KERALA

സിഎംഡിആർഎഫ് തട്ടിപ്പ്: പ്രതിപക്ഷത്തെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ സിപിഎം, ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ താക്കീത്

വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ ലാഭം ഉണ്ടാക്കാമെന്ന ചിന്ത ഒരു ന്യൂനവിഭാഗത്തിനുണ്ടെന്ന് മുഖ്യമന്ത്രി

വെബ് ഡെസ്ക്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഗുണഫലങ്ങള്‍ അനര്‍ഹര്‍ തട്ടിയെടുത്തു എന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെ രാഷ്ട്രീയ വിവാദം കനക്കുന്നു. തട്ടിപ്പ് സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ സര്‍ക്കാറിനെതിരെ ആക്ഷേപം ഉയരുമ്പോള്‍ വിഷയം പ്രതിപക്ഷത്തിന് നേര്‍ക്ക് തിരിക്കുകയാണ് സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് ഇതിന് തുടക്കമിട്ടത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കള്‍ക്ക് എതിരെയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി ആരോപണങ്ങള്‍ ഉന്നയിച്ചത്. മുന്‍ ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശ്, പ്രതിപക്ഷ നേതാവ് അടക്കമുള്ള പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് പുതിയ വിവരങ്ങളെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണം ഉപയോഗിച്ച് പണം തട്ടിയെടുക്കുന്നത് സിപിഎം ആന്നെന്നാണ് മാധ്യമങ്ങൾ തുടക്കത്തിൽ പറഞ്ഞിരുന്നതെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞു. എന്നാൽ കൂടുതൽ തെളിവുകൾ പുറത്തുവരുമ്പോൾ അടൂർ പ്രകാശ് ഉൾപ്പെടെയുള്ളവരുടെ പങ്കുകൾ പുറത്തുവരുന്നുണ്ടെന്നും ഇനിയും അതുപോലെ പലരുടെയും പേരുകൾ വെളിപ്പെടും. എന്നാൽ അതൊന്നും മാധ്യമങ്ങൾക്ക് ഒരു വാർത്തയല്ല. ഇനിയും പല പേരുകളും പുറത്തു വരും. അന്വേഷണം നടക്കട്ടെയെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ആളുകളെയും കണ്ടെത്തുമെന്നും തെറ്റായ രീതി തുടർന്ന് പോകാനാകില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

അതിനിടെ, വിഷയത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ഉദ്യോഗസ്ഥര്‍ക്ക് താക്കീതുമായി രംഗത്ത് എത്തിയ മുഖ്യമന്ത്രി വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ ലാഭം ഉണ്ടാക്കാമെന്ന ചിന്ത ഒരു ന്യൂനവിഭാഗത്തിനുണ്ടെന്നും വ്യക്തമാക്കി. ഭൂരിപക്ഷം ജീവനക്കാരും അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുന്നു. ചുരുക്കം ചിലര്‍ക്ക് ലാഭചിന്തകളുണ്ട്. ഓഫീസിനും വകുപ്പിനും സംസ്ഥാനത്തിനും കളങ്കം ഉണ്ടാക്കുന്ന ഇത്തരക്കാരെ ചുമക്കേണ്ട ബാധ്യത സര്‍ക്കാരിനില്ല. സുസ്ഥിരവികസനവുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പും എല്ലാ ഉദ്യോഗസ്ഥരും പങ്കുവഹിക്കണം ആര്‍ക്കും മാറിനില്‍ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വലിയ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇതിൽ തുടർ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി വിജിലൻസിന് നിർദേശം നൽകിയിട്ടുമുണ്ട്. ദുരിതാശ്വാസ നിധിയിൽ നിന്ന് അനർഹർ സഹായം തട്ടുന്നതായി പരാതികൾ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് അന്വേഷിക്കാൻ ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി വ്യാഴാഴ്ച പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞിരുന്നു.

ഓപ്പറേഷൻ സിഎംഡിആർഎഫ്' എന്ന പേരിൽ വിജിലൻസ് നടത്തിയ പരിശോധനയില്‍ എല്ലാ ജില്ലകളിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഒരു ജില്ലയിൽ മുന്നൂറിൽ അധികം അപേക്ഷകളാണ് ആദ്യഘട്ടത്തിൽ പരിശോധിച്ചത്. അർഹരായ അപേക്ഷകരെ ഉപയോഗിച്ച് ഇടനിലക്കാർ ധനസഹായത്തിന് അപേക്ഷ സമർപ്പിക്കുകയും, അപേക്ഷ നൽകുന്ന വ്യക്തിയുടെ പേരിനൊപ്പം ഇടനിലക്കാരുടെ ഫോൺ നമ്പർ നൽകി തട്ടിപ്പ് നടത്തിയെന്നും വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. ഒരേ ഡോക്ടർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഉപയോഗിച്ചും വ്യാപക ക്രമക്കേട് നടത്തിയെന്നും അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. ഇതേ തുടർന്ന് കൂടുതൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ