങ്കിൽ നിന്നും ലോൺ എടുത്തതിന്റെ രേഖയാണിതെന്ന് വരുത്തി തീർക്കാൻ നോക്കി

വീട് റെയ്ഡ് ചെയ്ത പോലീസ് ബാങ്കിൽ സ്ഥിര നിക്ഷേപം ഇട്ടതിന്റെ രസീത് പിടിച്ചെടുത്ത് ബാങ്കിൽ നിന്നും ലോൺ എടുത്തതിന്റെ രേഖയാണിതെന്ന് വരുത്തി തീർക്കാൻ നോക്കി. കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ എത്തിയ തന്നെ പ്രതിയാക്കി പോലീസ് കേസെടുത്തു എന്ന് ഹരിചന്ദ്രലാൽ പറഞ്ഞു. അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തലായിരുന്നു പിന്നീട്. തനിക്കെതിരെ പോലീസ് കള്ളക്കേസ് എടുത്തതായി കാണിച്ച് കോട്ടയം എസ്പിക്ക് പരാതി നൽകിയിട്ടും ഒരു പ്രയോജനം ഉണ്ടായില്ലെന്നും ഹരിചന്ദ്രലാൽ പറയുന്നു. വിഷയത്തില്‍ സഹകരണ വകുപ്പ് സെക്രട്ടിക്ക് നല്‍കിയ പരാതിയിലും ഇതുവരെ ഒരു ഇടപെടലുമുണ്ടായിട്ടില്ല.

മുൻപ് ബാങ്കിൽ പത്തേകാൽ ലക്ഷം രൂപ സ്ഥിരനിക്ഷേപം ഇട്ടിരുന്നു എന്നതല്ലാതെ തനിക്കോ തന്റെ കുടുംബത്തിനോ ബാങ്കുമായി ഒരു തരത്തിലുള്ള ഇടപാടും ഉണ്ടായിട്ടില്ലെന്ന് ഹരിചന്ദ്രലാൽ പറയുന്നു. തന്റെ ബന്ധുകൂടിയായ ബാങ്കിലെ മാനേ​ജർ പി ആര്‍ ഗിരീഷും ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളും ബാങ്കിലെ മറ്റു ജീവനക്കാരും ചേർന്ന് വ്യാജരേഖകൾ ഉണ്ടാക്കി തന്നെ ചതിച്ചു എന്ന് വിവരാവകാശ രേഖകള്‍ ഉൾപ്പടെ നിരത്തി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പേരും വ്യാജരേഖകളും ഉപയോഗിച്ചാണ് ഗിരീഷ് ബാങ്കില്‍ നിന്ന് ലോണ്‍ തരപ്പെടുത്തിയതെന്നും ഇവർ ആരോപിക്കുന്നു.

ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പിന്റെ സൂത്രധാരനെന്ന് ബാങ്ക് ആരോപിച്ച മുന്‍ മാനേജര്‍ ഗിരീഷിനെ അറസ്റ്റ് ചെയ്യാന്‍ മാസങ്ങൾ പിന്നിട്ടിട്ടും പോലീസിന് സാധിച്ചിട്ടില്ല

അനധികൃതമായി വായ്പ എടുത്തതുമായി ബന്ധപ്പെട്ട് ഗിരീഷിനെ ബാങ്ക് ഭരണസമിതി സസ്പെൻഡ് ചെയ്യുകയും ഇയാൾക്കെതിരെ കേസ് കൊടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇയാൾ കഴിഞ്ഞ ഒരു വർഷമായി ഒളിവിലാണ്. അനധികൃതമായി വായ്പയെടുത്ത ജീവനക്കാരില്‍ ഗിരീഷ് ഒഴികെ ബാക്കിയെല്ലാവരും ഇപ്പോഴും ഇതേ ബാങ്കിൽ ജോലിയില്‍ തുടരുന്നുണ്ട്. കേരള സഹകരണ സംഘം നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളില്‍ നടക്കുന്ന ക്രിമിനല്‍ സ്വാഭാവമുള്ള സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ക്യത്യവിലോപം വരുത്തി ബാങ്ക് ഭരണ സമിതിക്കും ജീവനക്കാര്‍ക്കുമെതിരെ ക്രിമിനല്‍ നിയമപ്രകാരം നടപടി എടുക്കാനുള്ള മാര്‍ഗ രേഖ ഉള്‍പ്പെടെ കാറ്റില്‍ പറത്തിയാണ് കണ്ണിമലയിലെ സര്‍വീസ് സഹകരണ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് ഭരണ സമിതിയുടെ പ്രതികരണത്തിന് ശ്രമിച്ചെങ്കിലും പ്രതികരണം ലഭ്യമായില്ല.

ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പിന്റെ സൂത്രധാരനെന്ന് ബാങ്ക് ആരോപിച്ച മുന്‍ മാനേജര്‍ ഗിരീഷിനെ അറസ്റ്റ് ചെയ്യാന്‍ മാസങ്ങൾ പിന്നിട്ടിട്ടും പോലീസിന് സാധിച്ചിട്ടില്ല. ഓഡിറ്റ് റിപ്പോര്‍ട്ട് ഉള്‍പ്പെടെ കോടികളുടെ ക്രമക്കേട് തുറന്നുകാണിക്കുന്ന രേഖകൾ ഉണ്ടായിട്ടും തട്ടിപ്പ് നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നത് തട്ടിപ്പിന് പിന്നിലെ ഉന്നത ബന്ധം വെളിവാക്കുന്നതാണ്. സഹകരണ ബാങ്കുകളിലെ തട്ടിപ്പ് തടയാന്‍ കർശന നിയമം നടപ്പിലാക്കുമെന്ന സർക്കാർ വാഗ്ദാനം കടലാസില്‍ ഒരുങ്ങുമ്പോള്‍ നിരപരാധിയായ ഹരിചന്ദ്രലാലും ഭാര്യ സുമിതയും കള്ളക്കേസുമായി ബന്ധപ്പെട്ട നിയമനടപടികൾ നേരിടേണ്ട നിസ്സഹായ അവസ്ഥയിലാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ