കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സംഘടിത കുറ്റകൃത്യമെന്ന് ഇ ഡി. പ്രാദേശികതലം മുതല്‍ സംസ്ഥാനതലം വരെയുള്ള അധികാരശ്രേണിയിലെ വ്യക്തികള്‍ ഇതില്‍ പങ്കാളികളാണ്. തൃശൂരിലെ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷന്റെ 90 വയസുള്ള അമ്മയുടെ അക്കൗണ്ട് വഴി പോലും വലിയ ഇടപാടുകള്‍ നടന്നുവെന്നും ഇ ഡിയുടെ കണ്ടെത്തല്‍. പി ആർ അരവിന്ദാക്ഷന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ഇഡി ചൂണ്ടിക്കാട്ടുന്നത്.
പി ആർ അരവിന്ദാക്ഷന്റെ അമ്മയുടെ ആകെയുള്ള വരുമാനം 1600 രൂപയുടെ കര്‍ഷക പെന്‍ഷനാണ്. എന്നാല്‍ നടന്നിട്ടുള്ള ഇടപാടുകളുടെ ആകെ മൂല്യം വളരെ വലുതാണ്. അമ്മയുടെ അക്കൗണ്ടിന്റെ നോമിനി ഒന്നാം പ്രതി സതീഷിന്റെ സഹോദരന്‍ ശ്രീജിത്താണെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു.
അരവിന്ദാക്ഷന്‍ നിരവധി തവണ വിദേശയാത്രകള്‍ നടത്തി. എന്നാല്‍ അരവിന്ദാക്ഷന്‍ ഇക്കാര്യം സമ്മതിച്ചിട്ടില്ലെന്നും ഇ ഡി പറഞ്ഞു. അരവിന്ദാക്ഷന്റെ ഭാര്യയുടെ പേരിലുള്ള ഒരു വസ്തു ഇതിനിടെ വില്‍ക്കുകയും ചെയ്തു. 85 ലക്ഷം രൂപയ്ക്ക് പ്രവാസിയ്ക്കാണ് സ്ഥലം വിറ്റത്. ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങളും പരിശോധിച്ചു വരികയാണെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു.
അരവിന്ദാക്ഷന്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇ ഡി കോടതിയില്‍ അറിയിച്ചു. അരവിന്ദാക്ഷനെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടും അടുത്തയാഴ്ച്ച കസ്റ്റഡി അപേക്ഷ നല്‍കുമെന്നും ഇ ഡി വ്യക്തമാക്കി.