KERALA

'മോദി സര്‍ക്കാര്‍ കേരളത്തെ ഞെരുക്കുന്നു'; ഗവര്‍ണര്‍ വായിക്കാതെ പോയത് കേന്ദ്രത്തിനെതിരായ വിമര്‍ശനങ്ങള്‍

കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കുന്നത് കാരണം സംസ്ഥാനങ്ങള്‍ വികസന ചെലവുകള്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാകുകയാണെന്നും ഫെഡറല്‍ സംവിധാനത്തിലെ അസമത്വമാണ് ഇതെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു

വെബ് ഡെസ്ക്

രണ്ടുമിനിറ്റില്‍ താഴെ സമയത്തില്‍ പൂര്‍ത്തിയാക്കിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വായിക്കാതെ ഒഴിവാക്കിയത് കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍. അറുപത് പേജോളമുള്ള നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനെതിരേ സ്വീകരിക്കുന്ന നിലപാടുകളില്‍ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്.

സാമ്പത്തിക കാര്യങ്ങളില്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ അസമത്വം നിലനില്‍ക്കുകയാണെന്നും അതുമൂലം സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളില്‍ പണഞെരുക്കം ഉണ്ടാകുന്നുവെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു. സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം തടസം നില്‍ക്കുകയാണെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ആരോപിക്കുന്നുണ്ട്.

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അര്‍ഹമായ ഗ്രാന്‍ഡും സഹായവും തടഞ്ഞുവയ്ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ സംസ്ഥാന സര്‍ക്കാര്‍ ആശങ്കരേഖപ്പെടുത്തി. കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുന്നത് കാരണം സംസ്ഥാനങ്ങള്‍ വരുമാനപരിധി മറികടന്ന് വികസന ചെലവുകള്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാകുകയാണെന്നും ഫെഡറല്‍ സംവിധാനത്തിലെ വലിയ അസമത്വമാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നുണ്ട്.

സംസ്ഥാനങ്ങളുടെ വായ്പാപരിധി വെട്ടിക്കുറച്ചത് സാമ്പത്തിക ഞെരുക്കത്തിന് ഇടയാക്കിയെന്നും ഇതു സംസ്ഥാനങ്ങളുടെ ധനസ്ഥിതിയില്‍ കാര്യമായ ഇടിവുണ്ടാക്കന്നുവെന്നും വിമര്‍ശിക്കുന്നു. നഷ്ടപരിഹാരം നിര്‍ത്തലാക്കിയത്, റവന്യൂ കമ്മി ഗ്രാന്‍ഡ് കുറഞ്ഞത്, കടമെടുപ്പിലെ പരിധി നിയന്ത്രണം എന്നിവ സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിച്ചുവെന്നും ചൂണ്ടിക്കാട്ടുന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ കേരള ജനത അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞുവെന്നും വ്യക്തമാക്കുന്നു.

ഈ വര്‍ഷം മാര്‍ച്ചില്‍ സംസ്ഥാനത്തെ മാലിന്യമുക്തമാക്കുമെന്നും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലവിലെ അണക്കെട്ടിന്റെ അടിവാരത്ത് പുതിയ അണക്കെട്ട് നിര്‍മിക്കുകയെന്നത് മാത്രമാണ് പരിഹാരം എന്നാണ് കാഴ്ചപ്പാടെന്നും വിഷയത്തില്‍ തമിഴ്‌നാടുമായി രമ്യമമായ പരിഹാരത്തിന് ശ്രമിക്കുമെന്നും ഉറപ്പ് പറയുന്നു. വിഴിഞ്ഞം തുറുമുഖം ഈ വര്‍ഷം അവസാനം കമ്മീഷന്‍ ചെയ്യുമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നുണ്ട്.

അറുപത് പേജുള്ള പ്രസംഗത്തിന്റെ അവസാന ഖണ്ഡിക മാത്രമാണ് ഗവര്‍ണര്‍ വായിച്ചത്. അവസാന ഖണ്ഡികയില്‍ ''നമ്മുടെ മഹത്തായ പൈതൃകം കെട്ടിടങ്ങളിലോ സ്മാരകങ്ങളിലോ അല്ലെന്നും ഇന്ത്യന്‍ ഭരണഘടനയുടെ വിലമതിക്കാനാകാത്ത പൈതൃകത്തോട് നാം കാണിക്കുന്ന ബഹുമാനത്തിലും പരിഗണനയിലുമാണ് നിലനില്‍ക്കുന്നതെന്നും' പറയുന്ന ഭാഗമാണ് ഒരു മിനിറ്റ് 17 സെക്കന്‍ഡ് സമയമെടുത്ത് വായിച്ചത്.

നയപ്രഖ്യാപന പ്രസംഗത്തിനായി രാജ്ഭവനില്‍ നിന്ന് നിയമസഭയിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ എന്‍ ഷംസീറും ചേര്‍ന്നാണ് സ്വീകരിച്ചത്. തുടര്‍ന്ന് സഭയിലേക്ക് പ്രവേശിച്ച ഗവര്‍ണര്‍ സഭാംഗങ്ങളെ അഭിസംബോധന ചെയ്തശേഷം അവസാന ഖണ്ഡിക മാത്രം വായിക്കുന്നുവെന്ന് അറിയിച്ച് നയപ്രഖ്യാപന പ്രസംഗം രണ്ടുമിനിറ്റില്‍ താഴെ സമയത്തില്‍ അവസാനിപ്പിക്കുകയായിരുന്നു.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം