കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ സുരക്ഷിതമാക്കാനുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് ഒച്ചുവേഗം. പള്ളിക്കൽ, നെടിയിരുപ്പ് വില്ലേജുകളിലെ 80 പേരുടെ ഭൂമി ഏറ്റെടുക്കണമെന്നിരിക്കെ ആകെ മുപ്പതു ഭൂവുടമകൾ മാത്രമാണ് റവന്യൂ വകുപ്പിന് ഇതുവരെ ഭൂരേഖകൾ കൈമാറിയത്. ഈ മാസം 15ന് നടപടികൾ പൂർത്തിയാക്കി കേന്ദ്രത്തിന് സ്ഥലം കൈമാറുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ പകുതിയിലധികം ഭൂവുടമകളുടെ രേഖകൾ ഇനിയും ലഭിക്കേണ്ട സാഹചര്യത്തിൽ കേന്ദ്രത്തിന് സ്ഥലം കൈമാറുന്നത് ഇനിയും നീളുമോ എന്നതാണ് ആശങ്കയായി തുടരുന്നത്.
പലരുടെയും ഭൂരേഖകൾ അപൂർണ്ണമായതിനാൽ വ്യക്തമായ രേഖകൾ സമർപ്പിക്കുന്നതിന് കൂടുതൽ സമയം വേണമെന്ന് ഭൂവുടമകൾ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം രേഖകൾ സമർപ്പിക്കുന്നതിന് സർക്കാർ കൂടുതൽ സമയം അനുവദിച്ചിട്ടുണ്ട്. സെപ്റ്റംബർ 15ന് മൂന്ന് ദിവസം മാത്രം ശേഷിക്കെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കാൻ കഴിയില്ല. അതേസമയം നെടിയിരുപ്പ് വില്ലേജിൽ ഭൂമി ഏറ്റെടുക്കുമ്പോൾ വഴി നഷ്ടപ്പെടുന്നത് സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന ആവശ്യവും ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്.
ഇരു വില്ലേജുകളിൽ നിന്നുമായി 14.5 ഏക്കർ ഭൂമിയാണ് റിസയുടെ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നീളം കൂട്ടാനായി സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നത്. റിസയുടെ നീളം കൂട്ടി സുരക്ഷ വർധിപ്പിച്ചാൽ മാത്രമേ കരിപ്പൂരിൽ ഇനി വലിയ വിമാനം ഇറങ്ങുകയുള്ളൂ. സ്ഥലം ഏറ്റെടുത്ത് നൽകുന്നതിനായി കേന്ദ്രസർക്കാർ പലതവണ സംസ്ഥാന സർക്കാറിന് സമയം നീട്ടി നൽകിയ സാഹചര്യത്തിൽ ഇനിയും നീട്ടി നൽകുമോ എന്നതും ആശങ്കയായി തുടരുന്നുണ്ട്.
സ്ഥലം ഏറ്റെടുത്ത് നൽകുന്നില്ലെങ്കിൽ റൺവേയുടെ നീളം വെട്ടിച്ചുരുക്കി റിസയുടെ നീളം കൂട്ടി സുരക്ഷ വർദ്ധിപ്പിക്കാനായിരുന്നു കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനം. അതേസമയം ലഭിക്കുന്ന നഷ്ടപരിഹാരത്തുകയെക്കുറിച്ച് ഭൂവുടമകളിൽ ചിലർ ഇപ്പോഴും പരാതി ഉന്നയിക്കുന്നുണ്ട്.