KERALA

കണ്ണൂര്‍ വി സി പുനര്‍നിയമനം: ഗവര്‍ണറെ പഴിചാരി തടിയൂരാന്‍ സര്‍ക്കാര്‍; 'ചാവേര്‍' ആയി മാറിയ ആരിഫ് മുഹമ്മദ് ഖാന്‍

വെബ് ഡെസ്ക്

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്ത് പുനര്‍നിയമനം നേടിയ ഡോ.ഗോപിനാഥ് രവീന്ദ്രനെ സുപ്രീം കോടതി പുറത്താക്കിയതോടെ സംസ്ഥാനത്ത് സജീവമായ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് രൂക്ഷതയിലേക്ക്. പിണറായി സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള മൂപ്പിളത്തര്‍ക്കസമയത്തായിരുന്നു കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനവും നടന്നത്.

ആദ്യഘട്ടത്തില്‍ ഗവര്‍ണര്‍ നിയമനത്തെ എതിര്‍ത്തെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പിന്നീട് വി സിയുടെ പുനര്‍നിയമന ഫയലില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടുകയായിരുന്നു. എന്നാല്‍, ഈ കീഴടങ്ങല്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ നിര്‍ദേശിച്ച ചിലരുടെ നിയമനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കാനുള്ള കൊടുക്കല്‍ വാങ്ങല്‍ ആണെന്ന് പ്രതിപക്ഷം അന്ന് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ സര്‍വകലാശാലകളില്‍ നടന്ന നിയമനങ്ങളില്‍ കോടതി ഇടപെടല്‍ ഉണ്ടായതോടെ മനംമാറിയ ഗവര്‍ണര്‍ ഗോപിനാഥിന്റെ നിയമനം സര്‍ക്കാര്‍ സമ്മര്‍ദം മൂലമാണെന്നു വ്യക്തമാക്കുകയും സമാനമായ നിരവധി വിഷയങ്ങള്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിക്ക് കത്ത് അയക്കുകയായിരുന്നു.

ചാന്‍സലര്‍ സ്ഥാനം ഒഴിയാന്‍ തയാറാണെന്നും സ്ഥാനം മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും കത്തില്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സംബന്ധിച്ച് ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പും പുറത്തിറക്കി.

വി സിയുടെ പുനര്‍നിയമനത്തിന് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസമന്ത്രിയും ചേര്‍ന്നാണ് ചുക്കാന്‍ പിടിച്ചതെന്ന് വെളിപ്പെടുത്തലാണ് ഗവര്‍ണര്‍ നടത്തിയത്. ഗവര്‍ണര്‍ ആവശ്യപ്പെട്ട പ്രകാരമാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പേര് നല്‍കിയതെന്ന വാദം തെറ്റാണെന്നും രാജ്ഭവന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. വി സി നിയമനത്തില്‍ മുന്‍കൈയെടുത്തത് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയുമാണ്. ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരമാണ് പുനര്‍നിയമനം നല്‍കിയത് എന്നുള്ള വാര്‍ത്തകള്‍ പൂര്‍ണമായും വളച്ചൊടിക്കപ്പെട്ടതാണ്.

നിയമനത്തില്‍ പങ്കില്ലെന്ന് തെളിയിക്കാന്‍ 2022 നവംബര്‍ 21 മുതല്‍ 23 വരെ സര്‍ക്കാരുമായി നടത്തിയ കത്തിടപാടുകളുടെ വിശദാംശങ്ങളും രാജ്ഭവന്‍ പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് കെ കെ രവീന്ദ്രനാഥ് നവംബര്‍ 21ന് തന്നെ വന്ന് കണ്ടു. വി സിയായ ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കാനാണ് സര്‍ക്കാരിന് താല്‍പ്പര്യമെന്ന് അറിയിച്ചു. ഈ കാര്യത്തിലുള്ള സര്‍ക്കാരിന്റെ ഔദ്യോഗികമായ കത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് രാജ്ഭവനില്‍ എത്തിക്കുമെന്ന് അറിയിച്ചതായും ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് സര്‍വകലാശാല സെനറ്റ് അംഗം പ്രേമചന്ദ്രന്‍ കീഴോത്തും അക്കാഡമിക് കൗണ്‍സില്‍ ആംഗം ഷിനോ പി ജോസും ഹൈക്കോടതിയെ സമീപിച്ചത്. വി സിയുടെ പുനര്‍നിയമനം ഗവര്‍ണര്‍ അംഗീകരിച്ചതാണെന്നും നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടെന്നും കാട്ടി ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. ഗവര്‍ണറെ എന്തുനിലപാട് സ്വീകരിക്കണമെന്ന ആശയക്കുഴപ്പത്തില്‍ കുരുക്കാന്‍ ഹൈക്കോടതിയിലെ ഈ കേസില്‍ സര്‍ക്കാരിന് ആയിരുന്നു.

ഇതിനു പിന്നാലെ സര്‍വകലാശാല നിയമന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ ഗവര്‍ണര്‍ തുറന്നപോരിന് ഇറങ്ങുകയായിരുന്നു. മുഖ്യമന്ത്രി അപേക്ഷിച്ചത് കൊണ്ടാണ് കണ്ണൂര്‍ വിസിക്ക് പുനര്‍നിയമനം നല്‍കിയത്. തന്റെ നാടാണ് എന്ന് പറഞ്ഞായിരുന്നു ഗോപിനാഥിന്റെ പുനര്‍നിയമനം മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. അത് താന്‍ മാനിക്കുകയായിരുന്നു എന്നും ഗവര്‍ണര്‍ വെളിപ്പെടുത്തി. സര്‍വകലാശാല നിയമനങ്ങള്‍ ഞെട്ടിക്കുന്നതാണ്. ചിലരുടെ അനന്തരവന്‍, ഭാര്യ സഹോദരന്‍ എന്നിവരാണ് നിയമനം നേടുന്നത്. മികച്ചവര്‍ പുറത്ത് പോകുന്ന നിലയുണ്ടായാല്‍ വിവരമില്ലാത്തവര്‍ അധികാരം നേടുമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസം തകരുകയാണ്. കേരളത്തിലെ മികച്ച വിദ്യാര്‍ഥികള്‍ മറ്റിടങ്ങളിലേക്ക് പോവുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അധികം വൈകാതെ, ഒമ്പത് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ രാജിവക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്തയച്ചു.

കേരള സര്‍വകലാശാല, മഹാത്മാഗാന്ധി സര്‍വകലാശാല, കൊച്ചിന്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി സര്‍വകലാശാല, കേരള സര്‍വകലാശാല ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്, കണ്ണൂര്‍ സര്‍വകലാശാല, എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം എന്നീ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാര്‍ സ്ഥാനമൊഴിയാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.

ഈ ആവശ്യം കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന്‍ അടക്കം തള്ളിയിരുന്നു. തന്റെ നിയമനത്തില്‍ സുപ്രീം കോടതിയില്‍ കേസ് നടക്കുകയാണെന്നും അതിനാല്‍ വി സി സ്ഥാനം രാജിവയ്ക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു ഗോപിനാഥിന്റെ മറുപടി. ഇതും ഗവര്‍ണറെ പ്രകോപിച്ചിരുന്നു. അതിനാല്‍ കേസിലെ ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ ഗവര്‍ണര്‍ ' ചാവേര്‍' ആകാന്‍ തീരുമാനിക്കുകയായിരുന്നു. സുപ്രീം കോടതി തേടിയ സത്യവാങ്മൂലത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദത്തിന് വഴങ്ങിയായാലും താന്‍ തെറ്റായ കാര്യം ചെയ്യുകയായിരുന്നെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. നിയമവിരുദ്ധമായ നിയമനം നടത്തിയെന്ന് സ്വയം ഏറ്റുപറഞ്ഞ് സുപ്രീം കോടതിയില്‍ നിന്ന് വിമര്‍ശനം ഏറ്റുവാങ്ങിയാലും അതുവഴി സംസ്ഥാന സര്‍ക്കാരിനെ വിഷയത്തില്‍ കുടുക്കാന്‍ സാധിക്കുമെന്ന നിയമപരമായ തിരിച്ചറിവില്‍ നിന്നാണ് ഗവര്‍ണര്‍ ' ചാവേറാകാന്‍' തീരുമാനിച്ചത്.

വി സിയുടെ പുനര്‍നിയമനത്തില്‍ മറ്റു വിഷയങ്ങളിലെല്ലാം സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനൊപ്പം നിന്നപ്പോഴും സമ്മര്‍ദം മൂലമുള്ള നിയമനം എന്ന ഗവര്‍ണര്‍ നിലപാടാണ് കടുത്ത വിമര്‍ശനങ്ങളിലേക്കും ഗോപിനാഥ് രവീന്ദ്രന്റെ പുറത്താക്കലിലേക്കും സുപ്രീം കോടതിയെ നയിച്ചത്. അതേസമയം, നിയമനം ഗവര്‍ണര്‍ നടത്തിയതാണെന്ന സാങ്കേതികമായ കാരണത്തില്‍ പിടിച്ചു തലയൂരാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമം. ചട്ടവിരുദ്ധമായ നിയമങ്ങളില്‍ വരുംദിവസങ്ങളില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ ഏറ്റുമുട്ടല്‍ കൂടുതല്‍ രൂക്ഷമാകുമെന്ന് ഉറപ്പാക്കുന്നതാണ് ഇന്നത്തെ സുപ്രീം കോടതി വിധി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും