കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്നു പറയുന്ന സര്‍ക്കാരിന്റെ ബജറ്റാണ് ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കാന്‍ പോകുന്നത്. നാലാമത്തെ ബജറ്റവതരണത്തിന് ബാലഗോപാല്‍ തയ്യാറെടുക്കുമ്പോള്‍ കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങളില്‍ പകുതിപോലും പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല എന്ന വസ്തുത നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ വര്‍ഷം എന്താണ് സര്‍ക്കാര്‍ കരുതിയിരിക്കുന്നത് എന്നാണ് ഏവരും ഉറ്റുനോക്കുന്നതും.
സാമ്പത്തിക പ്രതിസന്ധി എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഒരു ബജറ്റാണെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകും. ക്ഷേമ പെന്‍ഷന്‍ 2500 രൂപയാക്കുമെന്നത് എന്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു. എന്നാല്‍ നിലവിലുള്ള തുക പോലും നല്‍കാന്‍ ആറുമാസമായി സര്‍ക്കാരിനു കഴിയുന്നില്ല.
കഴിഞ്ഞ ബജറ്റില്‍ ഇന്ധന സെസ് രണ്ട് രൂപ കൂട്ടാനുള്ള കാരണമായി പറഞ്ഞത് ക്ഷേമ പെന്‍ഷന്‍ കൊടുക്കാന്‍ വേണ്ടിയാണെന്നായിരുന്നു. ജനത്തില്‍നിന്ന് പണം പിരിച്ച സര്‍ക്കാരിന് ആ വാക്കും പാലിക്കാന്‍ കഴിഞ്ഞിട്ടില്ല. നിലവിലെ തുക തന്നെ നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്ന തീരുമാനങ്ങളൊന്നും ബജറ്റിലുണ്ടാകാന്‍ സാധ്യതയില്ല.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയിലും കുടിശികയുണ്ട്. ഇത് കൊടുത്തുതീര്‍ക്കാനുള്ള സാമ്പത്തികവും സര്‍ക്കാരിനില്ല. എങ്കിലും ശമ്പള- പെന്‍ഷന്‍ പരിഷ്‌കരണ കുടിശികകളുടെ കാര്യത്തില്‍ അനുകൂല പ്രഖ്യാപനം പ്രതീക്ഷിക്കുന്നുണ്ട്. മെഡിക്കല്‍ രംഗത്തുള്‍പ്പടെ വരുമാനം വര്‍ധിപ്പിക്കാവുന്ന പുതിയ മേഖലകള്‍ കണ്ടെത്തുകയോ നിലവിലുള്ള നികുതി വര്‍ധിപ്പിച്ചോ ഫീസുകള്‍ കൂട്ടിയോ മുന്നോട്ടുപോകാനാകും ധനമന്ത്രിയുടെ ശ്രമം.
റബറിന്റെ താങ്ങുവില വര്‍ധിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. സംസ്ഥാന ജിഎസ്ടിയിലെ പിരിവ് കാര്യക്ഷമമായി നടക്കുന്നില്ല. അത് കാര്യക്ഷമമാക്കാനുള്ള പദ്ധതികളുമുണ്ടാകാം. ധനസമാഹരണ മാര്‍ഗങ്ങള്‍ നേരിടുന്ന പ്രതിസന്ധിക്ക് പകരമായി സ്വകാര്യ മേഖലയെ ആകര്‍ഷിക്കുന്ന നിക്ഷേപം നല്‍കാനുള്ള സാധ്യതയും പ്രതീക്ഷിക്കുന്നുണ്ട്.
ഭൂമിയുടെ ന്യായവില കൂട്ടിയത് റിയല്‍ എസ്റ്റേറ്റ് മേഖലയെ തളര്‍ത്തിയെന്ന വിലയിരുത്തലുണ്ട്. അതുകൊണ്ട് ഇതില്‍ തൊടുമോയെന്ന കാര്യത്തിലും സംശയമുണ്ട്. ഭൂനികുതി കൂട്ടാനുള്ള സാധ്യതയുമുണ്ട്. കഴിഞ്ഞ തവണ മദ്യത്തിന്റെ സെസ് കൂട്ടിയതുകൊണ്ടുതന്നെ ഈ വര്‍ഷം അത് കൂട്ടാനുള്ള സാധ്യത കുറവായാണ് കരുതുന്നത്. എന്നാല്‍ ഇന്ധന, മദ്യ സെസ് മാതൃകയില്‍ മറ്റ് വരുമാന സ്രോതസുകളിലും സെസ് ഏര്‍പ്പെടുത്താനുള്ള സാധ്യത കാണുന്നുണ്ട്. എന്തുതന്നെ ആയാലും എല്‍ഡിഎഫ് സര്‍ക്കാരിന്റെ രാഷ്ട്രീയംകൂടി കണക്കിലെടുത്തുള്ള ഒരു ബജറ്റായിരിക്കും ഇന്ന് ധനമന്ത്രി സഭയില്‍ അവതരിപ്പിക്കുക.