കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാവും യുഡിഎഫ് സെക്രട്ടറിയുമായ ജോണി നെല്ലൂർ ബിജെപി മുന്നണിയിലേക്കെന്ന് സൂചന. കേരള കോൺഗ്രസിൽ നിന്ന് രാജിവച്ച ജോണി നെല്ലൂർ യുഡിഎഫ് സെക്രട്ടറി സ്ഥാനവും വിട്ടു. ഈ മാസം 22ന് പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നാണ് സൂചന. വിവിധ ക്രൈസ്തവ സഭകളുടെ പിന്തുണയോടെയാണ് ജോണി നെല്ലൂർ പുതിയ പാർട്ടി രൂപീകരിക്കുന്നത്.
നാഷണല്‍ പ്രോഗ്രസീവ് പാർട്ടിയെന്നാണ് പുതിയ സംഘടനയുടെ പേര്. ബിജെപിയോട് അനുകൂല നിലപാട് സ്വീകരിക്കുന്ന ജോയ് എബ്രഹാമും ഉടുമ്പന്‍ചോല മുൻ എംഎൽഎ മാത്യു സ്റ്റീഫനും പുതിയ പാർട്ടിയുടെ ഭാഗമാകും.
ഈഴവ സമുദായത്തെ ആകർഷിക്കാൻ ബിഡിജെഎസ് രൂപീകരിച്ച് എൻഡിഎ ഘടകകക്ഷിയായതിന് സമാനമായ ഒരു രാഷ്ട്രീയ നീക്കമായാണ് നെല്ലൂരിന്റെ നീക്കത്തെയും വിലയിരുത്തുന്നത്
പാര്‍ട്ടിയിൽ നിന്നുള്ള രാജി ചെയര്‍മാന്‍ പിജെ ജോസഫിനും യുഡിഎഫില്‍ നിന്നുള്ള രാജി യുഡിഎഫ് ചെയര്‍മാന്‍ വി ഡി സതീശനും നല്‍കിയിട്ടുണ്ടെന്ന് ജോണി നെല്ലൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും യുഡിഎഫ് ചെയർമാൻമാരായിരുന്ന കാലങ്ങളിലാണ് തന്നെ യുഡിഎഫ് സെക്രട്ടറിയാക്കുന്നത്. അവരുടെ കാലഘട്ടത്തില്‍ ഘടക കക്ഷികള്‍ക്ക് കൊടുത്തിരുന്ന പരിഗണനയും സഹകരണവും ഈ നേതൃത്വത്തില്‍ നിന്ന് ലഭിക്കുന്നില്ലെന്ന് ജോണി നെല്ലൂർ പറഞ്ഞു. നിലവിലുള്ള ഒരു പാര്‍ട്ടിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ല. ക്രൈസ്തവ പാര്‍ട്ടിയാകില്ല, മതേതര പ്രസ്ഥാനമായിരിക്കും. ദേശീയ പ്രധാന്യമുള്ള പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും ജോണി നെല്ലൂര്‍ കൂട്ടിച്ചേർത്തു.
കേരളത്തില്‍ കാർഷിക മേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നത്, പ്രത്യേകിച്ച് റബ്ബര്‍ മേഖല നേരിടുന്ന പ്രതിസന്ധി. അതിനാല്‍ റബ്ബറിന്റെ താങ്ങുവില 300 രൂപയെങ്കിലും ആക്കണം. കർഷകരുടെ പ്രതിസന്ധികള്‍ ഉയര്‍ത്തിക്കാട്ടുന്ന നിലപാട് സ്വീകരിക്കുമെന്നും നെല്ലൂർ പറഞ്ഞു.
ഓപ്പറേഷൻ താമരയുടെ ഭാഗമായി ബിജെപി കേന്ദ്രനേതൃത്വം മുൻകയ്യെടുത്താണ് ജോണി നെല്ലൂരിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപീകരിച്ച് ക്രിസ്ത്യൻ വിഭാഗത്തെ ബിജെപിയിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്നത്.കേരളകോൺഗ്രസ് മാതൃകയിൽ തന്നെ മലയോര ക്രൈസ്തവ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിടുന്നതാവും പുതിയ പാർട്ടിയും.
കേരളകോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ ചെയർമാനുമായിരുന്ന വിക്ടർ ടി.തോമസ് കഴിഞ്ഞദിവസം പാർട്ടി വിട്ടിരുന്നു. വിക്ടർ ബിജെപിയില്‍ ചേരുമെന്നായിരുന്നു സൂചനകള്‍.
മുന്‍ എംപിയും പത്തനംതിട്ട ഡിസിസി മുൻ പ്രസിഡന്റുമായ ബാബു ജോർജും ഇന്ന് കോൺഗ്രസിൽ നിന്ന് രാജിവച്ചു. ബാബു ജോർജും വിക്ടറുമെല്ലാം വരും ദിവസങ്ങളിൽ നെല്ലൂരുമായി കൈകോർക്കാനുള്ള സാധ്യതയാണ് കാണുന്നത്.
ക്രൈസ്തവ വിഭാഗവുമായി അടുക്കാൻ നിരന്തര ശ്രമങ്ങൾ അടുത്തകാലത്തായി ബിജെപി നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ട്.കേന്ദ്ര ന്യൂനപക്ഷമന്ത്രി നേരിട്ടെത്തി കർദിനാൾ മാർ ആലഞ്ചേരിയെ കണ്ടിരുന്നു. ഈസ്റ്റർ ദിനത്തിൽ പ്രാധാനമന്ത്രി ക്രൈസ്തവ ദേവാലയം സന്ദർശിച്ചതടക്കമുള്ള കാര്യങ്ങളെ ഈ രാഷ്ട്രീയ നീക്കവുമായി ചേർത്തുവായിക്കണം.
സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അടക്കമുള്ളവർ നരേന്ദ്രമോദിയെ പ്രകീർത്തിച്ചു നടത്തിയ പരാമർശങ്ങളും അതിന് പിന്നാലെ മതമേലധ്യക്ഷൻമാരുമായി ബിജെപി നേതാക്കൾ നടത്തിയ കൂടിക്കാഴ്ചകളും ബിജെപിയ്ക്ക് അനുകൂലമായി പുതിയ ഒരു രാഷ്ട്രീയ കാലാവസ്ഥ സംസ്ഥാനത്ത് രൂപപ്പെടുന്നതിന്റെ സൂചനയായാണ് കണക്കാക്കുന്നത്. മതമേലധ്യക്ഷൻമാരുടെ ആശീർവാദത്തോടെയാണ് ജോണി നെല്ലൂർ പുതിയ പാർട്ടി രൂപീകരിക്കുന്നതെന്നാണ് സൂചന.