ചാലിയാറിലൂടെ 68 കിലോമീറ്റര്‍ സഞ്ചരിച്ച കയാക്കിങ് സംഘം 1350 കിലോ ഗ്രാം പ്ലാസ്റ്റിക് മാലിന്യമാണ് ഇത്തവണ പുഴയില്‍ നിന്നും ശേഖരിച്ചത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വേംസിന്റെ സഹകരണത്തോടെ ഈ മാലിന്യം വേര്‍തിരിച്ച് പുന:ചംക്രമണത്തിന് അയയ്ക്കുമെന്ന് ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സിന്റെ സ്ഥാപകന്‍ കൗഷിക്ക് കോടിത്തോടിക പറഞ്ഞു. പുഴയില്‍ നിന്ന് ശേഖരിച്ച മാലിന്യത്തിന്റെ തോത് നാട്ടുകാരെയും കുട്ടികളെയും ജനപ്രതിനിധികളെയും ബോധ്യപ്പെടുത്തി. ചാലിയാറിന്റെ സമീപ പ്രദേശങ്ങളിലുള്ള വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി നദീ സംരക്ഷണത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചിരുന്നു
ഇന്ത്യ, റഷ്യ, ഓസ്ട്രേലിയ, സിംഗപ്പൂര്‍, ജര്‍മ്മനി, യുകെ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നും നൂറോളം ആളുകളാണ് മൂന്നു ദിവസത്തെ ദീര്‍ഘദൂര കയാക്കിങ് ബോധവല്‍ക്കരണ യാത്രയില്‍ പങ്കെടുത്തത്. ഇതില്‍ എട്ട് പേര് വനിതകളായിരുന്നു. പതിമൂന്ന് വയസ്സുള്ള കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിനി ഷെസ്റിന്‍ ഇക്ബാലും മുംബൈ സ്വദേശിനി ഓവി നായര്‍ ഷാഫിയമാണ് സംഘത്തിലെ പ്രായം കുറഞ്ഞവര്‍. എണ്‍പതുകാരനും ജര്‍മ്മന്‍ സ്വദേശിയുമായ കാള്‍ ഡംഷനാണ് പ്രായം കൂടിയ വ്യക്തി. വിവിധ തരം കയാക്കുകളിലും സ്റ്റാന്‍ഡ് അപ്പ് പാഡിലിലും പായ്വഞ്ചിയിലുമായിട്ടായിരുന്നു യാത്ര. പ്രശസ്ത റഷ്യന്‍ കയാക്കിങ് താരം ആന്റണ്‍ സെഷ്നിക്കോവാണ് യാത്ര നയിച്ചത്. ഇന്ത്യന്‍ സെയിലിങ് താരവും ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവുമായ ശ്വേത ഷെര്‍വെഗറും ചാലിയാര്‍ റിവര്‍ പാഡിലില്‍ പങ്കെടുത്തു.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് ക്ലബ്ബാണ് യാത്ര സംഘടിപ്പിച്ചത്. കേരള ടൂറിസം ഡിപ്പാര്‍ട്ട്മെന്റ്, ഡെക്കാത്ത്ലോണ്‍, യോലോ, കോഴിക്കോട് പാരഗണ്‍ റസ്റ്ററന്റ്, കേരള എനര്‍ജി മാനേജ്മെന്റ് സെന്റര്‍ എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിപാടി. ചാലിയാറിനെ സംരക്ഷിക്കാനും ജലസാഹസിക വിനോദത്തെ പ്രോത്സാഹിപ്പിക്കാനുമായി നടത്തുന്ന ദീര്‍ഘദൂര കയാക്കിങ് ബോധവല്‍ക്കരണ യാത്ര എട്ടാം തവണയാണ് സംഘടിപ്പിച്ചത്