KERALA

ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; എ സി മൊയ്തീനെ ഇഡി ചോദ്യം ചെയ്തേയ്ക്കും

ഇഡി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ വിശദമായ ചോദ്യം ചെയ്യലിന് ഇ ഡി അദ്ദേഹത്തെ വിളിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്

വെബ് ഡെസ്ക്

കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എ സി മൊയ്തീന്റെ വീട്ടിൽ നടന്ന റെയ്ഡിന് പിന്നാലെ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ഇഡി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ മൊയ്ദീന്റെ പേരിലുള്ള രണ്ട് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായാണ് റിപ്പോർട്ട്. രണ്ടു സ്ഥിരനിക്ഷേപ അക്കൗണ്ടുകളിലും കൂടി 31 ലക്ഷം രൂപയായിരുന്നു ഉണ്ടായിരുന്നത്. ബാങ്ക് തട്ടിപ്പ് അന്വേഷിക്കുന്ന ഇ ഡി സംഘം കഴിഞ്ഞ ദിവസം മൊയ്തീന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. എ സി മൊയ്തീന്റെ തൃശൂർ വടക്കാഞ്ചേരിയിലെ പനങ്ങാട്ടുകരയിലുള്ള വസതിയിലായിരുന്നു റെയ്ഡ്. ഏതാണ്ട് 22 മണിക്കൂറോളം എടുത്തായിരുന്നു പരിശോധന പൂര്‍ത്തിയാക്കിയത്.

ചൊവ്വാഴ്ച രാവിലെ ആരംഭിച്ച ഇ ഡി റെയ്ഡ് ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു അവസാനിച്ചത്

പരിശോധനയുടെ അടിസ്ഥാനത്തിൽ വിശദമായ ചോദ്യം ചെയ്യലിന് ഇ ഡി അദ്ദേഹത്തെ വിളിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളും ആദായനികുതി അടച്ചതിന്റെ രേഖകളിലും കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യൽ. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് 300 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. കേസ് ആദ്യം കേരളാ പോലീസ് അന്വേഷിച്ചെങ്കിലും പിന്നീട് ഇ ഡി ഏറ്റെടുക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച ഇ ഡി റെയ്ഡ് ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു അവസാനിച്ചത്.

അതേസമയം, പരിശോധന ആസൂത്രിതമാണെന്നും ഭയപ്പെട്ട് നിൽക്കേണ്ട സാഹചര്യമില്ലെന്നും എ സി മൊയ്തീൻ റെയ്ഡിന് പിന്നാലെ പറഞ്ഞു. റെയ്ഡിനോട് പൂർണമായി സഹകരിച്ചു. ക്രമരഹിതമായി ബാങ്ക് വായ്പ എടുക്കാന്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഇടപെട്ടുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്‌ഡെന്ന് ഇ ഡി അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി

തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി സിപിഎം നേതാക്കളുടെ പേരുകൾ പുറത്തുവന്നെങ്കിലും മുതിർന്ന നേതാക്കൾ പ്രതിക്കൂട്ടിലാകുന്നത് ഇതാദ്യമാണ്

കേസിലെ മറ്റു പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച സൂചനയാണ് ഇ ഡിയെ എ സി മൊയ്ദീനിലേക്ക് എത്തിച്ചത്. തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി സിപിഎം നേതാക്കളുടെ പേരുകൾ പുറത്തുവന്നെങ്കിലും മുതിർന്ന നേതാക്കൾ പ്രതിക്കൂട്ടിലാകുന്നത് ഇതാദ്യമാണ്. 25 കോടി രൂപയുടെ വായ്പ ലഭിച്ച നാലുപേർ എംഎൽഎയുടെ ബിനാമിയാണെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് പല തവണ ബാങ്ക് ജീവനക്കാരെയും ചോദ്യം ചെയ്തിരുന്നു. ജീവനക്കാരുടെ മൊഴിയിൽ പലതും സിപിഎം നേതാവും മുൻ മന്ത്രിയുമായ എ സി മൊയ്തീന് നേരെ വിരൽ ചൂണ്ടുന്നതായിരുന്നു.

മൊയ്തീന്റെ ബന്ധുക്കളിൽ ചിലർക്കും തട്ടിപ്പുമായി ബന്ധമുണ്ടെന്നാണ് ആരോപണം. മുൻപ് കേരളാ പോലീസ് അന്വേഷിച്ച കേസിൽ, ബാങ്ക് ജീവനക്കാരെയും സിപിഎം ജില്ലാ നേതാക്കളെയും പ്രതിചേർത്തിരുന്നു.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി