KERALA

വയനാട് ദുരന്തം: കേന്ദ്രം അടിയന്തര ധനസഹായം ലഭ്യമാക്കണം; ഏകകണ്ഠമായി പ്രമേയം പാസാക്കി നിയമസഭ

ദുരിതബാധിതരുടെ വായ്പകള്‍ പൂര്‍ണമായും എഴുതിത്തള്ളണമെന്നും നിയമസഭ പ്രമേയത്തിൽ ആവശ്യപ്പെട്ടു

വെബ് ഡെസ്ക്

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസത്തിന് കേന്ദ്രസർക്കാർ അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി നിയമസഭ. ദുരിതബാധിതരുടെ വായ്പകള്‍ പൂര്‍ണമായും എഴുതിത്തള്ളണമെന്നും സഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിൽ ആവശ്യപ്പട്ടു. മന്ത്രി എം ബി രാജേഷാണ് പ്രമേയം അവതരിപ്പിച്ചത്.

അടിയന്തര സഹായം ലഭ്യമാകുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടതുപോലെ അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും ദുരിതബാധിതരുടെ വായ്പകള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളണമെന്നും ഈ സഭ ഐകകണ്‌ഠേന കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല എന്നീ പ്രദേശങ്ങളെ ഗുരുതരമായി ബാധിച്ച ഉരുള്‍പൊട്ടല്‍ ദുരന്തത്തിലുണ്ടായ നാശനഷ്ടങ്ങള്‍ വിശദമാക്കി കേന്ദ്രത്തിനു സംസ്ഥാന സര്‍ക്കാര്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ധനസഹായമാണ് സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇതുവരെ അടിയന്തര സഹായം ലഭ്യമായിട്ടില്ല. കാലതാമസം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

പ്രമേയത്തിന്റെ പൂർണരൂപം

ജൂലായ് 30നg മേപ്പാടി പഞ്ചായത്തില്‍ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല എന്നീ പ്രദേശങ്ങളെ ഗുരുതരമായി ബാധിച്ച ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ വിശദമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാരിന് മെമ്മോറാണ്ടം സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഒരു പ്രദേശമാകെ തകര്‍ന്നു പോവുന്ന സാഹചര്യമുണ്ടായി. രാജ്യത്തെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളുടെ ഗണത്തിലാണ് ഈ ദുരന്തം രേഖപ്പെടുത്തപ്പെട്ടത്. സമാനതകളില്ലാത്ത ദുരന്തത്തിനുശേഷം അനിവാര്യമായ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യമായ ധനസഹായമാണ് കേന്ദ്രസര്‍ക്കാരിനു മുമ്പാകെ ആവശ്യപ്പെട്ടിട്ടുള്ളത്. പ്രധാനമന്ത്രി സംഭവസ്ഥലം സന്ദര്‍ശിച്ച വേളയിലും അതിനുശേഷം അദ്ദേഹത്തെ നേരില്‍കണ്ടും സഹായാഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്.

എന്നാല്‍ ഇതുവരെ അടിയന്തര സഹായം ഒന്നും ലഭ്യമായിട്ടില്ല. ദേശീയ ദുരന്തനിവാരണ നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം അതിതീവ്ര ദുരന്തത്തിന്റെ (ഡിസാസ്റ്റര്‍ ഓഫ് സിവിയര്‍ നേച്ചര്‍) ഗണത്തില്‍പ്പെടുന്നതാണ് മേപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടല്‍. പ്രകൃതിദുരന്തം നേരിട്ട മറ്റു പല സംസ്ഥാനങ്ങള്‍ക്കും നിവേദനം പോലും ഇല്ലാതെതന്നെ സഹായം ലഭ്യമാക്കിയിട്ടുണ്ട്. ഈ പരിഗണന കേരളത്തിനു ലഭിച്ചില്ലെന്നത് ഖേദകരമാണ്.

ദുരന്തബാധിതര്‍ ബാങ്കുകളില്‍നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടുത്ത വായ്പകള്‍ എഴുത്തത്തള്ളുന്ന കാര്യം, സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ഓഗസ്റ്റ് 19 നു വിളിച്ചുചേർത്ത സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റി യോഗം ചര്‍ച്ച ചെയ്തിരുന്നു. ഇക്കാര്യത്തില്‍ കാലവിളംബം കൂടാതെ തുടര്‍നടപടികള്‍ ഉണ്ടാകേണ്ടതുണ്ട്. ദേശീയ ദുരന്തനിവാരണ നിയമം 2005 ലെ 13-ാം വകുപ്പു പ്രകാരം തീവ്രദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് അധികാരമുണ്ട്. ഈ അധികാരം വിനിയോഗിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രം ഇടപെടണം.

അടിയന്തര സഹായം ലഭ്യമാകുന്നതിലുണ്ടാകുന്ന കാലതാമസം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. ഇതിനാൽ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടതുപോലെ അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കണം. ദുരിതബാധിതരുടെ വായ്പകള്‍ പൂര്‍ണമായും എഴുതിത്തള്ളണമെന്നും നിയമസഭ ഐകകണ്‌ഠേന കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം