KERALA

മന്ത്രിസഭാ പുനഃസംഘടന മുന്‍ധാരണ പ്രകാരം നടക്കും; ആര്‍ക്കും അയോഗ്യതയില്ലെന്ന് ഇ പി ജയരാജൻ

വെബ് ഡെസ്ക്

സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനാ വിഷയത്തില്‍ മുന്‍ധാരണകളില്‍ മാറ്റമുണ്ടാകില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. മന്ത്രിസഭാ പുഃനസംഘടനാ വിഷയത്തിലെ മാധ്യമ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ആയിരുന്നു എല്‍ഡിഎഫ് കണ്‍വീനറുടെ പ്രതികരണം. എന്നാല്‍ മറ്റ് വിഷയങ്ങള്‍ മാധ്യമ സൃഷ്ടിയാണെന്നും ഇ പി കുറ്റപ്പെടുത്തി.

മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള മാറ്റങ്ങള്‍ മന്ത്രിസഭയില്‍ ഉണ്ടാകും. ചെറുകക്ഷികള്‍ക്ക് രണ്ടര വര്‍ഷം മന്ത്രി സ്ഥാനം എന്നത് നേരത്തെ ധാരണയായതാണ്. തുടര്‍ചര്‍ച്ചകളിലൂടെ വിഷയത്തില്‍ അന്തിമ തീരുമാനത്തിലെത്തും. കേരള കോണ്‍ഗ്രസ് ബി നേതാവ് കെബി ഗണേഷ് കുമാറുള്‍പ്പെടെ ആര്‍ക്കും മന്ത്രി സ്ഥാനത്തേക്ക് അയോഗ്യതയില്ലെന്നും ഇ പി ജയരാജന്‍ ചൂണ്ടിക്കാട്ടി.

ഗണേശ് കുമാറിനെ ഒരു മന്ത്രിയാക്കാതിരിക്കാനുള്ള പ്രശ്‌നങ്ങളൊന്നും നിലവില്‍ ഇല്ല
ഇപി ജയരാജൻ

ഇടതുമുന്നണിയോ മുന്നണിയിലെ ഏതെങ്കിലും ഒരു പാര്‍ട്ടിയോ സിപിഎമ്മോ ആലോചിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യാത്ത ഒരു വിഷയമാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പ്രചരിക്കുന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രമാണ്. എല്‍ഡിഎഫ് മുന്നണിയിലെ എല്ലാ പാര്‍ട്ടികള്‍ക്കും അധികാരവും സ്വാതന്ത്ര്യവുമുണ്ട്. മന്ത്രിസ്ഥാനങ്ങളുടെ കാലാവധിയുടെ കാര്യത്തില്‍ തീരുമാനമായിട്ടുള്ളതാണ്. ഗണേഷ് കുമാറിനെ ഒരു മന്ത്രിയാക്കാതിരിക്കാനുള്ള പ്രശ്‌നങ്ങളൊന്നും നിലവില്‍ ഇല്ല. ഇപി ജയരാജന്‍ പറഞ്ഞു. തുടർ ചർച്ചകൾക്ക് ശേഷം തീരുമാനമറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ മുഖം മിനുക്കാന്‍ ഒരുങ്ങുന്നു എന്ന നിലയിലായിരുന്നു ഇന്ന് മാധ്യമ വാര്‍ത്തകള്‍. രണ്ടര വര്‍ഷം എന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ആദ്യ ടേമില്‍ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രിമാരായത്. രണ്ടാം ടേമില്‍ ഗണേഷ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുമെന്നായിരുന്നു പൊതു ധാരണ. ഇതിനൊപ്പം വീണാ ജോർജിന്റെ ആരോഗ്യമന്ത്രി സ്ഥാനം ഷംസീറിന് നൽകി സ്പീക്കർ സ്ഥാനം വീണാ ജോർജിന് നൽകുമെന്നും, ഗണേഷ് കുമാറിന് ഗതാഗതം സ്ഥാനം നൽകിയേക്കുമെന്നുമായിരുന്നു മന്ത്രിസഭാ പുനഃസംഘടനയെപ്പറ്റി പ്രചരിച്ചിരുന്ന വാർത്തകൾ.

മന്ത്രിസഭാ പുനഃസംഘടനാ വാര്‍ത്തകളോട് പ്രതികരിച്ച ഗതാഗതമന്ത്രി ആന്റണി രാജുവും ഇ പി ജയരാജന് സമാനമായാണ് പ്രതികരിച്ചത്. വിഷയം എല്‍ഡിഎഫ് സമയാസമയങ്ങളില്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കും. രണ്ടര വര്‍ഷത്തെ ധാരണ പുതിയ കാര്യമല്ല. മന്ത്രിസ്ഥാനം ആരുടേയും സ്ഥിര അവകാശമല്ലെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. എന്നാല്‍ ചര്‍ച്ചയിലേക്ക് കടക്കാന്‍ സമയമായിട്ടില്ലെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം