സേഫ് കേരള പദ്ധതിയുടെ ഭാഗമായി ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എ ഐ ക്യാമറകള്‍ സ്ഥാപിച്ചതില്‍ അഴിമതിയുണ്ടെന്ന ആരോപണം തള്ളി കെല്‍ട്രോണ്‍. അഞ്ചുവർഷത്തെ പ്രവർത്തന ചെലവ് ഉൾപ്പെടെയാണ് 232 കോടി കരാര്‍ തുക വരുന്നതെന്ന് കെല്‍ട്രോണ്‍ എംഡി എന്‍. നാരായണ മൂര്‍ത്തി പറഞ്ഞു. പദ്ധതിയുടെ ഉപകരാറുകള്‍ SRIT എന്ന കമ്പനിയാണ് നല്‍കിയതെന്നും കെല്‍ട്രോണിന് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ക്യാമറ സ്ഥാപിക്കാന്‍ 35 ലക്ഷമെന്ന പ്രചരണം തെറ്റാണെന്ന് കെല്‍ട്രോണ്‍ എംഡി ചൂണ്ടിക്കാട്ടുന്നു. 9.5 ലക്ഷം രൂപ വീതമാണ് ക്യാമറയ്ക്ക് ചെലവായ തുക. ആകെ 74 കോടിരൂപയാണ് ക്യാമറകള്‍ക്കായി ചെലവാക്കിയത്. ബാക്കി സാങ്കേതികസംവിധാനം , സെര്‍വര്‍ റൂം എന്നിവ ക്രമീകരിക്കാനാണ് ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഉപകരാര്‍ നല്‍കിയ SRITയുടേത് മികച്ച പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു.
എ ഐ ക്യാമറയുടെ ഡേറ്റ കെൽട്രോൺ ടെക്നീഷ്യൻമാർ പരിശോധിച്ചതിന് ശേഷം മാത്രമാകും മോട്ടോർ വെഹിക്കിള്‍ ഡിപ്പാർട്ട്മെന്റിന് അയക്കുക. തെറ്റായി പിഴ ചുമത്തതിരിക്കാനാണ് കൺട്രോള്‍ റൂമിലെ ജീവനക്കാർ പരിശോധിക്കുന്നത്. ക്യാമറ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ ഒരു പൈസയും ചെലവഴിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
75 കോടി രൂപയ്ക്ക് പദ്ധതി പൂര്‍ത്തിയാക്കാമെന്ന് ഉപകരാറില്‍ കമ്പനികള്‍ പറയുമ്പോൾ കരാര്‍ 232 കോടി രൂപയാക്കി ഉയര്‍ത്തിയതില്‍ ക്രമക്കേടുണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. തട്ടിക്കൂട്ട് കമ്പനികള്‍ക്കാണ് ഉപകരാര്‍ നല്‍കിയതെന്നായിരുന്നു ആരോപണം. തിരുവനന്തപുരം നാലാഞ്ചിറയുള്ള ലൈറ്റ് മാസ്റ്റർ ലൈറ്റിങ് ഇന്ത്യ ലിമിറ്റഡ്, കോഴിക്കോട് മലാപ്പറമ്പിലെ പ്രസാദിയോ എന്നീ കമ്പനികള്‍ക്കാണ് ഉപകരാര്‍ നല്‍കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കമ്പനികള്‍ 75 കോടി രൂപയ്ക്ക് പദ്ധതി നടപ്പാക്കാനാകുമെന്ന് വ്യക്തമാക്കുന്ന കരാര്‍ രേഖകളും രമേശ് ചെന്നിത്തല പുറത്തുവിട്ടു. എന്നിട്ടും 232 കോടി രൂപയാക്കി സര്‍ക്കാര്‍ കരാര്‍ തുക ഉയര്‍ത്തി. ഇതിന് പിന്നില്‍ വന്‍ ക്രമക്കേട് നടന്നിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.
ബിഒടി വ്യവസ്ഥയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനു പിന്നില്‍ സാധാരണക്കാരെ പിടിച്ചുപറിക്കുകയാണ് ലക്ഷ്യം. വകുപ്പ് മന്ത്രിക്ക് ക്രമക്കേടില്‍ ബന്ധമുണ്ടെന്ന് കരുതുന്നില്ല. ഉദ്യോഗസ്ഥ - ഭരണതലത്തിലെ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും സമഗ്ര അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.