പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചി റോഡ് ഷോയ്ക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, ബിജെപിക്കും സംഘപരിവാറിനും എതിരെ കടുത്ത വിമര്‍ശനവുമായി കെസിബിസി. പ്രധാനമന്ത്രി ക്രിസ്മസ് വിരുന്നൊരുക്കുമ്പോള്‍ ഓര്‍ഗനൈസറില്‍ ക്രിസ്മസ് അവഹേളിക്കപ്പെടുകയായിരുന്നു എന്ന് കെസിബിസി വിമര്‍ശിച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറലും വക്താവുമായ ഫാ. ജേക്കബ് ജി പാലക്കാ പിള്ളിയാണ് ക്രൈസ്തവ സഭയുടെ മുഖപത്രമായ ദീപികയില്‍ എഴുതിയ ലേഖനത്തിലൂടെ കടുത്ത വിമര്‍ശനം ഉന്നയിക്കുന്നത്.
തല്ലും തലോടലും ഒന്നിച്ചു വേണ്ടന്ന് ലേഖനം പറയുന്നു. മണിപ്പൂരില്‍ ക്രൈസ്തവ വേട്ടയാണ് നടക്കുന്നതെന്നും എല്ലാ പൗരന്മാർക്കും സമാധാനത്തോടെ ഈ രാജ്യത്ത് ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണു വേണ്ടതെന്നും ലേഖനത്തില്‍ പറയുന്നു.
ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍
രാജ്യാന്തര സംഘടനയായ ഓപ്പൺ ഡോർസ്, ദേശീയ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് തുടങ്ങിയവയുടെ വാർഷിക റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ പ്രതിദിനം ശരാശരി രണ്ട് അതിക്രമങ്ങൾ ക്രൈസ്തവർക്കെതിരേ നടക്കുന്നുണ്ട്. ന്യൂനപക്ഷങ്ങൾക്ക്, വിശിഷ്യാ, ക്രൈസ്തവർക്ക് എതിരായുള്ള ആക്രമണങ്ങൾ വർഷംതോറും വർധിച്ചുവരുന്നു. പത്തുവർഷം മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കേസുകളുടെ അഞ്ചിരട്ടി, അതായത് 687 അക്രമസംഭവങ്ങൾ 2023 ജനുവരി മുതൽ നവംബർ വരെ ഉണ്ടായതായി യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് റിപ്പോർട്ട് ചെയ്യുന്നു. ആൾക്കൂട്ട ആക്രമണങ്ങൾ, കള്ളക്കേസുകളിൽ പെടുത്തൽ, ദേവാലയങ്ങൾ നശിപ്പിക്കൽ, ആരാധനയും വേദോപദേശ ക്ലാസുകളും തടസപ്പെടുത്തൽ എന്നിങ്ങനെയുള്ള അതിക്രമങ്ങൾ വ്യാപകമായി നടക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് എന്നുള്ളത് ഒരു വാസ്തവമാണ്.
മറ്റു സംസ്ഥാനങ്ങളിലാണെങ്കിൽത്തന്നെയും അത്തരം അക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത് തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രവർത്തകരാണ്. ഇത്തരമൊരു അപകടകരമായ അവസ്ഥ രാജ്യത്തുടനീളം വ്യാപകമാകുന്ന സാഹചര്യത്തിലാണ് ക്രൈസ്തവ സമൂഹങ്ങളുമായി ഐക്യം രൂപപ്പെടുത്താൻ ബിജെപി രാഷ്ട്രീയ നേതൃത്വം ശ്രമം നടത്തുന്നതും. ന്യൂനപക്ഷങ്ങളുമായി, വിശിഷ്യാ ക്രൈസ്തവസമൂഹവുമായുള്ള ബന്ധം വളർത്തുന്നതിനായി തിരുനാളുകളോടനുബന്ധിച്ച് വിരുന്നുകൾ സംഘടിപ്പിക്കുകയും സൗഹാർദ സന്ദർശനങ്ങൾ നടത്തുകയും ചെയ്യുന്ന ശൈലി പ്രധാനമന്ത്രി ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കൾ അവലംബിച്ചുതുടങ്ങിയിട്ട് ചില വർഷങ്ങളായി. ബിജെപിക്ക് ഇനിയും കാര്യമായ രാഷ്ട്രീയനേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടില്ലാത്ത കേരളത്തിൽ ക്രൈസ്തവ നേതൃത്വങ്ങളുമായി സമവായത്തിലെത്താൻ പാർട്ടി തലത്തിൽ സമീപകാലത്തായി ഊർജിത ശ്രമങ്ങളുണ്ട്. ഇത്തരം നീക്കങ്ങൾക്ക് കത്തോലിക്കാ സഭയുടെയോ മറ്റ് ക്രൈസ്തവ സഭകളുടെയോ ഔദ്യോഗിക നേതൃത്വങ്ങളിൽനിന്ന് പ്രോത്സാഹനങ്ങളൊന്നും ഇനിയും ഉണ്ടായിട്ടില്ലെങ്കിൽ പോലും, ദേശീയതലത്തിൽതന്നെ ബിജെപി എന്ന രാഷ്ട്രീയ പാർട്ടിക്ക് ക്രൈസ്തവരോട് അനുകൂല നിലപാടുകളാണ് എക്കാലത്തും ഉള്ളതെന്നും സൗഹാർദ സമീപനം ആരോഗ്യകരമാണെന്നും സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഒരുവശത്ത് നിരന്തരം കണ്ടുവരുന്നുണ്ട്.
ഇത്തരം രാഷ്ട്രീയ പ്രചാരണങ്ങളും സമവായ നീക്കങ്ങളും പുരോഗമിക്കുമ്പോൾ തന്നെ, ക്രൈസ്തവരെയും ക്രൈസ്തവ സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തുകയും തുടർച്ചയായി നിയമങ്ങൾ ദുരുപയോഗിച്ച് കെണികളിൽ അകപ്പെടുത്തുകയും ചെയ്യുന്നത് ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയുടെ മേൽപ്പറഞ്ഞ നീക്കങ്ങളുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നുണ്ട്. രാഷ്ട്ര നിർമിതിക്കായി പതിറ്റാണ്ടുകളായി സംഭാവനകൾ നൽകി പ്രവർത്തിച്ചുവരുന്ന സ്ഥാപനങ്ങൾക്കും, വിവിധ സാമൂഹിക പ്രവർത്തനമേഖലകളിൽ ഏർപ്പെട്ടിരിക്കുന്ന ഒട്ടേറെ വൈദികർക്കും സന്യസ്തർക്കും, മതപരിവർത്തന നിയമങ്ങളുടെ ദുരുപയോഗം ഭീഷണിയായി മാറിയിരിക്കുന്നു.
ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരായുള്ള നീക്കങ്ങൾക്കു നേതൃത്വം നൽകുന്ന ഒന്നായി ദേശീയ ബാലാവകാശ കമ്മീഷൻ മാറുന്നത് ദൗർഭാഗ്യകരമാണ്. ദേശീയ ബാലാവകാശ കമ്മീഷൻറെ നേതൃത്വത്തിൽ, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ക്രൈസ്തവ സ്ഥാപനങ്ങളെയും സന്യസ്തരെയും പ്രതിക്കൂട്ടിൽ നിർത്തുകയും കേസിൽ അകപ്പെടുത്തുകയും ചെയ്യുന്നത് തുടർക്കഥയായിരിക്കുകയാണ്. ബാലാവകാശ കമ്മീഷൻ പലപ്പോഴും വാർത്തകളിൽ ഇടം നേടുന്നത് ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരേയുള്ള നീക്കങ്ങൾ വഴിയാണെന്നും ലഖനത്തിൽ കുറ്റപ്പെടുത്തുന്നു.
ജൂലൈ 21ന് മധ്യപ്രദേശിലെ ജാബുവയിൽ കത്തോലിക്കാ സന്യസ്തർ നടത്തിവരുന്ന അനാഥാലയത്തിൽ പരിശോധനയ്ക്കെത്തിയ ബാലാവകാശ കമ്മീഷനിലെ ഉദ്യോഗസ്ഥർ മൂന്നു സന്യാസാർഥിനികളെ കസ്റ്റഡിയിലെടുക്കുകയുണ്ടായി. മതപരിവർത്തനം എന്ന ആരോപണമാണ് ഉദ്യോഗസ്ഥർ ഉയർത്തിയത്. തലമുറകളായി കത്തോലിക്കാ വിശ്വാസികളായി ജീവിക്കുന്ന കുടുംബങ്ങളിൽനിന്നുള്ള കുട്ടികളായിട്ടുപോലും അവരെ വിട്ടയയ്ക്കാൻ ഉദ്യോഗസ്ഥർ തയാറായിരുന്നില്ല. 2023 മേയിൽ കമ്മീഷൻ മധ്യപ്രദേശിലെ സാഗറിന് സമീപം നൂറ്റമ്പത് വർഷത്തെ പഴക്കമുള്ള സെന്റ് ഫ്രാൻസിസ് സേവാധാം ഓർഫനേജിൽ റെയ്ഡ് നടത്തി. ഓഫീസ് മുറികളും ദേവാലയവും അലങ്കോലപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത വൈദികർക്ക് മർദനമേൽക്കേണ്ടിവന്നു.
സിസിടിവിയും കംപ്യൂട്ടറുകളും തകരാറിലാക്കിയ അവർ ഫോണുകളും രേഖകളും മറ്റും പിടിച്ചെടുത്തു. കസ്റ്റഡിയിൽ എടുത്ത വൈദികരെ മണിക്കൂറുകൾക്ക് ശേഷമാണ് വിട്ടയച്ചത്. 2021 ഡിസംബർ 13ന് ഗുജറാത്തിലെ വഡോദരയിൽ മകർപുരയിൽ മാതൃകാപരമായി പ്രവർത്തിച്ചുവരുന്ന മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ അഗതിമന്ദിരത്തിനും അതിന് ഒരു മാസം മുമ്പ് മധ്യപ്രദേശിലെ സിസ്റ്റേഴ്സ് ഓഫ് ജീസസ് സന്യാസിനീ സമൂഹം നടത്തിവന്നിരുന്ന പെൺകുട്ടികൾക്കായുള്ള ഹോസ്റ്റലിനുമെതിരേ യുക്തിരഹിതമായ കുറ്റാരോപണങ്ങൾ നടത്തി കേസ് ചാർജ് ചെയ്യാൻ കാരണമായതും ദേശീയ ബാലാവകാശ കമ്മീഷന്റെ ദുരൂഹമായ ഇടപെടൽ മൂലമാണ്.
മധ്യപ്രദേശിലെ ഭോപ്പാൽ ജില്ലയിൽ പർവാലിയ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിച്ചുവരുന്ന ആഞ്ചൽ ഗേൾസ് ഹോസ്റ്റലിനെതിരേ നടന്ന നീക്കങ്ങളാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ദേശീയ ബാലാവകാശ കമ്മീഷൻ കഴിഞ്ഞ ജനുവരി നാലിന് ഹോസ്റ്റലിൽ നടത്തിയ റെയ്ഡിനെത്തുടർന്ന് ഗുരുതരമായ ചില ആരോപണങ്ങൾ ഉന്നയിക്കുകയും കുട്ടികളെ നിർബന്ധിതമായി മറ്റു ഷെൽട്ടർ ഹോമുകളിലേക്കു മാറ്റുകയും ചെയ്തു. സ്ഥാപനത്തിൻറെ ഡയറക്ടർ ഫാ. അനിൽ മാത്യുവിനെ പിന്നീട് കസ്റ്റഡിയിൽ എടുക്കുകയുമുണ്ടായി. ഹോസ്റ്റലിലെ 26 കുട്ടികളെ കാണാനില്ല എന്ന ആരോപണമാണ് മുഖ്യമായും ഉദ്യോഗസ്ഥർ ഉന്നയിച്ചത്. ഹോസ്റ്റലിൻറെ ആരംഭകാലം മുതലുള്ള രജിസ്റ്ററിലുണ്ടായിരുന്നതും പലപ്പോഴായി തിരികെ സ്വഭവനങ്ങളിലേക്കു മടങ്ങിയവരുമാണ് ആ കുട്ടികൾ എന്ന് ഹോസ്റ്റൽ അധികൃതർ വ്യക്തമാക്കിയെങ്കിലും അധികാരികൾ തങ്ങളുടെ ആരോപണത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. എന്നാൽ, പോലീസ് അന്വേഷണത്തിൽ ആ കുട്ടികൾ എല്ലാവരും സ്വന്തം വീടുകളിലുണ്ടെന്ന് വ്യക്തമായി, ലേഖനം പറയുന്നു.
സ്ഥാപനത്തിന് രജിസ്ട്രേഷനില്ല എന്ന ആരോപണവും തെറ്റാണ്. വിദ്യാർഥിനികൾക്ക് പഠനാർഥം ഒരുക്കിയിരിക്കുന്ന ഹോസ്റ്റൽ മാത്രമാണ് ആഞ്ചൽ. ഇവിടെ താമസിച്ചു പഠിക്കുന്ന മുഴുവൻ കുട്ടികളും മാതാപിതാക്കളോ രക്ഷിതാക്കളോ ഉള്ളവരും അവരുടെ അപേക്ഷ പ്രകാരം മാത്രം ഹോസ്റ്റലിൽ താമസിക്കുന്നവരുമാണ്. മാത്രവുമല്ല, ആഞ്ചൽ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന വിദ്യാർഥിനികളെക്കുറിച്ചുള്ള വിശദാംശങ്ങൾ മധ്യപ്രദേശ് വിദ്യാഭ്യാസവകുപ്പിൻറെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും പോലീസ് അധികാരികൾക്കും യഥാസമയം അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നതുമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിയമാനുസൃതമായി കെട്ടിടം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതാണെന്നും ലേഖനത്തിൽ പറയുന്നു.
വർധിച്ചുവരുന്ന വർഗീയ ധ്രുവീകരണവും തത്ഫലമായ പ്രതിസന്ധികളുമാണ് മറ്റൊന്ന്. സമാധാനാന്തരീക്ഷം പൂർണമായി നഷ്ടപ്പെട്ടുകഴിഞ്ഞ മണിപ്പുർ ഏറ്റവും വലിയ ഉദാഹരണമായി നിലകൊള്ളുന്നു. ഗോത്രകലാപത്തിൻറെ മറപിടിച്ച് ക്രൈസ്തവരെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളാണ് അസൂത്രിതമായി അവിടെ നടപ്പിലാക്കിയത്. കുപ്രസിദ്ധമായ ഗുജറാത്ത് കലാപം വീണ്ടും ചർച്ചകളിൽ നിറയാൻ വഴിയൊരുക്കിയ ബിൽക്കിസ് ബാനു കേസ് സംഘപരിവാർ സംഘടനകളുടെ മറ്റൊരു മുഖം വെളിപ്പെടുത്തുന്നുണ്ട്. സംഘപരിവാർ പ്രസിദ്ധീകരണങ്ങൾ പതിവായി ക്രൈസ്തവ, അന്യമത വിദ്വേഷം പ്രചരിപ്പിക്കുന്നത് ഇത്തരം വർഗീയ സംഘർഷങ്ങൾക്ക് ഒരു പ്രധാന കാരണമായി മാറുന്നുണ്ടെന്നും ലേഖനം വിമർശിക്കുന്നു.
ഒരുവശത്ത് അന്യമതസ്ഥരുമായി സൗഹൃദത്തിലെത്താൻ ശ്രമം നടത്തുന്നതായി കാണുമ്പോഴും, മറുവശത്ത് ശത്രുതാപരമായ നീക്കങ്ങൾ അഭംഗുരം തുടരുന്നത് പച്ചയായ യാഥാർഥ്യമാണ്. ആർഎസ്എസ് പ്രസിദ്ധീകരണമായ ഓർഗനൈസറിൽ സമീപനാളുകളിൽ പോലും കടുത്ത ക്രൈസ്തവ വിദ്വേഷം ഉൾക്കൊള്ളുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. പ്രധാനമന്ത്രി ക്രിസ്മസ് വിരുന്നൊരുക്കുമ്പോൾ ഓർഗനൈസറിൽ ക്രിസ്മസ് അവഹേളിക്കപ്പെടുകയായിരുന്നു. കേരളത്തിൽനിന്നുള്ള ആർഎസ്എസ് പ്രസിദ്ധീകരണമായ കേസരി ആഴ്ചപ്പതിപ്പിൻറെ ഉള്ളടക്കവും വ്യത്യസ്തമല്ല. ഈ വൈരുധ്യങ്ങളൊന്നും തിരിച്ചറിയാൻ കഴിയാത്തവരാണ് ഈ നാട്ടിലെ ജനങ്ങളെന്ന് ആരും കരുതേണ്ടതില്ല.
വർഗീയ വിഭജനങ്ങളും അതിക്രമങ്ങളും നാൾക്കുനാൾ വർധിച്ചുവരുന്നത് ഈ ജനാധിപത്യ രാജ്യത്തിനു ഭൂഷണമല്ല. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള അതിക്രമങ്ങളും വർഗീയ ധ്രുവീകരണത്തിൻറെ ഭാഗമായുള്ള കലാപങ്ങളും പതിവാകുന്നത് അനേകരെ കടുത്ത അരക്ഷിതത്വത്തിൽ എത്തിച്ചിരിക്കുന്നു. ഇവിടെ വ്യക്തമായ ഒരു വിശദീകരണം ഭരണകൂടങ്ങൾ സമൂഹത്തിനു നൽകേണ്ടതുണ്ട്. എല്ലാവരെയും ഉൾക്കൊള്ളാനും അംഗീകരിക്കാനും ഭരണകൂടം യഥാർഥത്തിൽ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് ഇതര മതവിരോധവുമായി വ്യാപരിക്കുന്ന പ്രസ്ഥാനങ്ങളെയും ഉദ്യോഗസ്ഥരെയും നിയന്ത്രിക്കുകയും ബഹുസ്വരതയെ അംഗീകരിക്കാനുള്ള തുറവി പ്രകടിപ്പിക്കുകയുമാണ്. അല്ലാത്തപക്ഷം വിരുന്നുകളും സന്ദർശനങ്ങളും വെറും പ്രഹസനമായി തന്നെ തുടരും. ഉപരിപ്ലവമായ സൗഹാർദനീക്കങ്ങളല്ല, യഥാർഥ പ്രതിസന്ധികൾ പരിഹരിച്ച് എല്ലാ പൗരന്മാർക്കും സമാധാനത്തോടെ ഈ രാജ്യത്ത് ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണു വേണ്ടത്-ലേഖനം പറയുന്നു.