കരുവന്നൂർ ബാങ്ക് തട്ടിപ്പ് 
KERALA

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; അഞ്ച് പ്രതികളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടി

വെബ് ഡെസ്ക്

തൃശൂര്‍ കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ അഞ്ച് പ്രതികളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടി. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് കേസിലെ ആദ്യ അഞ്ച് പ്രതികൾ തട്ടിപ്പിലൂടെ സമ്പാദിച്ച സ്ഥലങ്ങളും കെട്ടിടവും കണ്ടുകെട്ടാൻ ഉത്തരവിട്ടത്. ബാങ്ക് മാനേജരായിരുന്ന ബിജു കരീം, അക്കൗണ്ടന്റ് ജില്‍സ്, കമ്മിഷന്‍ ഏജന്റ് ബിജോയ്, സൂപ്പര്‍മാര്‍ക്കറ്റ് കാഷ്യര്‍ റജി കെ. അനില്‍ എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇതോടെ പ്രതികള്‍ 2011 മുതല്‍ 2021 വരെ സമ്പാദിച്ച 58 സ്വത്തുക്കള്‍ സര്‍ക്കാര്‍ അധീനത്തിലായി.

ബിജോയിയുടെ പേരില്‍ പീരുമേട്ടിലുള്ള ഒന്‍പതേക്കർ ഭൂമിയും ഇതില്‍പ്പെടും. തൃശൂര്‍, ഇരിങ്ങാലക്കുട, ചാലക്കുടി, മതിലകം, അന്തിക്കാട്, കല്ലേറ്റിന്‍കര എന്നിവിടങ്ങളിലാണ് മറ്റ് വസ്തുവകകള്‍. ഇരിങ്ങാലക്കുടയിലാണ് ഏറ്റവുമധികം ഭൂമിയുള്ളത്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ അപേക്ഷ അംഗീകരിച്ചാണ് കോടതി നടപടി. പരാതി ഉയര്‍ന്ന കാലത്ത് പ്രതികള്‍ 117 കോടി രൂപയുടെ വ്യാജ ലോണുകള്‍ തരപ്പെടുത്തിയെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്.

അതിനിടെ കളക്ഷൻ ഏജന്റ് ബിജോയിയുടെ 30 കോടി 70 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഇഡിയും കണ്ടുകെട്ടി. ബിജോയിയുടെ ഭൂമിയും കെട്ടിടങ്ങളും രണ്ട് കാറുകള്‍, ബാങ്ക് നിക്ഷേപം എന്നിവയടക്കമാണ് ഇഡി കണ്ടുകെട്ടിയത്. 26 കോടി 60 ലക്ഷം രൂപ ക്രമവിരുദ്ധമായി പാസാക്കി നല്‍കിയത് ബിജോയിയെന്ന് ഇഡി കണ്ടെത്തിയിരുന്നു.

2011 മുതൽ 2021 വരെയുള്ള കാലയളവിൽ, സമ്പാദിച്ച വസ്തുക്കൾ കണ്ടെത്താനുള്ള ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ അപേക്ഷ പ്രകാരമാണ് നടപടി. കേസിൽ ഒന്നാം പ്രതിയായ സുനിൽ കുമാറിന്റെ പേരിൽ സ്വത്തുക്കളില്ലാത്തതിനാൽ കണ്ടുകെട്ടാനാവില്ല.

നിക്ഷേപകരുടെ 300 കോടിയിലേറെ രൂപ ബാങ്കിലെ ഇടത് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ചേര്‍ന്ന് തട്ടിയെടുത്തെന്നാണ് കേസ്. 2021 ജൂലൈ 14 നാണ് നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബാങ്കിന്റെ ഉന്നതതല സമിതി നടത്തിയ ഓഡിറ്റില്‍ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. വ്യാജ രേഖ ചമച്ച് നിരവധി ആളുകളുടെ പേരിൽ ലോണ്‍ എടുത്താണ് സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ബാങ്കിലെ വായ്പാ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവർത്തനത്തിലും തട്ടിപ്പ് നടന്നുവെന്നാണ് പരിശോധനയിൽ തെളിഞ്ഞത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?