KERALA

'ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കണം' അതൃപ്തി പരസ്യമാക്കി സിപിഐ; എഡിജിപി - ആര്‍എസ്എസ് നേതാവ് കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ വിവാദം

തൃശൂരിലെ ബിജെപി ജയം, തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമാകല്‍ എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ പ്രതിപക്ഷം ഉയര്‍ത്തുമ്പോള്‍ മുന്നണിയിലെ അതൃപ്തി പരസ്യമാക്കുകയാണ് സിപിഐ

വെബ് ഡെസ്ക്

എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായി കൂടിക്കാഴ്ച നടത്തി എന്ന വാര്‍ത്തയില്‍ സ്ഥിരീകരണം വന്നതോടെ കേരള രാഷ്ട്രീയം വീണ്ടും കലുഷിതമാകുന്നു. തൃശൂരിലെ ബിജെപി ജയം, തൃശൂര്‍ പൂരം അലങ്കോലമാക്കൽ എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ പ്രതിപക്ഷം ഉയര്‍ത്തുമ്പോള്‍ അതൃപ്തി പരസ്യമാക്കുകയാണ് സിപിഐ.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുതല്‍ തൃശൂരിലെ സിപിഐ സ്ഥാനാര്‍ഥിയായിരുന്ന മുന്‍ മന്ത്രി വി എസ് സുനില്‍ കുമാര്‍ വരെ വിഷയത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തി. എഡിജിപിയും ആര്‍എസ്എസ് നേതാവും തമ്മില്‍ എന്താണ് ചര്‍ച്ച ചെയ്തതെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കണം എന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു.

കൂടിക്കാഴ്ച ദുരൂഹമാണ്, അര്‍എസ്എസിനും എല്‍ഡിഎഫിനും തമ്മില്‍ ഒന്നും പങ്കുവയ്ക്കാനില്ല. എല്‍ഡിഎഫിന്റെ ചെലവില്‍ ഒരുദ്യോസ്ഥരും ആരുമായും കൂടിക്കാഴ്ച നടത്തേണ്ടതില്ല. വിജ്ഞാന ഭാരതി പ്രതിനിധിയുടെ കൂടെ പോയി എന്ത് വിജ്ഞാനമാണ് പങ്കുവയ്ക്കാനുള്ളത് എന്നും ബിനോയ് വിശ്വം.

കൂടിക്കാഴ്ച നടന്നിട്ടുണ്ടെങ്കില്‍ അത് ഗുരുതരമാണ്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അത് ഗുരുതരമാണ്. വസ്തുതകള്‍ പുറത്തുവരുന്ന മുറയ്ക്ക് അഭിപ്രായം പറയുന്നതാണ്. പൂരം കലക്കുന്നതിന് പിന്നില്‍ ആര്‍എസ്എസ് ആണ് എന്ന ആരോപണം നേരത്തെ തന്നെ താന്‍ ഉന്നയിച്ചിരുന്നു. അതാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പൂരം കലക്കിയത് ആരാണ് എന്ന് പുറത്തുവരണം. പുരം കലക്കിയതിന് പിന്നില്‍ പോലീസാണെന്ന് നേരത്തെയും പറഞ്ഞിട്ടുണ്ട്. അതിൻ്റെ ഒരു വശത്ത് ആര്‍എസ്എസ് ഉണ്ടെന്ന് ഇപ്പോള്‍ മാധ്യമങ്ങള്‍ പറയുന്നു. ഇക്കാര്യം പരിശോധിക്കണമെന്നും വിഎസ് സുനില്‍കുമാര്‍ പറയുന്നു. എന്നാല്‍, എഡിജിപിയുടെ സന്ദര്‍ശനം സംബന്ധിച്ച വാര്‍ത്തയോട് വ്യക്തമായ പ്രതികരണം നല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തയ്യാറായില്ല. എഡിജിപി ആരെങ്കിലുമായി കൂടിക്കാഴ്ച നടത്തിയാല്‍ അതിന് പാര്‍ട്ടി എന്ത് ചെയ്യും എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി എംവി ഗോവിന്ദന്‍ പറഞ്ഞത്.

അതേസമയം, കൂടിക്കാഴ്ച വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രാഷ്ട്രീയ ആരോപണങ്ങള്‍ കടുപ്പിക്കുകയാണ് പ്രതിപക്ഷം.തൃശ്ശൂര്‍ പൂരം കലക്കാന്‍ നേരത്തെ തന്നെ ഗൂഢാലോചന നടന്നതായി വ്യക്തമായെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ആരോപിച്ചു. എഡിജിപി എം.ആര്‍ അജിത്ത് കുമാറിന്റെ ആര്‍എസ്എസ് കൂടിക്കാഴ്ചക്ക് ശേഷമാണ് തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട തറവാടക 35 ലക്ഷത്തില്‍ നിന്ന് 2 കോടി രൂപയാക്കി മാറ്റിയത്. അന്ന് ടിഎന്‍ പ്രതാപന്‍ എംപി ഉപവാസം നടത്തിയപ്പോള്‍ താനാണ് അത് ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി ഇടപെട്ട് പിന്നീട് തറവാടക 45 ലക്ഷമാക്കി കുറച്ചു. ആര്‍എസ്എസ് നേതാവിനെ കാണാന്‍ എം.ആര്‍ അജിത്ത് കുമാറിനെ പറഞ്ഞുവിട്ടത് മുഖ്യമന്ത്രിയാണ്. തൃശ്ശൂരില്‍ ബിജെപിയെ ജയിപ്പിക്കാനും തനിക്ക് എതിരായ കേസില്‍ രക്ഷപെടാനുമാണ് മുഖ്യമന്ത്രി അജിത്ത് കുമാറിനെ പറഞ്ഞ് അയച്ചത്. കേരളം കൈവിട്ടാലും മോദി ഉണ്ടെന്നുള്ള വിശ്വാസമാണ് അജിത്ത് കുമാറിനെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പി വി അന്‍വര്‍ എംഎല്‍എ തുടങ്ങിവച്ച വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ വിശദീകരണമാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ ചൂടുള്ള ചര്‍ച്ചകള്‍ക്ക് ഇന്ന് വഴി തുറന്നത്. 2023 മേയില്‍ 22 ന് പാറമേക്കാവ് വിദ്യാമന്തിര്‍ സ്‌കൂളില്‍ ആര്‍എസ്എസ് ക്യാംപിനിടെ ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് എഡിജിപിയുടെ വിശദീകരണം എന്നാണ് വാര്‍ത്തകള്‍. സുഹൃത്തിന്റെ കാറിലായിരുന്നു യാത്ര. സഹപാഠിയായ ഇയാളുടെ ക്ഷണം സ്വീകരിച്ചായിരുന്നു ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറിയെ കണ്ടത് എന്നും എം ആര്‍ അജിത്ത് കുമാര്‍ വിദശീകരിക്കുന്നു.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആയിരുന്നു ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായി എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ആദ്യം ഉന്നയിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ വിജയത്തിന് മുഖ്യമന്ത്രി ബിജെപിയെ സഹായിച്ചു എന്ന് ആരോപിച്ച് കൊണ്ടായിരുന്നു ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ കൂടിക്കാഴ്ച വിഷയം പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയെ കാണാൻ അജിത് കുമാറിനെ മുഖ്യമന്ത്രി അയച്ചു എന്നും പ്രതിപക്ഷനേതാവ് ആരോപിച്ചിരുന്നു.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി