KERALA

വീഴ്ച പറ്റി, ഒടുവില്‍ കെസിഎയുടെ കുമ്പസാരം; പോക്‌സോ കേസ് പ്രതിയായ കോച്ചിനെ സംരക്ഷിച്ചിട്ടില്ലെന്ന് അധികൃതര്‍

ചൈൽഡ് ലൈനും പോലീസും അന്വേഷണം നടത്തിയപ്പോഴാണ് കാര്യങ്ങൾ അറിഞ്ഞതെന്നും കെസിഎ

വെബ് ഡെസ്ക്

പീഡനക്കേസിൽ ആരോപണ വിധേയനായ പരിശീലകൻ മനുവിനെ സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). അത്തരത്തിലൊരാളെ സംരക്ഷിച്ചു നിർത്തേണ്ട ആവശ്യമില്ലെന്നും മനുവിനെതിരായ കേസന്വേഷണവുമായി എല്ലാവിധത്തിലും അസോസിയേഷൻ സഹകരിക്കുന്നുണ്ടെന്നും കെസിഎ പ്രസിഡൻ്റ് ജയേഷ് ജോർജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

2022ലാണ് മനുവിനെതിരെ ആദ്യമായി ആരോപണമുയർന്നതെന്നും എന്നാൽ കുട്ടികളോ രക്ഷിതാക്കളോ അസോസിയേഷനിൽ പരാതി നൽകിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ''മനു കേരള ക്രിക്കറ്റ് അസോസിയേഷനിൽ പരിശീലകനായി എത്തിയത് 2012 ഒക്ടോബർ 12നാണ്. 2022ലാണ് മനുവിനെതിരെ ആദ്യം ആരോപണമുയരുന്നത്. അപ്പോൾ കുട്ടികളോ രക്ഷിതാക്കളോ അസോസിയേഷനിൽ പരാതി നൽകിയിരുന്നില്ല. പിന്നീട് ചൈൽഡ് ലൈനും പോലീസും അന്വേഷണം നടത്തിയപ്പോഴാണ് കെസിഎ കാര്യങ്ങൾ അറിഞ്ഞത്,'' കെസിഎ പറയുന്നു.

മനുവിനെ മാറ്റി നിർത്തിയെങ്കിലും ചില കുട്ടികളും രക്ഷിതാക്കളും തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും കേസിൽ ജാമ്യം കിട്ടിയതിന് പിന്നാലെയാണ് മനുവിനെ തിരിച്ചെടുത്തതെന്നും ജയേഷ് ജോർജ് കൂട്ടിച്ചേർത്തു. കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ ഈ വിഷയങ്ങളിൽ പ്രതികരിക്കാതെ മാറി നിന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ കെസിഎയ്ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കെസിഎ സമ്മതിച്ചിട്ടുണ്ട്. ''ചില കാര്യങ്ങൾ അന്വേഷിക്കാതെയും മാതാപിതാക്കളുടെയും കുട്ടികളുടെയും ആവശ്യപ്രകാരവും വീണ്ടും മനുവിനെ തിരിച്ചെടുക്കേണ്ടി വന്നു. പോക്സോ കേസിൽ പ്രതിയായ ഒരാൾ ജാമ്യം കിട്ടി പുറത്തിറങ്ങിയതിനു ശേഷം വീണ്ടും പരിശീലകനായി നിയമിച്ചത് കെസിഐയുടെ തെറ്റാണ്. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്ന് ചോദിക്കുമ്പോൾ ഉത്തരമില്ല,'' അവർ വ്യക്തമാക്കി. അതേസമയം കുട്ടികളെ തനിച്ച് വിടരുത് എന്ന് നിർദേശം ഉള്ളതാണെന്നും എന്നാൽ പലരും കുട്ടികളെ തനിച്ച് വിട്ടെന്നും കെസിഎ വാദിക്കുന്നു.

കഴിഞ്ഞ ഏപ്രിൽ 19നാണ് ജില്ലാ അസോസിയേഷനിൽ മനുവിനെതിരെ ആദ്യമായി പരാതി ലഭിക്കുന്നത്. ഈ പരാതിയിൽ മനുവിനോട് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും 21ന് രാജി നൽകുകയായിരുന്നു. നടപടിക്രമം ഉള്ളതിനാൽ കാലാവധി പൂർത്തിയാക്കണമെന്ന് മനുവിനോട് അസോസിയേഷൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ 2018ൽ നടന്ന സംഭവങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

കൂടാതെ, മനുവിനെ മറ്റ് എവിടെയും ജോലിക്കായി എടുക്കരുതെന്ന് കെസിഎ എല്ലാം ക്രിക്കറ്റ് അസോസിയേഷനെയും രേഖാമൂലം അറിയിച്ചിട്ടുണ്ട്. നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ മനുവിന്റെ കോച്ചിങ് സർട്ടിഫിക്കറ്റ് റദ്ദാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ