കേരളത്തിൽ നന്ദിനി പാലിന്റെ കൂടുതൽ ഔട്ട്‌ലെറ്റുകള്‍ തുറക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്മാറി കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ (കെ എം എഫ്). ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെയും കേരള മില്‍ക്ക് ഫെഡറേഷനെയും അറിയിച്ചു.
കേരളത്തിൽ നന്ദിനിയുടെ പുതിയ ഔട്ട്‌ലെറ്റുകള്‍ തുടങ്ങില്ലെന്ന് കെ എം എഫ് അറിയിച്ചതായി മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കി. കേരളത്തിൽ നന്ദിനി വേണ്ടെന്നും മിൽമ മതിയെന്നും മന്ത്രി പറഞ്ഞു.
എറണാകുളം ജില്ലയിലെ കാക്കനാട്, എളമക്കര, പത്തനംതിട്ടയിലെ പന്തളം, മലപ്പുറം ജില്ലയിലെ മഞ്ചേരി, തിരൂര്‍, ഇടുക്കിയിലെ തൊടുപുഴ എന്നിവിടങ്ങളിൽ നന്ദിനി ഔട്ട്‌ലെറ്റുകള്‍ തുറന്നിരുന്നു. ഇതേത്തുടർന്ന് മിൽമയും സംസ്ഥാന സർക്കാരും എതിർപ്പുയർത്തിയിരുന്നു. ഇതേത്തുടർന്നാണ് കെ എം എഫിന്റെ തീരുമാനം.
കര്‍ണാടകയിൽ പുതുതായി അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാര്‍ കെ എം എഫ് തലപ്പത്ത് അഴിച്ചുപണി നടത്തിയതിന് പിന്നാലെയാണ് കേരളത്തില്‍ കൂടുതൽ ഔട്ട്‌ലെറ്റുകള്‍ തുടങ്ങാനുള്ള തീരുമാനത്തില്‍ നന്ദിനി പിന്മാറിയത്. സഹകരണ തത്വം പാലിക്കണമെന്ന പുതിയ കോണ്‍ഗ്രസ് സർക്കാരിന്‍റെ തീരുമാനവും ഇക്കാര്യത്തിൽ നിർണായകമായി. നിലവില്‍ പ്രവർത്തിക്കുന്ന ഔട്ട്‌ലെറ്റുകള്‍ പൂട്ടിയേക്കുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ വരും ദിവസങ്ങളില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.
കേരളവിപണിയിൽ കടന്നുകയറാനുള്ള നന്ദിനിയുടെ നീക്കത്തിന് അതേ രീതിയിൽ തിരിച്ചടി നൽകാനുള്ള ആലോചനയിലായിരുന്നു മിൽമ. കർണാടകയിൽ മിൽമ ഔട്ട്‌ലെറ്റുകള്‍ തുറക്കാനും അവിടുത്തെ കർഷകരിൽനിന്ന് കൂടിയ വിലയ്ക്ക് പാൽ സംഭരിക്കാനുമായിരുന്നു മിൽമയുടെ ആലോചന.
കേരളത്തിൽ കൂടുതൽ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള തീരുമാനത്തില്‍നിന്ന് നന്ദിനി പിന്മാറിയ സാഹചര്യത്തില്‍ ഔട്ട്‌ലെറ്റുകള്‍ കര്‍ണാടകത്തില്‍ സ്ഥാപിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്മാറുമെന്ന് മിൽമ എറണാകുളം മേഖലാ ചെയര്‍മാന്‍ എം ടി ജയന്‍ 'ദ ഫോര്‍ത്തി'നോട് പറഞ്ഞു.
കർണാടകയിലെ കർഷകരിൽ നിന്ന് പാൽ നേരിട്ടു സംഭരിക്കാനില്ലെന്നും ജയൻ വ്യക്തമാക്കി. കെ എം എഫ് തീരുമാനം മാറ്റിയാല്‍ തങ്ങള്‍ക്കും കാര്യങ്ങള്‍ പുനഃപരിശോധിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, ഗുജറാത്തില്‍ നിന്നുള്ള അമൂല്‍ കര്‍ണാടകയിലേക്ക് കടന്നു കയറുന്നു എന്നാരോപിച്ച് അന്നത്തെ പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ് വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നന്ദിനി കേരളത്തിലേക്ക് കടന്നുവരുന്നത് വലിയ വാര്‍ത്തയായത്.