നവ കേരള സദസ്സിന്റെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും അജയ് മധു
KERALA

'എത്ര തടഞ്ഞാലും പോകേണ്ടിടത്ത് പോവുകതന്നെ ചെയ്യും'; നവകേരള സദസ് സമാപനത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

കേന്ദ്രസര്‍ക്കാര്‍ സഹായിക്കാതിരുന്നപ്പോള്‍ അവര്‍ക്കെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും തയ്യാറായില്ല.

വെബ് ഡെസ്ക്

നവകേരള സദസിന്റെ സമാപന സമ്മേളനത്തില്‍ പ്രതിപക്ഷത്തേയും കേന്ദ്രസര്‍ക്കാരിനേയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ് ആര്‍ക്കും എതിരായ പരിപാടി ആയിരുന്നില്ല. നാടിനും ജനങ്ങള്‍ക്കും വേണ്ടിയുള്ളതായിരുന്നു. സാമ്പത്തിക പ്രതിസന്ധി അനുവഭിക്കുന്ന സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കാനുള്ള വിഹിതം നല്‍കാതെ ഞെരുക്കുന്നത് ജനങ്ങളുമായി വിശദീകരിക്കാനാണ് പരിപാടി നടത്തിയത്. എന്നാല്‍, പ്രതിപക്ഷം നവകേരള സദസിനെ താറടിച്ച് കാണിക്കാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഏഴു വര്‍ഷത്തിനിടെ സംസ്ഥാനം നിരവധി വലിയ ദുരന്തങ്ങളെ അഭിമുഖീകരിച്ചു. എന്നാല്‍, ദുരന്തത്തില്‍ സഹായിക്കാന്‍ ബാധ്യതസ്ഥരായവര്‍ സഹായിച്ചില്ല. കഴിയാവുന്നത്ര ഉപദ്രവിച്ചു. നാടിന്റെ പുരോഗതി തടയുക എന്നായിരുന്നു ലക്ഷ്യം. നമുക്ക് എല്ലാത്തിനേയും അതിജിവിച്ചേ മതിയാകുവായിരുന്നു. അതുകൊണ്ട് ജനങ്ങളാകെ സര്‍ക്കാരിനൊപ്പം നിന്നു. ഒരുമയോടെ നീങ്ങുന്ന നാട് എല്ലാ പ്രശ്‌നങ്ങളും അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ നമ്മളെ സഹായിക്കാതിരുന്നപ്പോള്‍ അവര്‍ക്കെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും തയാറായില്ല. കേന്ദ്രത്തെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സാമ്പത്തികമായി ഞെരുക്കുന്ന അവസ്ഥ ജനങ്ങളോട് തുറന്നു പറയാനാണ് ഈ പരിപാടി. കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് ഏഴ് വര്‍ഷം കൊണ്ട് കിട്ടേണ്ട പണത്തില്‍ 1,7,5000 കോടിയില്‍പരം രൂപയുടെ കുറവാണ് വന്നത്. എങ്ങനെ നാടിന് മുന്നോട്ടുപോകാനാകും? ഇക്കാര്യത്തില്‍ ഒരുമിച്ച് നില്‍ക്കണ്ടേ? ഇത് തുറന്നുപറയുകയായിരുന്നു നവകേരള സദസിന്റെ പ്രധാന ക്ഷ്യം. എന്നാല്‍ നവകേരള സദസ് പ്രതിപ്രക്ഷം ബഹിഷ്‌കരിച്ചു.

നാം തമ്മില്‍ തര്‍ക്കിച്ച് നില്‍ക്കേണ്ട സമയമല്ലെന്ന് പ്രതിപക്ഷത്തോട് അഭ്യര്‍ത്ഥിച്ചു. പ്രത്യേക പ്രശ്‌നങ്ങളില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍, നിങ്ങളുമായി ഒരു യോജിപ്പിനും ഞങ്ങളില്ല എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. കേന്ദ്രത്തെ വിമര്‍ശിക്കാതെ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. രാജ്യത്തിന് തന്നെ മുതല്‍ക്കൂട്ടാകുന്ന പദ്ധതികളില്‍ കേന്ദ്രം കൂടെനില്‍ക്കുകയല്ലേ വേണ്ടത്. വികസന കാര്യങ്ങള്‍ക്ക് കയ്യില്‍ പണം വേണ്ടേ. ഒന്നും നടക്കരുത് എന്നാഗ്രഹിക്കുന്നവര്‍ വലിയതോതിലുള്ള തടസം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.

എല്‍ഡിഎഫിന് വേണ്ടിയാണോ ഇതെല്ലാം. കാര്യങ്ങള്‍ ശരിയായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതിന്റെ കൂടെനില്‍ക്കാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും പറ്റുന്നില്ല. ഇതിനെയാകെ ബഹളമയമാക്കാനും കലാപ കലുഷിതമാക്കാനും പറ്റുമോ എന്നാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ഒരുശക്തിക്കും ജനങ്ങളെ പിന്തിരിപ്പിക്കാനാകില്ല. ജനങ്ങള്‍ ഉണര്‍ന്നു കഴിഞ്ഞു. വലിയ ആവേശത്തോട ജനങ്ങള്‍ ഈ പരിപാടിയില്‍ പങ്കെടുക്കാനെത്തിയെന്നും അദ്ദേഹം പറഞ്ഞു.

അതിനിടക്കാണ് പരിപാടിയെ ആക്രമിക്കാന്‍ വന്നത്. ആദ്യ കരിങ്കൊടി വന്നപ്പോള്‍ തന്നെ പ്രകോപിതരാവരുത് സംയമനം പാലിക്കണം എന്ന് ഞങ്ങള്‍ പറഞ്ഞു. അതിശയകരമായ സംയമനമാണ് ജനങ്ങള്‍ കാണിച്ചത്. ഞങ്ങള്‍ 'സംയമനം സംയമനം സംയമനം' എനനു പറയുമ്പള്‍ 'അടിക്കും അടിക്കും അടിക്കും' എന്നാണ് അവര്‍ പറയുന്നത്. അങ്ങനെ ഇതിന് മുന്‍പ് ഏതെങ്കിലും രാഷ്ട്രീയ നതാവ് പറഞ്ഞിട്ടുണ്ടോ? ബസിനു മുന്നില്‍ ചാടിയ രണ്ടുപേരെ അവിടെ കൂടിനിന്നവര്‍ തള്ളിമാറ്റി. ആ പ്രവര്‍ത്തിയെ അവരുടെ ജീവന്‍ രക്ഷിക്കുന്ന പ്രവര്‍ത്തനമാണെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ നിങ്ങള്‍ക്കെന്താ കാര്യമെന്നാണ് കെപിസിസി അധ്യക്ഷന്‍ ചോദിച്ചത്. എത്ര തടയാന്‍ ശ്രമിച്ചാലും പോകേണ്ടിടത്ത് പോവുകതന്നെ ചെയ്യും- അദ്ദേഹം പറഞ്ഞു.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം