കേരള പോലീസിന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കിടെ വിവാദങ്ങളുടെ കേന്ദ്ര ബിന്ദുവായ എഡിജിപി അജിത്ത് കുമാര്‍ അവധി പിന്‍വലിച്ചു. നാല് ദിവസത്തേക്ക് നല്‍കിയ അവധി അപേക്ഷയാണ് പിന്‍വലിച്ചത്. അവധി വേണ്ടെന്ന് സര്‍ക്കാരിന് കത്ത് നല്‍കിയത്. മലപ്പുറത്തെ പോലീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റിയതിന് പിന്നാലെയാണ് തീരുമാനം.
മലപ്പുറം ജില്ലാ പോലീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഉന്നത തലത്തില്‍ അഴിച്ചുപണിയുണ്ടായത്. മലപ്പുറം എസ്പി ശശിധരന്‍, മുട്ടില്‍ മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ താനൂര്‍ ഡിവൈഎസ്പി വിവി ബെന്നിയടക്കം ജില്ലയിലെ എല്ലാ ഡിവൈസ്പിമാരെയും സ്ഥലം മാറ്റിയിട്ടുണ്ട്. ബെന്നിയെ കോഴിക്കോട് റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. കൂടാതെ സ്പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പടെ എല്ലാ സബ്ഡിവിഷനിലെ ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. ശശിധരന് പകരം പോലീസ് ആസ്ഥാന എഐജി വിശ്വനാഥാണ് പുതിയ മലപ്പുറം എസ്പി.
സ്വര്‍ണക്കടത്ത് മുതല്‍ ലൈംഗിക ആരോപണം വരെയുള്ള ആരോപങ്ങള്‍ക്ക് പിന്നാലെയാണ് മലപ്പുറം ജില്ലാ പോലീസിലെ ഉന്നതതലത്തില്‍ വന്‍ അഴിച്ചുപണി. ഉദ്യോഗസ്ഥരെ മാറ്റി ആരോപണങ്ങളില്‍ നിന്നും തടിയൂരാനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് വിലയിരുത്തല്‍. ജില്ലയില്‍ ഡിവൈഎസ്പി റാങ്കിനു മുകളിലുള്ള എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റി അന്‍വറിനെ 'തണുപ്പിക്കാനുള്ള' ശ്രമമാണ് ആഭ്യന്തര വകുപ്പിന്റേതെന്നാണ് വാദം.