KERALA

കരുവന്നൂർ: അറസ്റ്റ് ഭയക്കുന്നില്ലെന്ന് എം കെ കണ്ണന്‍, സിപിഎം കൊള്ളക്കാർക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ്

വെബ് ഡെസ്ക്

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റുള്‍പ്പെടെയുള്ള നടപടികളുമായി ഇഡി മുന്നോട്ട് പോകുമ്പോള്‍ ആരോപണങ്ങളും പ്രതിരോധങ്ങളുമായി ഭരണ പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്. ഇഡിയുടെ അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്‍റ് എം കെ കണ്ണൻ പ്രതികരിച്ചു. തനിക്ക് ബിനാമി അക്കൗണ്ടുകളില്ലെന്നും സാമ്പത്തിക ഇടപാടുകൾ സുതാര്യമാണെന്നും എം കെ കണ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിലായ സിപിഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷന്റെ നിക്ഷേപത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇഡി പാർട്ടി പ്രവർത്തകരെ വേട്ടയാടുകയാണെന്നും എം കെ കണ്ണൻ ആരോപിച്ചു.

എൽഡിഎഫ് ആയാലും യുഡിഎഫ് ആയാലും, സഹകരണ ബാങ്കുകളിൽ നിയമവിരുദ്ധ പ്രവർത്തനമുണ്ടായാൽ, മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി വി എൻ വാസവൻ

എൽഡിഎഫ് ആയാലും യുഡിഎഫ് ആയാലും, സഹകരണ ബാങ്കുകളിൽ നിയമവിരുദ്ധ പ്രവർത്തനമുണ്ടായാൽ, മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി വി എൻ വാസവൻ പ്രതികരിച്ചു. കരുവന്നൂർ തട്ടിപ്പിൽ സിപിഎം കൗൺസിലർ അരവിന്ദാക്ഷന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് മന്ത്രി ആരോപിച്ചു. കൂടാതെ കണ്ടള സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും പണം തിരികെ നൽകുമെന്നും വി എൻ വാസവൻ പറഞ്ഞു.

എന്നാല്‍, കരുവന്നൂര്‍ ബാങ്ക് കൊള്ളയില്‍ വന്‍മരങ്ങള്‍ വേരോടെ നിലംപൊത്തുമെന്ന ഭയമാണ് സി.പി.എമ്മിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. വന്‍മരങ്ങള്‍ക്ക് കാറ്റ് പിടിച്ച് തുടങ്ങിയിട്ടുണ്ട്. അതിന്റെ അങ്കലാപ്പിലും വെപ്രാളത്തിലുമാണ് സി പി എം നേതൃത്വം. കൊള്ളക്കാരെ സംരക്ഷിക്കാനും ന്യായീകരിക്കാനും സി.പി.എം ഇപ്പോഴും ശ്രമിക്കുന്നത് അപഹാസ്യമാണെന്നും വിഡി സതീശന്‍ ആരോപിച്ചു.

സിപിഎമ്മും സര്‍ക്കാരും ഇരകളായ സാധാരണ മനുഷ്യരുടെ കൂടെയല്ല, നിക്ഷേപകരെ കവര്‍ച്ച ചെയ്ത കൊള്ളക്കാര്‍ക്കൊപ്പമാണ്. നിക്ഷേപകരുടെ പണം നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രിയുടെ വാക്കുകള്‍ കാപട്യമാണ്. പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിട്ടും നിക്ഷേപക ഗ്യാരണ്ടിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ അനങ്ങിയിട്ടില്ല. കൊള്ളക്കാരെ സംരക്ഷിച്ച് ഇ.ഡിയുടെ വരവിന് അവസരം ഒരുക്കിക്കൊടുത്ത സി.പി.എമ്മും സര്‍ക്കാരും കേരളത്തിന്റെ ജീവനാഡിയായ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയാണ് തകര്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതിനിടെ, കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ കോടതിയുടെ നടപടികൾ റിപ്പോർട്ട് ചെയ്യന്നതിൽ നിന്ന് മാധ്യമങ്ങൾ വിലക്കി. എറണാകുളം സിബിഐ കോടതി ജഡ്ജി ഷിബു തോമസാണ് മാധ്യമങ്ങൾ കോടതിക്ക് അകത്തേക്ക് കയറേണ്ടതില്ലെന്ന് പറഞ്ഞത്. ഇത് കോടതി നടപടികളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം. കേസിൽ, തൃശൂർ സഹകരണ ബാങ്ക് സെക്രട്ടറി എ ബി ബിനുവിനെ ഇന്നും ഇഡി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസവും ബിനുവിനെ ഇഡി ചോദ്യം ചെയ്തിരുന്നു. കേസിലെ ഒന്നാംപ്രതി സതീശിന്റെ ഭാര്യയും ഇഡി ഓഫീസിൽ ഹാജരായി.

കേസിൽ ഇഡിയുടെ അടുത്ത ലക്ഷ്യം താനും എ സി മൊയ്‌തീനുമാണെന്ന് സിപിഎം സംസ്ഥാന സമിതി അംഗം കൂടിയായ എം കെ കണ്ണൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിപിഎം നേതാവും വടക്കാഞ്ചേരി ന​ഗരസഭ കൗൺസിലറുമായ പി ആര്‍ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്യുകയും എം കെ കണ്ണനെ ചോദ്യം ചെയുകയും ചെയ്തതിന് പിന്നാലെയായിരുന്നു പ്രതികരണം. വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നിർദേശിച്ചിട്ടുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും