ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് ഓര്‍ഡിനന്‍സ്. ഡോക്ടര്‍മാരും ആരോഗ്യ- ആഭ്യന്തര വകുപ്പുകളും മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഓര്‍ഡിനന്‍സ് തയ്യാറാക്കിയത്.
2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയല്‍) നിയമം കൂടുതല്‍ ശക്തമാക്കും. ആശുപത്രി അക്രമണങ്ങളില്‍ ശിക്ഷ ആറ് മാസം മുതല്‍ ഏഴ് വര്‍ഷം വരെ തടവാക്കി ഉയര്‍ത്തും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ വാക്കുകള്‍ കൊണ്ടുള്ള അസഭ്യവും അധിക്ഷേപവും ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും. ഡോക്ടര്‍മാരോടൊപ്പം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കും നിയമ പരിരക്ഷ ലഭിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ പ്രത്യേക കോടതിയില്‍ ഒരു വര്‍ഷത്തിനകം വിചാരണ തീര്‍ക്കണമെന്നും വ്യവസ്ഥയുണ്ട്.
ഓര്‍ഡിനന്‍സ് സംബന്ധിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഔദ്യോഗിക ഭേദഗതിയായിത്തന്നെ സര്‍ക്കാര്‍ മാറ്റം കൊണ്ടു വരും. വാക്കുകള്‍കൊണ്ടുള്ള അധിക്ഷേപവും സൈബര്‍ ആക്രമണവും നിയമത്തിന് കീഴില്‍ കൊണ്ടുവരണമെന്ന ആവശ്യം വിവിധ സംഘടനകള്‍ മുന്നോട്ടുവച്ചിരുന്നു. ആരോഗ്യ രംഗത്തെ വിവിധ മേഖലകളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. നഴ്സിങ് കോളേജുകള്‍ ഉള്‍പ്പെടെ നിയമത്തിന്റെ പരിധിയില്‍ വരും.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സർജൻ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഓര്‍ഡിനന്‍സ് നടപടികള്‍ വേഗത്തിലാക്കിയത്.