കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം പൂർത്തിയാക്കത്തതിൽ ഹൈക്കോടതിക്ക് അതൃപ്തി. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് കോടതി വ്യക്തമാക്കി. നിലവില്‍ കരുവന്നൂരിനൊപ്പം 12 ബാങ്കുകളില്‍ അന്വേഷണം നടക്കുന്നതായി ഇഡി വ്യക്തമാക്കിയിരുന്നു. ഇതുവരെ സമര്‍പ്പിച്ച കുറ്റപത്രങ്ങള്‍ ഹാജരാക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.
അന്വേഷണത്തിനിടെയുണ്ടാകുന്ന കോടതി ഇടപെടലുകള്‍ അന്വേഷണത്തിന്റെ വേഗം കുറയ്ക്കുന്നതായി ഇ ഡി കോടതിയെ അറിയിച്ചു. സഹകരണ രജിസ്ട്രാറെ അടക്കം ചോദ്യം ചെയ്യുന്നത് കോടതികള്‍ സ്റ്റേ ചെയ്തെന്നും ഇ ഡി വ്യക്തമാക്കി. പകുതിയിലേറെ അന്വേഷണം പൂര്‍ത്തിയായി. മറ്റുള്ളവര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇ ഡി കോടതിയെ അറിയിച്ചു.
കരുവന്നൂരിന് സമാനമായി ചാത്തന്നൂർ, മാവേലിക്കര അയ്യന്തോള്, മാരായമുറ്റം, കണ്ടല, മൈലപ്ര, തുമ്പൂര്‍, നടയ്ക്കല്‍, കോന്നി റീജിയണല്, ബിഎസ്എൻഎൽ എഞ്ചിനിയേഴ്സ്, മൂന്നിലവ് എന്നീ ബാങ്കുകളിലും ക്രമക്കേട് നടന്നുവെന്ന് ഇ ഡി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ പ്രതിയായ അലി സാബ്രി നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണ്ണായകഘട്ടത്തിലാണ്. ചോദ്യം ചെയ്തവരുടെ മൊഴികളിൽ നിന്നും രാഷ്ട്രീയ നേതാക്കളുടെ പങ്ക് വ്യക്തമാണ്. മെമ്പര്‍ഷിപ്പ് നൽകിയതിലടക്കം ക്രമക്കേട് നടന്നു. പലരുടെയും അംഗത്വ രജിസ്റ്ററും കൃത്യമായി സൂക്ഷിച്ചില്ല. ബാങ്കിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങള്‍ക്ക് അക്കൗണ്ട് ബുക്കുകളില്ല. രജിസ്ട്രാറിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഇഡി കഴിഞ്ഞ ദിവസം സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കിയിരുന്നു.