മുസ്ലീങ്ങള്‍ക്കുള്ള നാല് ശതമാനം സംവരണം എടുത്തുകളയാനുളള കര്‍ണാടക സര്‍ക്കാരിന്റെ നീക്കം തടഞ്ഞ് സുപ്രീംകോടതി. വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള രണ്ട് ശതമാനം സംവരണം ഉയര്‍ത്താനും ഒബിസി മുസ്ലീങ്ങള്‍ക്കുള്ള നാല് ശതമാനം സംവരണം എടുത്തുകളയാനുമുള്ള ബിജെപി സര്‍ക്കാര്‍ തീരുമാനമാണ് സുപ്രീംകോടതി താത്കാലിമായി തടഞ്ഞത്.
മേയ് 9 വരെ നേരത്തെയുള്ള സ്ഥിതി തുടരണമെന്നാണ് ജസ്റ്റിസ് കെ എം ജോസഫ്, ബിവി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം. വിഷയത്തില്‍ നേരത്തെ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാനം കൂടുതല്‍ സമയം തേടിയ സാഹചര്യത്തില്‍ കൂടിയാണ് സുപ്രീംകോടതി തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശിച്ചത്. കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തിന് എതിരെ നേരത്തെയും സുപ്രീംകോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം തികച്ചും തെറ്റാണെന്നായിരുന്നു വിവിധ സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ കോടതി നടത്തിയ നിരീക്ഷണം.
പ്രബലമായ ഹിന്ദു വിഭാഗങ്ങളെ സ്വാധീനിക്കാനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ണാടക സര്‍ക്കാര്‍ ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നായിരുന്നു സംവരണം എടുത്തു കളയാനുളള തീരുമാനത്തിനെതിരെ ഉയര്‍ന്ന പ്രധാന ആക്ഷേപം. വിവിധ മുസ്ലീം മത സംഘടനകളും വ്യക്തികളുമാണ് ഹര്‍ജി നല്‍കിയത്.
സംസ്ഥാനത്തെ ജനസംഖ്യയുടെ 13 ശതമാനത്തോളം വരുന്ന മുസ്ലീങ്ങളോട് വിവേചനം കാണിക്കുയാണെന്നും തുല്യതയുടെയും മതേതരത്വത്തിന്റെയും ഭരണഘടനാ തത്വങ്ങള്‍ സര്‍ക്കാര്‍ ലംഘിച്ചുവെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. യാതൊരു പഠനവും നടത്താതെയാണ് സര്‍ക്കാര്‍ തീരുമാനമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
വിവിധ സമുദായങ്ങളുടെ സാമൂഹിക-സാമ്പത്തിക നില പരിശോധിക്കാന്‍ നിയോഗിച്ച കമ്മീഷന്റെ ശുപാര്‍ശ പരിഗണിച്ചാണ് തീരുമാനമെടുത്തതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. സംസ്ഥാനത്തെ ജനസംഖ്യയുടെ 40 ശതമാനത്തോളം വരുന്ന വൊക്കലിഗകളും ലിംഗായത്തുകളും ഉയര്‍ന്ന സംവരണത്തിന് അര്‍ഹരാണെന്നും ഈ സമുദായങ്ങളുടെ ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യം കൂടി കണക്കിലെടുത്തുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, ഹര്‍ജികളില്‍ പ്രതികരണം രേഖപ്പെടുത്താന്‍ അനുവദിക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് എന്നായിരുന്നു വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങളില്‍പ്പെട്ടവരുടെ വാദം.