കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വായ്പാ തട്ടിപ്പുകേസില്‍ അറസ്റ്റ് നടപടികളുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത സതീഷ് കുമാർ, പി പി കിരൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇഡി അന്വേഷണം ആരംഭിച്ച ശേഷം നടക്കുന്ന ആദ്യ അറസ്റ്റാണ് ഇരുവരുടെയും. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.
കരുവന്നൂരിലെ വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ബിനാമി ആരോപണങ്ങളില്‍ പ്രധാനിയാണ് സതീഷ് കുമാർ. ഇയാള്‍ തട്ടിപ്പ് കേസിലെ പ്രധാനിയാണെന്നുമാണ് ഇഡി നിലപാട്. ഇടാപാടുകാരനായ കിരൺ കുമാർ 14 കോടി രൂപ തട്ടിയെടുത്തെന്നും തുകയില്‍ ഒരു പങ്ക് സതീഷ് കുമാറിന് കൈമാറിയെന്നും ഇ ഡി ആരോപിക്കുന്നു.
അതേസമയം, സിപിഎം പ്രാദേശിക നേതാക്കളുടെ അറിവോടെയാണ് തട്ടിപ്പെന്ന വാദം ശക്തമാക്കുകയാണ് ഇഡി. നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത് എന്നാണ് അന്വേഷണ ഏജന്‍സിയുടെ നിലപാട്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്നും ഇ ഡി വ്യക്തമാക്കുന്നു.
അതിനിടെ, ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി എ സി മൊയ്തീനെ ചോദ്യം ചെയ്യാന്‍ ഇഡി വീണ്ടും നോട്ടീസ് നല്‍കിയേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നേരത്തെ എസി മൊയ്തീന്‍ സമയം നീട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ഇ ഡി അംഗീകരിച്ചേയ്ക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് തന്നെ നോട്ടീസ് നല്‍കിയേക്കും.